ഇന്ത്യയുടെ ബോളർമാർക്ക് മാത്രം വ്യത്യസ്ത പന്ത് നൽകുന്നു. അതുകൊണ്ട് അവർ വിക്കറ്റുകൾ നേടുന്നു – മുൻ പാക് താരത്തിന്റെ വിമർശനം.

2023 ഏകദിന ലോകകപ്പിൽ ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ലോകകപ്പിൽ 7 മത്സരങ്ങൾ കളിച്ച ഇന്ത്യ 7 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നാലെ ഒരു വ്യത്യസ്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ താരം ഹസ്സൻ റാസ. ഇന്ത്യ പന്തെറിയാൻ വരുമ്പോൾ ബിസിസിഐയോ ഐസിസിയോ പന്ത് മാറ്റാറുണ്ടെന്നും ഇന്ത്യയെ സഹായിക്കാറുണ്ടെന്നുമുള്ള വിചിത്ര ആരോപണമാണ് ഹസൻ റാസ മുൻപിലേക്ക് വെച്ചിരിക്കുന്നത്. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ 302 റൺസിന്റെ കൂറ്റൻ വിജയത്തിന് ശേഷമാണ് ഈ വിവാദ ആരോപണവുമായി ഹസൻ റാസ രംഗത്ത് എത്തിയിരിക്കുന്നത്.

ഒരു ടിവി ഷോയിൽ സംസാരിക്കുകയായിരുന്നു ഹസൻ റാസ. ഷോയിലെ അവതാരകന്റെ ചോദ്യം ഇതായിരുന്നു. “ഈ ലോകകപ്പിൽ ഇന്ത്യൻ ബോളർമാർ എറിയുന്നത് വ്യത്യസ്തമായ ബോളാവാൻ സാധ്യതയുണ്ടോ? എന്തെന്നാൽ ഇന്ത്യൻ ബോളർമാർക്ക് മത്സരങ്ങളിൽ വലിയ രീതിയിലുള്ള സഹായം പിച്ചിൽ നിന്നും മറ്റും ലഭിക്കുന്നുണ്ട്. ഇന്ത്യൻ ബോളർമാർ പന്തറിയുമ്പോൾ നല്ല സീമും സിങ്ങും ലഭിക്കുന്നു.”- അവതാരകന്റെ ഈ ചോദ്യത്തിനാണ് ഹസൻ റാസ വിവാദപരമായ മറുപടി നൽകിയിരിക്കുന്നത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പന്തല്ല അതിനുശേഷം ഉപയോഗിക്കുന്നതെന്നും ഇന്ത്യയെ ഐസിസിയോ ബിസിസിഐയോ അമ്പയറോ സഹായിക്കുന്നുണ്ടെന്നുമാണ് ഹസൻ റാസ പറഞ്ഞത്. ഇന്ത്യയ്ക്കായി വ്യത്യസ്തമായ പന്തുകളാണ് ലോകകപ്പിൽ ഉപയോഗിക്കുന്നത് എന്ന് ഹസൻ റാസ പറയുന്നു.

“പലപ്പോഴും ഇന്ത്യ ബാറ്റ് ചെയ്യുന്ന സമയത്ത് പന്ത് സാധാരണ രീതിയിലാണ് മൈതാനത്ത് പെരുമാറാറുള്ളത്. പക്ഷേ അവരുടെ ബോളിംഗ് സമയത്ത് പന്ത് കൂടുതലായി സിംഗ് ചെയ്യുന്നതും സീം ചെയ്യുന്നതും നമുക്ക് കാണാൻ സാധിക്കും. മാത്രമല്ല ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ ചില തീരുമാനങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നുണ്ട്. നിലവിൽ ഐസിസിയോ ബിസിസിഐയോ അമ്പയറോ ഇന്ത്യയെ സഹായിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഇന്ത്യ ബോൾ ചെയ്യുന്ന സമയത്ത് പന്ത് എക്സ്ട്രാ കോട്ടിംഗ് ഉള്ളതുപോലെയാണ് കാണപ്പെടുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് കഴിയുമ്പോൾ പന്ത് മാറ്റുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.”- ഹസൻ പറഞ്ഞു.

റാസയുടെ ഈ പ്രതികരണത്തിനു ശേഷം വലിയ രീതിയിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിച്ചിരിക്കുന്നത്. ഇത്തരം ബാലിശമായ കാര്യങ്ങൾ റാസയെപ്പോലൊരു ക്രിക്കറ്റർ സംസാരിക്കാൻ പാടില്ല എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകർ പറയുന്നത്. ഇന്ത്യ തുടർച്ചയായി മത്സരങ്ങൾ വിജയിച്ച് സെമി ഫൈനലിൽ സ്ഥാനം കണ്ടെത്തിയതിന്റെ അസൂയയാണ് റാസ പ്രകടിപ്പിക്കുന്നതേന്നും ചില ആരാധകർ പ്രതികരിക്കുകയുണ്ടായി. എന്നാൽ റാസയുടെ ഈ പ്രതികരണത്തെ അനുകൂലിച്ച് മറ്റൊരു താരങ്ങളും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

Previous articleഒരത്ഭുതവും ഉണ്ടാവില്ല, ഈ 4 ടീമുകൾ സെമിയിലെത്തും. ദിനേശ് കാർത്തിക്കിന്റെ പ്രവചനം ഇങ്ങനെ.
Next article2011 ലോകകപ്പ് ആവർത്തിക്കുകയാണ്. ഇന്ത്യ ഫേവറൈറ്റുകളായി കുതിയ്ക്കുന്നുവെന്ന് ഡിവില്ലിയേഴ്‌സ്.