2025 ചാമ്പ്യൻസ് ട്രോഫിയിൽ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യയുടെ സ്പിന്നർ വരുൺ ചക്രവർത്തി കാഴ്ചവെച്ചത്. ടൂർണമെന്റിൽ തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചു.
പക്ഷേ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങൾ നേരിട്ട ഒരു കാലത്തെപ്പറ്റി വരുൺ ചക്രവർത്തി ഇപ്പോൾ തുറന്നു പറയുകയാണ്. 2021ലെ ട്വന്റി20 ലോകകപ്പിൽ വളരെ മോശം പ്രകടനമായിരുന്നു വരുൺ ചക്രവർത്തി കാഴ്ചവച്ചത്. ഇതിന് ശേഷം ഫോൺ കോളിലൂടെയും മറ്റുമായി തനിക്ക് ലഭിച്ച ഭീഷണികളെ പറ്റിയാണ് വരുൺ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മണ്ണിലേക്ക് മടങ്ങി വരരുതെന്ന് ഒരുകൂട്ടം ആളുകൾ അന്ന് തനിക്ക് സന്ദേശമയച്ചു എന്ന് വരുൺ പറയുന്നു.
തന്നെ ചെന്നൈയിലെ വീട്ടിലേക്ക് വരുന്ന വഴി ഒരുപാട് ആളുകൾ അന്ന് പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നും വരുൺ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. അന്നത്തെ ട്വന്റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്താക്കപ്പെട്ടതോടെ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു എന്ന തോന്നൽ തനിക്കുണ്ടായി എന്ന് വരുൺ പറയുന്നു. 2021ൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ആയിരുന്നു വരുൺ ചക്രവർത്തി ഇന്ത്യൻ ടീമിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച ശേഷമായിരുന്നു വരുണിന്റെ ദേശീയ ടീമിലേക്കുള്ള എൻട്രി. ശേഷമാണ് 2021 ലോകകപ്പിൽ കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. പക്ഷേ പ്രസ്തുത ലോകകപ്പിൽ താരം പൂർണമായി പരാജയപ്പെടുകയായിരുന്നു.

2021 ലോകകപ്പിൽ 3 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച വരുൺ ചക്രവർത്തിയ്ക്ക് ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. ഇതിനെപ്പറ്റി വരുൺ സംസാരിച്ചു. “എന്നെ സംബന്ധിച്ച് അതൊരു മോശം കാലം തന്നെയായിരുന്നു. ഒരുപാട് പ്രതീക്ഷകൾ മുന്നിൽ കണ്ടാണ് ഞാൻ ലോകകപ്പ് ടീമിലേക്ക് എത്തിയത്. പക്ഷേ യാതൊരു തരത്തിലും ടീമിന്റെ വിശ്വാസതയോട് നീതിപുലർത്താൻ എനിക്ക് സാധിച്ചില്ല. ആ ടൂർണമെന്റിൽ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ സാധിക്കാതെ വന്നതിൽ എനിക്ക് വലിയ വിഷമമുണ്ടായി. ശേഷം 3 വർഷത്തേക്ക് എനിക്ക് ദേശീയ ടീമിൽ ഇടം ലഭിച്ചതുമില്ല. പിന്നീട് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.”- വരുൺ പറഞ്ഞു.
“ആ ലോകകപ്പിന് ശേഷം ഞാൻ എന്റെ പല കാര്യങ്ങളിലും മാറ്റം വരുത്തി. പരിശീലനങ്ങൾ വ്യത്യസ്തമായി തന്നെ കാണാൻ തുടങ്ങി. അതിന് മുൻപ് പരിശീലനങ്ങളിൽ ഞാൻ ഒരു സെഷനിൽ 50 പന്തുകളാണ് എറിഞ്ഞിരുന്നത്. പിന്നീട് അത് ഇരട്ടിയാക്കി. 3 വർഷങ്ങൾ കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു എന്ന് ഞാൻ കരുതി. ഞങ്ങൾ ഐപിഎല്ലിൽ വിജയം സ്വന്തമാക്കുകയുണ്ടായി. അതിന് ശേഷമാണ് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വിളി വന്നത്. 2021 ലോകകപ്പിൽ പരാജയപ്പെട്ടതിന് ശേഷം ഒരുപാട് ഭീഷണി കോളുകൾ എനിക്ക് വന്നു. ഇന്ത്യയിലേക്ക് വരരുതെന്നും വന്നാൽ വലിയ ശിക്ഷ ലഭിക്കുമെന്നും ആളുകൾ പറഞ്ഞു. പലരും എന്നെ പിന്തുടർന്നു. ചില സമയങ്ങളിൽ ഞാൻ ഒളിച്ചിരുന്നു. വിമാനത്താവളങ്ങളിൽ നിന്നും മടങ്ങുമ്പോൾ കുറച്ച് ആളുകൾ എന്നെ ബൈക്കിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു.”- വരുൺ ചക്രവർത്തി കൂട്ടിച്ചേർക്കുന്നു.