“ഇത് സുവർണാവസരം, ഈ ലോകകപ്പിൽ നീ പ്രതിഭ തെളിയിക്കണം. പിന്നെയാർക്കും പുറത്താക്കനാവില്ല”- സഞ്ജുവിന് ഗംഭീറിന്റെ ഉപദേശം..

മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ്. ട്വന്റി20 ലോകകപ്പ് സ്ക്വാഡ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഐപിഎല്ലും അരങ്ങേറിയത്. അതുകൊണ്ടു തന്നെയാണ് ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ സഞ്ജു സാംസണെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതും.

ഒരുപാട് തവണ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അവസരത്തിനായി കാത്തിരുന്ന താരമാണ് സഞ്ജു സാംസൺ. സഞ്ജുവിനെ സംബന്ധിച്ച് ഇപ്പോൾ ഒരു സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. ഈ അവസരം ഒരിക്കലും സഞ്ജു പാഴാക്കാൻ പാടില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്. തീർച്ചയായും ലോകകപ്പിൽ സഞ്ജു തന്റെ പ്രതിഭ പുറത്തെടുക്കണമെന്ന് ഗംഭീർ ആവർത്തിക്കുന്നു.

ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ തിളങ്ങാൻ സാധിച്ചാൽ പിന്നെ ഇന്ത്യൻ ടീമിന് സഞ്ജുവിനെ ഒഴിവാക്കാൻ സാധിക്കില്ല എന്ന് ഗൗതം ഗംഭീർ പറയുന്നു. സഞ്ജുവിനെ ഒരു കാരണവശാലും പുതുമുഖമായി കണക്കാക്കാൻ സാധിക്കില്ല എന്ന് ഗംഭീർ ചൂണ്ടിക്കാണിച്ചു. ഇന്ത്യക്കായി ഒറ്റയ്ക്ക് മത്സരം ജയിക്കാൻ ശേഷിയുള്ള പരിചയസമ്പത്ത് സഞ്ജുവിന് ലഭിച്ചിട്ടുണ്ട് എന്ന് ഗംഭീർ വിശദീകരിച്ചു.

“സഞ്ജു സാംസണെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലെയിങ്‌ ഇലവനിൽ അവസരം ലഭിച്ചാൽ, ഇന്ത്യക്കായി മത്സരം വിജയിച്ചു കാണിച്ചു കൊടുക്കാൻ സഞ്ജുവിന് ഒരു വലിയ അവസരമാണ് വന്നിരിക്കുന്നത്. ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ സഞ്ജുവിന് നല്ല പരിചയമുണ്ട്. സഞ്ജു ഒരു പുതുമുഖമല്ല. രാജ്യാന്തര ക്രിക്കറ്റ് എന്താണെന്ന് കൃത്യമായി സഞ്ജു മനസ്സിലാക്കുകയും, ഐപിഎല്ലിൽ തിളങ്ങുകയും ചെയ്തു. ഇപ്പോൾ അവനെ തേടി എത്തിയിരിക്കുന്നത് ലോകകപ്പ് കളിക്കാനുള്ള അവസരമാണ്.”- ഗംഭീർ പറഞ്ഞു.

“സഞ്ജുവിന് തന്റെ പ്രതിഭ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അതും ലോകകപ്പ് ക്രിക്കറ്റിൽ. അവിടെ സഞ്ജു മികവ് കാട്ടിയാൽ അത് ലോകം മുഴുവൻ കാണുകയും ശ്രദ്ധിക്കുകയും ചെയ്യും.”- സ്പോർട്സ് കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗംഭീർ പറയുകയുണ്ടായി. 2012ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസൺ. പക്ഷേ ടീമിൽ കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പക്ഷേ അന്നുതന്നെ താൻ സഞ്ജുവിനെ ശ്രദ്ധിച്ചിരുന്നുവെന്നും ഗംഭീർ പിന്നീട് പറയുകയുണ്ടായി. ഒരു കളിക്കാരന്റെ പ്രതിഭ മനസ്സിലാക്കാൻ കേവലം 5 മിനിറ്റ് മാത്രം മതി എന്നാണ് ഗംഭീർ പറയുന്നത്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് സഞ്ജു സാംസൺ പുറത്തെടുത്തിട്ടുള്ളത്. തന്റെ കരിയറിൽ ആദ്യമായി ഒരു ഐപിഎൽ സീസണിൽ 500 റൺസ് പിന്നിടാനും സഞ്ജുവിന് സാധിച്ചു. ഇതുവരെ 13 ഐപിഎൽ മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 504 റൺസാണ് നേടിയിട്ടുള്ളത്
5 അർദ്ധ സെഞ്ചുറികളാണ് സഞ്ജു സാംസൺ ഇതുവരെ ഈ ഐപിഎല്ലിൽ നേടിയിട്ടുള്ളത്. ലീഗ് സ്റ്റേജിൽ സഞ്ജു പുറത്തെടുത്ത മികവ് ഇതിനോടകം തന്നെ വലിയ രീതിയിൽ പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. രാജസ്ഥാനായി ക്വാളിഫയറിലും സഞ്ജു ഈ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous article“സഞ്ജു, മൂക്കുകുത്തി വീഴേണ്ട സമയമല്ല ഇത്”- രാജസ്ഥാൻ ടീമിന് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൻ.
Next article“ഒന്നുകിൽ മുഴുവൻ ഐപിഎല്ലും കളിക്കുക, അല്ലെങ്കിൽ വരാതിരിക്കുക”- ബട്ലർക്കെതിരെ ഇർഫാൻ പത്താന്റെ ഒളിയമ്പ്.