“ഇത് ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരമായിരുന്നോ?”. ആവേശം വിതറി റെയ്‌നയുടെ മറുപടി.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇത്തവണത്തെ ഹോം മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 5 വിക്കറ്റുകളുടെ ആധികാരിക വിജയമാണ് ചെന്നൈ ടീം സ്വന്തമാക്കിയത്. ചെന്നൈയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണി ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കും എന്ന വാർത്തകൾ മുമ്പുതന്നെ പുറത്തുവന്നിരുന്നു.

അതിനാൽ, ചെപ്പോക്കിൽ രാജസ്ഥാനെതിരെ നടന്ന മത്സരം ധോണിയുടെ ചെന്നൈയിലെ അവസാനത്തെ മത്സരം ആയിരിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. നിലവിൽ ടൂർണമെന്റിന്റെ പ്ലേയോഫിൽ എത്താൻ സാധിച്ചില്ലെങ്കിൽ, ഇനി അടുത്തവർഷം മാത്രമേ ചെന്നൈക്ക് ചെപ്പോക്കിൽ കളിക്കാൻ സാധിക്കൂ. പക്ഷേ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ, അടുത്ത സീസണിൽ ധോണി ചെന്നൈ ടീമിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സൂചന നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

നിലവിൽ 42 കാരനായ മഹേന്ദ്ര സിംഗ് ധോണി ഈ സീസണോട് കൂടി പൂർണമായും മൈതാനതത്ത് നിന്ന് വിടവാങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ധോണി ഇനിയും തന്റെ ഐപിഎൽ കരിയർ തുടരുമെന്നാണ് റെയ്ന വിശ്വസിക്കുന്നത്. ചെന്നൈയുടെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് ശേഷമാണ് റെയ്ന ഇക്കാര്യം പറഞ്ഞത്. മുൻ ഇന്ത്യൻ താരമായ അഭിനവ് മുകുന്ദിന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു റെയ്ന. “എനിക്ക് നിങ്ങളോട് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്. ഇത് ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരം ആയിരിക്കുമോ?”- അഭിനവ് മുകുന്ദ് ചോദിച്ചു.

ഈ ചോദ്യത്തിനുള്ള റെയ്നയുടെ മറുപടി ഇങ്ങനെയായിരുന്നു.-“തീർച്ചയായും ആയിരിക്കില്ല”. മുൻപ് ധോണിയും ഇതേ വാക്ക് തന്നെയാണ് ഈ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞിട്ടുള്ളത്. എന്നാൽ 42കാരനായ മഹേന്ദ്രസിംഗ് ധോണി ഇപ്പോൾ പരിക്ക് മൂലവും ഫിറ്റ്നസ് പ്രശ്നം മൂലവും വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്. ഈ സീസണിൽ പലപ്പോഴും അവസാന പന്തുകളിൽ മാത്രമാണ് ധോണി ക്രീസിൽ എത്താറുള്ളത്. എട്ടാമനായും ഒൻപതാമനായും മാത്രമാണ് ധോണിയ്ക്ക് ക്രീസിലെത്താൻ സാധിക്കുന്നത്. മൈതാനത്ത് കൂടുതൽ സമയം ഓടാനോ റൺസ് നേടാനോ ധോണിയ്ക്ക് സാധിക്കുന്നില്ല. അടുത്ത വർഷം മെഗാ ലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ധോണി ഇനിയും ചെന്നൈ ടീമിൽ തുടരാനുള്ള സാധ്യത വളരെ കുറവാണ്.

എന്നിരുന്നാലും റെയ്നയുടെ ഈ മറുപടി ആരാധകരെ കൂടുതൽ ആവേശത്തിൽ ആക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ ഒരു ബ്രാൻഡായി മാറ്റിയതിൽ മഹേന്ദ്രസിംഗ് ധോണി വഹിച്ച പങ്ക് വളരെ വലുതാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി തന്നെയാണ് ധോണി കളിച്ചിട്ടുള്ളത്. 2024 സീസണിന് തൊട്ടു മുമ്പായിരുന്നു യുവതാരമായ ഋതുരാജിനെ ധോണി നായകസ്ഥാനം ഏൽപ്പിച്ചത്. എന്തായാലും വരും ദിവസങ്ങളിൽ ഇതേ സംബന്ധിച്ചുള്ള പൂർണ്ണമായി വിവരങ്ങൾ പുറത്തുവരും എന്നാണ് പ്രതീക്ഷ.

Previous article“ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും”- സഞ്ജു പറയുന്നു..
Next article“ഏത് കളിയാണ് രോഹിത് കളിച്ചത്?.. കിഷൻ അതിനേക്കാൾ മോശം “- തേച്ചൊട്ടിച്ച് വിരേന്ദർ സേവാഗ്.