ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വെച്ചിരിക്കുന്നത്. നിലവിൽ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ നാലാം സ്ഥാനത്താണ് സഞ്ജു നിൽക്കുന്നത്. സീസണിൽ രാജസ്ഥാനായി 11 ഇന്നിങ്സുകൾ കളിച്ച സഞ്ജു 67.29 എന്ന വമ്പൻ ശരാശരിയിലാണ് 471 റൺസ് സ്വന്തമാക്കിയത്.
163.54 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും സഞ്ജു സാംസനുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു. കഴിഞ്ഞ മത്സരങ്ങളിലെ വമ്പൻ പ്രകടനത്തിന് പിന്നാലെയാണ് സഞ്ജു സാംസനെ പുകഴ്ത്തി സിന്ധു സംസാരിച്ചത്
നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഏറ്റവുമധികം പുരോഗതികൾ ഉണ്ടാക്കിയിട്ടുള്ള ബാറ്ററാണ് സഞ്ജു സാംസൺ എന്ന് സിദ്ധു പറയുന്നു. വെടിക്കെട്ടുകൾ തീർക്കുന്നതിൽ സഞ്ജു വിശ്വസിക്കാൻ തുടങ്ങിയെന്ന് സിദ്ധു കരുതുന്നു. മുൻപ് പല മത്സരങ്ങളിൽ ക്രീസിലെത്തി പെട്ടെന്നുതന്നെ 25-30 റൺസ് നേടി സഞ്ജു മടങ്ങുകയായിരുന്നുവെന്നും, പക്ഷേ ഇപ്പോൾ മത്സരങ്ങൾ വിജയിപ്പിക്കുക എന്നത് എത്രമാത്രം പ്രാധാന്യമുള്ള കാര്യമാണ് എന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ടെന്നും സിദ്ധു പറയുന്നു. ഒരേസമയം ആക്രമണം അഴിച്ചുവിടാനും ഇന്നിംഗ്സ് ആങ്കർ ചെയ്യാനുമുള്ള കഴിവ് സഞ്ജുവിനുണ്ട് എന്നാണ് സിദ്ധു വിശ്വസിക്കുന്നത്.
“നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഏറ്റവുമധികം പുരോഗതികൾ ഉണ്ടാക്കിയിട്ടുള്ള താരം സഞ്ജു സാംസൺ തന്നെയാണ്. മുൻപ് സഞ്ജു കേവലം വമ്പനടികൾക്ക് മാത്രമായിരുന്നു ശ്രമിച്ചത്. ആ സമയത്ത് ക്രീസിലെത്തിയ ഉടൻതന്നെ 25-30 റൺസ് എടുത്ത് ഇമ്പാക്ടുള്ള ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാണ് അവൻ ശ്രമിച്ചത്. പക്ഷേ ഇപ്പോൾ അവൻ അങ്ങനെയല്ല. വലിയ ഇന്നിങ്സുകളുടെ പ്രാധാന്യം സഞ്ജു മനസ്സിലാക്കിയിരിക്കുന്നു. തന്റെ ടീമിനെ വിജയത്തിലെത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവന് മനസ്സിലായിട്ടുണ്ട്. മത്സരത്തിന്റെ അവസാന നിമിഷം വരെ ക്രീസിൽ തുടർന്ന് ഇമ്പ്രസീവായ ഇന്നിംഗ്സുകളാണ് സഞ്ജു ഇപ്പോൾ കാഴ്ചവയ്ക്കുന്നത്.”- സിദ്ധു പറഞ്ഞു.
“അവന് ആക്രമണപരമായ സമീപനത്തോടെ ബാറ്റ് ചെയ്യാൻ സാധിക്കും. മാത്രമല്ല ആവശ്യമെങ്കിൽ ഒരു ആങ്കറുടെ റോളിൽ ക്രീസിൽ തുടരാൻ സാധിക്കും. ബാറ്റിംഗ് വിഭാഗത്തിലെ സഞ്ജു സാംസന്റെ വളർച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ നല്ല വാർത്ത തന്നെയാണ്. ഇത്തരത്തിൽ മികവ് പുലർത്തിയാൽ സഞ്ജുവിനെക്കാൾ മികച്ച ഒരു ബാറ്ററെ ഇന്ത്യയ്ക്ക് മധ്യനിരയിൽ കാണാൻ സാധിക്കില്ല.”- സിദ്ധു കൂട്ടിച്ചേർക്കുകയുണ്ടായി. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലെ പ്രധാന അംഗങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ.