2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിനായി നിരന്തരം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് യുവതാരം റിയാൻ പരാഗ്. ഇതിനോടകം തന്നെ 2024 ഐപിഎല്ലിലെ തന്റെ മൂന്നാം അർദ്ധ സെഞ്ച്വറി സ്വന്തമാക്കാൻ പരഗിന് സാധിച്ചിട്ടുണ്ട്.
നിലവിൽ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണ് പരഗ് നിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ രീതിയിലുള്ള ഇമ്പാക്ട് ഉണ്ടാക്കാൻ പരഗിന് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ കഥ മാറുന്നതാണ് കാണുന്നത്. ഈ സാഹചര്യത്തിൽ പരാഗിന് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഉടൻതന്നെ പരാഗിന് ഇന്ത്യൻ ടീമിലേക്ക് വിളി വരാൻ സാധ്യതയുണ്ട് എന്ന് ഗവാസ്കർ കരുതുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് പരഗ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തിയത്. തന്റെ ഫോം പരഗ് ആവർത്തിക്കുന്നതാണ് ഐപിഎല്ലിലും കാണുന്നത്. “ഗുജറാത്ത് മത്സരത്തിൽ വരുത്തിയ പിഴവുകൾക്ക് തക്കതായ ശിക്ഷ പരാഗ് ഇന്നിങ്‌സിൽ നൽകി. ക്രിക്കറ്റ് എന്നാൽ എല്ലായിപ്പോഴും ഇതുതന്നെയാണ്. നമുക്ക് ലഭിക്കുന്ന അവസരങ്ങൾ ഏറ്റവും നന്നായി തന്നെ വിനിയോഗിക്കുക എന്നതാണ് പ്രധാനം. പരാഗ് മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം ഏറ്റവും നന്നായി ഉപയോഗിച്ചു. നിലവിൽ അവിശ്വസനീയമായ രീതിയിലാണ് കളിക്കുന്നത്”- ഗവാസ്കർ പറഞ്ഞു.
“ഇത്തവണത്തെ ഐപിഎല്ലിൽ മാത്രമല്ല ആഭ്യന്തര സീസണിലുടനീളം വളരെ മികച്ച രീതിയിൽ വിജയം സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി പരഗിൽ ദൃഷ്ടി പതിച്ചിട്ടുണ്ട് എന്ന കാര്യം എനിക്ക് ഉറപ്പാണ്. ഇപ്പോൾ ബാറ്റ് ചെയ്യുന്ന രീതിയിൽ തന്നെ ഇനിയും മുന്നോട്ട് ബാറ്റ് ചെയ്യാൻ ശ്രമിക്കുക എന്നത് മാത്രമാണ് പരഗിന് ഇനി ചെയ്യാനുള്ളത്. ബാറ്റിംഗിൽ മാത്രമല്ല ഫീൽഡിങ്ങിലും നന്നായി തന്നെ മികവ് പുലർത്താൻ പരഗിന് സാധിച്ചിട്ടുണ്ട്. ഒരു അവിശ്വസനീയ ഫീൽഡർ കൂടിയാണ് പരഗ്. മാത്രമല്ല ആവശ്യമെങ്കിൽ കുറച്ചു പന്തറിയാനും സാധിക്കും.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
ഗുജറാത്തിനെതിരായ മത്സരത്തിൽ 48 പന്തുകളിൽ 76 റൺസായിരുന്നു പരഗ് സ്വന്തമാക്കിയത്. 5 സിക്സറുകളാണ് പരാഗ് തന്റെ ഇന്നിംഗ്സിൽ നേടിയത്.