ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 27 റൺസിന്റെ പരാജയം നേരിട്ടതോടെ ചെന്നൈ സൂപ്പർ കിംഗ്സ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ബാംഗ്ലൂർ വിജയം സ്വന്തമാക്കിയത്.
ബാംഗ്ലൂരിന്റെ വിജയത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിന് ഒരു വലിയ നിർദ്ദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഒരു കാരണവശാലും ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയെ ടീമിൽ നിലനിർത്താൻ പാടില്ല എന്നാണ് ഇർഫാൻ പത്താൻ ഇപ്പോൾ പറയുന്നത്. പത്താന്റെ ഈ അഭിപ്രായം പല ചെന്നൈ ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്.
കേവലം മൂന്നോ നാലോ പന്തുകൾ കളിക്കാൻ മാത്രമാണ് ധോണിയെ നിലനിർത്താൻ ശ്രമിക്കുന്നതെങ്കിൽ അതിന്റെ ആവശ്യം ചെന്നൈയ്ക്കില്ല എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. മറിച്ച് കുറച്ചധികം ഓവറുകൾ ക്രീസിൽ തുടരാൻ ധോണി തയ്യാറാവുകയാണെങ്കിൽ മാത്രം ചെന്നൈ അദ്ദേഹത്തെ നിലനിർത്തണമെന്ന് പത്താൻ പറയുന്നു.
“അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്തണമെങ്കിൽ ചെന്നൈയ്ക്ക് ഒരു വലിയ തുക തന്നെ നൽകേണ്ടി വരും. ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് ഒരു നീണ്ട കാലയളവിനെ പറ്റിയാണ്. അത്തരത്തിൽ ചിന്തിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്തേണ്ട കാര്യമില്ല.”- ഇർഫാൻ പത്താൻ പറയുന്നു.
“ഈ സീസണിൽ മഹേന്ദ്ര സിംഗ് ധോണി കുറച്ചു പന്തുകൾ മാത്രമാണ് നേരിട്ടത്. വരാനിരിക്കുന്ന സീസണിലും മൂന്നോ നാലോ പന്തുകൾ മാത്രം മത്സരങ്ങളിൽ നേരിടാനാണെങ്കിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ആവശ്യം ടീമിനില്ല. അതേസമയം ഇതിന് പകരം മൂന്നോ നാലോ ഓവറുകൾ കളിക്കുകയാണെങ്കിൽ മാത്രം ധോണിയെ ടീമിൽ ഉൾപ്പെടുത്താം.”- ഇർഫാൻ പത്താൻ കൂട്ടിച്ചേർക്കുകയുണ്ടായി.
എന്നിരുന്നാലും ഈ സീസണിൽ ചെന്നൈയ്ക്കായി തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ധോണി പുറത്തെടുത്തിട്ടുള്ളത്. ഈ സീസണിൽ 8 ഇന്നിങ്സുകളിൽ നിന്ന് 136 റൺസാണ് ധോണി സ്വന്തമാക്കിയത്. 226 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ധോണിയുടെ ഈ നേട്ടം.
എന്നിരുന്നാലും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കഴിഞ്ഞ സമയങ്ങളിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മഹേന്ദ്രസിംഗ് ധോണി. അഞ്ച് തവണ ചെന്നൈയെ ജേതാക്കളാക്കി മാറ്റാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. 2010, 2011, 2018, 2021, 2023 എന്നീ വർഷങ്ങളിൽ ചെന്നൈയെ കിരീടം ചൂടിച്ചത് ധോണിയായിരുന്നു. മാത്രമല്ല 2010ലും 2014ലും ചെന്നൈയെ ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിക്കാനും ധോണിയ്ക്ക് സാധിച്ചിരുന്നു.
എന്നിരുന്നാലും 42കാരനായ ധോണി ഇനിയും മഞ്ഞ കുപ്പായത്തിൽ കളിക്കാനെത്തുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഈ ഐപിഎല്ലിൽ പോലും തന്റെ ഫോം ധോണിയെ അലട്ടിയിരുന്നു.