ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡ് ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. അവസാന മൂന്ന് ടെസ്റ്റു മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ടീമിൽ വരുത്തേണ്ട അനിവാര്യമായ ഒരു മാറ്റം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
രോഹിത് ശർമ നായകനായ ഇന്ത്യൻ ടീം കീപ്പർ കെഎസ് ഭരതിൽ നിന്ന് മാറി ചിന്തിക്കേണ്ട സമയമായി എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. കഴിഞ്ഞ സമയങ്ങളിലെ ഭരതിന്റെ പ്രകടനങ്ങൾ മോശമായിരുന്നുവെന്നും അതിനാൽ ഭരതിനെ ഇന്ത്യ മാറ്റി പരീക്ഷിക്കേണ്ടതുണ്ട് എന്നും മഞ്ജരേക്കർ ആവശ്യപ്പെടുന്നു.
ഇതുവരെ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 4 ഇന്നിംഗ്സുകളിൽ നിന്നായി 92 റൺസ് മാത്രമാണ് ഭരത് കൂട്ടിച്ചേർത്തിട്ടുള്ളത്. മാത്രമല്ല തന്റെ ടെസ്റ്റ് കരിയറിൽ ഇതുവരെ ഒരു അർത്ഥസഞ്ചറി പോലും സ്വന്തമാക്കാൻ ഭരതിന് സാധിച്ചിട്ടുമില്ല. 7 ടെസ്റ്റ് മത്സരങ്ങൾ ഇതിനോടകം ഭരത് ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
ഇതിൽ നിന്ന് 20.09 ശരാശരിയിൽ 221 റൺസ് മാത്രമാണ് ഭരത് നേടിയിട്ടുള്ളത്. അതിനാൽ തന്നെ ഇനിയും ഇന്ത്യ ഭരതിൽ കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത് ഗുണം ചെയ്യില്ല എന്ന് മഞ്ജരേക്കർ പറയുന്നു. റിഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് തിരികെ വരുന്നതുവരെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററെ ഇന്ത്യ കണ്ടെത്തണം എന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം.
“തന്റെ ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്നത് പോലെയാണ് ഇംഗ്ലണ്ടിനെതിരെ ഭരത് മനോഭാവം കാട്ടിയത്. ഇതിന് മുമ്പും ഇന്ത്യക്കായി ഭരത് കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ 4 ടെസ്റ്റ് മത്സരങ്ങൾ ഭരത് കളിച്ചിരുന്നു. എന്നിട്ടും ഭരത് മികവ് പുലർത്തിയില്ല. അതിനാൽ തന്നെ ഇനിയും ഭരതിൽ ഇന്ത്യ കൂടുതൽ പ്രതീക്ഷ വയ്ക്കുന്നതിൽ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല ഭരത് കേവലം 20 വയസ്സ് മാത്രമുള്ള ഒരു താരമല്ല. ഇന്ത്യ ഭരതിൽ നിന്ന് മാറി ചിന്തിക്കേണ്ട സമയമായി. ഇഷാൻ കിഷൻ അടക്കമുള്ളവരെ ഇന്ത്യ പരിഗണിക്കണം.”- മഞ്ജരേക്കർ പറഞ്ഞു.
“ഒരു പക്ഷേ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നിരയിൽ ഇടം പിടിക്കാനുള്ള പ്രകടനം ഭരതിൽ നിന്ന് ഉടലെടുത്തിട്ടുണ്ടാവും. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെ നോക്കി കാണേണ്ടത്. ടീം മാനേജ്മെന്റ് എല്ലാവരിലും ഒരേപോലെ വിശ്വാസമർപ്പിക്കണം. പന്തിന് പകരക്കാരനായി മറ്റൊരു താരത്തെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.
കഴിഞ്ഞ 3-4 വർഷങ്ങളിലെ റിഷഭ് പന്തിന്റെ പ്രകടനങ്ങൾ പരിശോധിക്കണം. ബാറ്റിംഗിൽ വളരെ മികച്ച പ്രകടനമാണ് പന്ത് കാഴ്ച വെച്ചിട്ടുള്ളത്. അങ്ങനെയുള്ള താരങ്ങളെയാണ് ഇന്ത്യ പുതിയതായി കണ്ടെത്തേണ്ടത്.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.