ഇന്ത്യയോ ഓസീസോ? ബോർഡർ- ഗവാസ്കർ ട്രോഫി ആര് നേടും? പ്രവചനവുമായി ബ്രാഡ് ഹോഗ്.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമായ പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ നടക്കുന്നത്. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ കളിക്കുന്നത്. ഈ പരമ്പരയിൽ ആര് വിജയികളാവും എന്ന് പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. പരമ്പരയിൽ ഓസ്ട്രേലിയ ഒരു തകർപ്പൻ വിജയം സ്വന്തമാക്കും എന്നാണ് ഹോഗ് പറഞ്ഞിരിക്കുന്നത്.

ഇന്ത്യയെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കാൻ ഇത്തവണ ഓസ്ട്രേലിയയ്ക്ക് സാധിക്കുമെന്ന് ഹോഗ് വിശ്വസിക്കുന്നു. കഴിഞ്ഞ 2 ബോർഡർ- ഗവാസ്കർ ട്രോഫി ടൂർണമെന്റിലും തങ്ങളുടെ മണ്ണിൽ ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ശേഷമാണ് ഇപ്പോൾ ഹോഗിന്റെ പ്രവചനം.

“ഇത്തവണ നടക്കാൻ പോകുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ ഓസ്ട്രേലിയക്കൊപ്പം നിൽക്കണം എന്നാണ് എനിക്ക് തോന്നുന്നത്. പരമ്പര 3- 2 എന്ന നിലയിൽ ഓസ്ട്രേലിയ സ്വന്തമാക്കും. ഇത്തവണത്തെ പരമ്പര നടക്കുന്നത് പെർത്ത്, ബ്രിസ്ബേയ്ൻ, അഡ്ലേയ്ഡ് എന്നീ മൈതാനങ്ങളിലാണ്. അവിടെ ഓസ്ട്രേലിയ കളിക്കാറുണ്ട്. മാത്രമല്ല നിലവിൽ ഓസ്ട്രേലിയയ്ക്ക് ഒരു വമ്പൻ പേസ് നിരയുണ്ട്. അവരുടെ അനുഭവ സമ്പത്തും നാട്ടിലെ അന്തരീക്ഷവുമൊക്കെ ടീമിന് കൂടുതൽ ഗുണം ചെയ്യും.”- ബ്രാഡ് ഹോഗ് പറയുന്നു.

“വളരെ പരിചയസമ്പന്നതയുള്ള പേസ് നിരയാണ് ഓസ്ട്രേലിയയ്ക്കുള്ളത്. അത് ഓസ്ട്രേലിയൻ ടീമിന് പരമ്പരയിൽ മേൽക്കൈ നൽകുന്നു. പെർത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിനായി കളിക്കുമെന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത്. കാരണം ആദ്യ ഇന്നിങ്സിൽ മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. പെർത്തിലെ വിക്കറ്റ് പുല്ല് നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ആദ്യ സമയങ്ങളിൽ ജഡേജയ്ക്ക് പന്ത് സ്കിഡ് ചെയ്യാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- ഹോഗ് കൂട്ടിച്ചേർക്കുകയുണ്ടായി.

“പക്ഷേ പേർത്തിലെ വിക്കറ്റ് സവിശേഷകരമാണ്. കൂടുതൽ പഴക്കം ചെല്ലുമ്പോൾ പന്ത് ടേൺ ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അശ്വിനും ഇവിടെ സഹായം ലഭിക്കും. ഈ സാഹചര്യത്തിൽ ഇന്ത്യ 2 സ്പിന്നർമാരെയും തങ്ങളുടെ ടീമിൽ കളിപ്പിക്കാൻ തയ്യാറാവണം. ടെസ്റ്റ് മത്സരത്തിന്റെ വ്യത്യസ്ത ദിനങ്ങളിൽ അശ്വിനും ജഡേജയും ഇന്ത്യൻ ടീമിന് മുതൽക്കൂട്ടായി മാറും എന്നാണ് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.”- ഹോഗ് പറഞ്ഞുവെക്കുന്നു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0 എന്ന നിലയിൽ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയെ സംബന്ധിച്ച് തിരിച്ചുവരവിനുള്ള വലിയ അവസരമാണ് ബോർഡർ- ഗവാസ്കർ ട്രോഫി. എന്നാൽ പ്രധാന താരങ്ങൾക്കേറ്റ പരിക്ക് ഇന്ത്യയെ വലയ്ക്കുന്നുണ്ട്.

Previous article“രാജസ്ഥാൻ റോയൽസിലും സഞ്ജു ഓപ്പണറായി കളിക്കണം”. അമ്പട്ടി റായുഡു തുറന്ന് പറയുന്നു.
Next articleക്രീസിൽ വീണ് കിടന്ന് പന്തിന്റെ സ്‌കൂപ് സിക്സ്. അത്ഭുത സിക്സിൽ അന്തംവിട്ട് കമ്മിൻസ്.