2024ൽ ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി. നവംബറിൽ ആരംഭിക്കുന്ന പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാണ് അടങ്ങിയിരിക്കുന്നത്. കുറച്ചധികം വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ 5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുന്നത്.
അതിനാൽ തന്നെ ഓസ്ട്രേലിയയെ സംബന്ധിച്ച് വരാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി ആഷസ് പരമ്പരയ്ക്ക് തുല്യമാണ് എന്ന് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് പറയുകയുണ്ടായി. ഇത്തവണ തങ്ങൾ ബോർഡർ- ഗവാസ്കർ ട്രോഫി തൂത്തുവാരും എന്നാണ് മിച്ചൽ സ്റ്റാർക്ക് പറഞ്ഞത്.
“ബോർഡർ-ഗവാസ്കർ ട്രോഫി 5 ടെസ്റ്റ് മത്സരങ്ങളായി മാറുന്നതോടെ ഇത് ഞങ്ങളെ സംബന്ധിച്ച് ആഷസ് പരമ്പരയ്ക്ക് തുല്യമായിരിക്കുകയാണ്.”- മിച്ചൽ സ്റ്റാർക്ക് പറയുകയുണ്ടായി. 2014-15 മുതൽ ബോർഡർ- ഗവാസ്കർ ട്രോഫി സ്വന്തമാക്കാൻ ഓസ്ട്രേലിയൻ ടീമിന് സാധിച്ചിട്ടില്ല. 2018- 19ലും 2020- 21ലും ചരിത്ര വിജയങ്ങൾ നേടി ഇന്ത്യ ഓസ്ട്രേലിയയെ ഞെട്ടിക്കുകയുണ്ടായി. തുടർച്ചയായി 4 പരമ്പരകൾ സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ഇതിന് ശേഷം ഒരു വമ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യയെ തങ്ങളുടെ മണ്ണിൽ മുട്ടുകുത്തിക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ഇതിനുള്ള തയ്യാറെടുപ്പുകൾ ഓസ്ട്രേലിയ ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ തങ്ങളുടെ പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മിച്ചൽ സ്റ്റാർക്ക്.
“ഞങ്ങളുടേതായ തട്ടകത്തിലെ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കാനാണ് ഞങ്ങൾ എല്ലായിപ്പോഴും ആഗ്രഹിക്കുന്നത്. ഇന്ത്യ വളരെ ശക്തമായ ഒരു ടീമാണ് എന്ന പൂർണ ബോധ്യം ഞങ്ങൾക്കുണ്ട്. ആരാധകരെ സംബന്ധിച്ചും കളിക്കാരെ സംബന്ധിച്ചും ഒരുപാട് ആവേശം നൽകുന്ന പരമ്പരയാണ് വരാനിരിക്കുന്നത്. അടുത്ത വർഷം ജനുവരി എട്ടിന് ഞങ്ങൾ ഇവിടെയെത്തുമ്പോൾ ആ ട്രോഫി ഞങ്ങളുടെ കയ്യിൽ തിരിച്ചെത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- മിച്ചൽ സ്റ്റാർക്ക് പറയുകയുണ്ടായി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. രണ്ടാം സംസ്ഥാനത്താണ് ഓസ്ട്രേലിയ.
ഇതോടൊപ്പം ക്രിക്കറ്റ് കരിയറിലെ തന്റെ ഭാവിയെപ്പറ്റിയും മിച്ചൽ സ്റ്റാർക്ക് സംസാരിക്കുകയുണ്ടായി. “എന്റെ ക്രിക്കറ്റ് കരിയറിന്റെ ദൈർഘ്യം വർദ്ധിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞാൻ കുറയ്ക്കുകയാണ് ചെയ്യുന്നത്. എപ്പോഴൊക്കെ ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്പ് ധരിച്ചാലും അത് വളരെ പ്രത്യേകത ഉള്ളതായി തോന്നാറുണ്ട്. ഈ വേനൽക്കാലത്ത് 5 മത്സരങ്ങളിലും വിജയം സ്വന്തമാക്കി പരമ്പര നേടാൻ സാധിക്കും എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു.”- മിച്ചൽ സ്റ്റാർക്ക് കൂട്ടിച്ചേർത്തു.