ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരം ആരംഭിക്കാൻ കേവലം മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ശക്തമായ പ്രസ്താവനയുമായി മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരത്തിൽ മുൻതൂക്കം ഇന്ത്യൻ ടീമിനാണ് എന്ന് ഷാഹിദ് അഫ്രീദി പറയുകയുണ്ടായി. കാരണം ഇന്ത്യൻ ടീമിൽ ഒരുപാട് മാച്ച് വിന്നർമാർ ഉണ്ടെന്നാണ് അഫ്രീദി പറയുന്നത്. ഓരോ താരത്തിനും ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് അഫ്രീദി പറയുന്നു. എന്നാൽ പാക്കിസ്ഥാന് ഇത്രയധികം മാച്ച് വിന്നർമാരില്ല എന്നാണ് അഫ്രീദിയുടെ നിഗമനം.
“നമ്മൾ മാച്ച്വിന്നർമാരെ പറ്റി പറയുകയാണെങ്കിൽ പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്കാണ് കൂടുതൽ മാച്ച് വിന്നർമാരുള്ളത്. ഇത്തരം താരങ്ങളെ നമുക്ക് ചെറുതായി കാണാൻ സാധിക്കില്ല. ഇത്തരം താരങ്ങൾക്ക് ഒറ്റയ്ക്ക് ഒരു ടീമിനെ വിജയത്തിൽ എത്തിക്കാൻ അനായാസം സാധിക്കും. നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ ടീമിന് ഇത്തരത്തിലുള്ള താരങ്ങളുണ്ട് എന്ന് ഞാൻ കരുതുന്നില്ല.”- അഫ്രീദി ജിയോ ഹോട്ട്സ്റ്റാറിൽ ഒരു ഷോയിൽ പങ്കെടുക്കുന്ന സമയത്ത് പറയുകയുണ്ടായി.
“ബാറ്റിംഗിൽ ഇന്ത്യയുടെ കരുത്ത് നിൽക്കുന്നത് മധ്യനിരയിലും വാലറ്റ ബാറ്റർമാരിലുമാണ്. അവിടെയാണ് അവർക്ക് ഒരുപാട് മികച്ച താരങ്ങളുള്ളത്. അതേസമയം പാക്കിസ്ഥാൻ ക്രിക്കറ്റ് ഇത്തരത്തിലുള്ള താരങ്ങൾക്ക് വളർന്നു വരാനുള്ള എല്ലാ അവസരവും നൽകിയിട്ടുണ്ട്. പക്ഷേ ആർക്കും തന്നെ സ്ഥിരതയോടെ കളിക്കാൻ സാധിച്ചിട്ടില്ല. ചില താരങ്ങൾ ചില മത്സരങ്ങളിൽ നല്ല പ്രകടനങ്ങൾ കാഴ്ചവച്ചു. പക്ഷേ ഒന്നോ രണ്ടോ വർഷങ്ങളിൽ 50- 60 മത്സരങ്ങളിൽ ഇത്തരത്തിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്ന താരങ്ങൾ പാകിസ്ഥാനില്ല. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇതാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോരായ്മ. എന്നാൽ കൂട്ടായ പരിശ്രമം നടത്തിയാൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയം സ്വന്തമാക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ബാറ്റർമാരും ബോളർമാരും സ്പിന്നർമാരും ഒരുപോലെ നിന്ന് ഒരേപോലെ സംഭാവനകൾ നൽകുക എന്നത് നിർണായക കാര്യമാണ്.”- അഫ്രീദി കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ 60 റൺസിന്റെ കൂറ്റൻ പരാജയമായിരുന്നു പാക്കിസ്ഥാന് നേരിടേണ്ടിവന്നത്. മാത്രമല്ല മത്സരത്തിൽ പാക്കിസ്ഥാന്റെ പ്രധാന ബാറ്റർമാരിൽ ഒരാളായ ഫക്കർ സമന് പരിക്കേൽക്കുകയും ഉണ്ടായി. ശേഷം സമൻ ഈ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ല എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. നായകൻ എന്ന നിലയിൽ റിസ്വാന്റെ പ്രകടനവും പാകിസ്താന്റെ വരും മത്സരങ്ങളിൽ നിർണായകമാകുമെന്നും അഫ്രീദി പറയുകയുണ്ടായി. എല്ലാതരം വിമർശനങ്ങളെയും അതിജീവിച്ച് പോരാട്ടം നയിക്കാൻ റിസ്‌വാന് സാധിക്കണം എന്നാണ് അഫ്രീദി പറഞ്ഞു വയ്ക്കുന്നത്.