“ഇത് കഴിഞ്ഞ 3-4 വർഷങ്ങളിലെ പ്രയത്നത്തിന്റെ വിജയം. കോഹ്ലി എന്നെ അത്ഭുതപെടുത്തുന്നു.”- രോഹിത് ശർമ..

നിർണായകമായ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാമത്തെ തവണയും ട്വന്റി20 ലോക ചാമ്പ്യന്മാരായി മാറിയിരിക്കുകയാണ്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രകടന മികവിലൂടെയാണ് ഇത്തവണത്തെ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത്.

ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ചില മത്സരങ്ങളിൽ പരാജയത്തിന്റെ അടുത്തേക്ക് ഇന്ത്യ നീങ്ങിയെങ്കിലും കൃത്യമായ തിരിച്ചുവരവിലൂടെ ഇന്ത്യൻ ബോളർമാർ വിജയം സമ്മാനിക്കുകയുണ്ടായി. ഫൈനൽ മത്സരത്തിലും പരാജയത്തിനടുത്ത് നിന്നാണ് ഇന്ത്യയുടെ ബോളർമാർ കിരീടം തിരിച്ചുപിടിച്ചത്. മത്സരശേഷം രോഹിത് ശർമ തന്റെ ആഹ്ലാദം വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ കഠിനപ്രയത്നത്തിന്റെ ഭാഗമാണ് ഈ വിജയം എന്നാണ് രോഹിത് ശർമ പറഞ്ഞത്. “കഴിഞ്ഞ 3-4 വർഷങ്ങളിൽ എന്തൊക്കെ സംഭവിച്ചു എന്ന് പൂർണമായും പറയാൻ എനിക്ക് സാധിക്കുന്നില്ല. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഒരുപാട് കഠിനപ്രയത്നങ്ങളിൽ ഏർപ്പെട്ടു. അണിയറയിൽ ഒരുപാട് കാര്യങ്ങൾ നടന്നു.”

”ഇന്നു മാത്രമല്ല കഴിഞ്ഞ 3-4 വർഷങ്ങളിലായി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചധികം വലിയ സമ്മർദ്ദ മത്സരങ്ങൾ ഞങ്ങൾക്കുണ്ടായി. ചില സാഹചര്യങ്ങളിൽ ഞങ്ങൾ പരാജയപ്പെടുകയും ചെയ്തു. പക്ഷേ എവിടെയാണ് തെറ്റുപറ്റിയത് എന്ന് കൃത്യമായി ടീം അംഗങ്ങൾക്ക് അറിയാമായിരുന്നു. എല്ലാവർക്കും വിജയം സ്വന്തമാക്കണമെന്ന വലിയ ആഗ്രഹവും ഉണ്ടായി.”- രോഹിത് ശർമ പറയുന്നു.

“എന്റെ ടീമിലെ താരങ്ങളെ ഓർത്ത് എനിക്ക് വലിയ അഭിമാനം തോന്നുന്നു. അവർക്ക് അവരുടേതായ വഴിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനുള്ള അവസരം ടീമിൽ ഉണ്ടായിരുന്നു. ടീം മാനേജ്മെന്റ് ഈ വിജയത്തിൽ വലിയ ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. വിരാട് കോഹ്ലിയുടെ ഫോമിനെ സംബന്ധിച്ച് ആർക്കും തന്നെ സംശയമില്ല. അവൻ എത്രമാത്രം നിലവാരമുള്ള താരമാണെന്ന് നമുക്ക് വ്യക്തമായി അറിയാം.”

‘വലിയ താരങ്ങൾ ഇത്തരം വലിയ മത്സരങ്ങളിൽ മികവിനൊത്ത് ഉയരും. മത്സരത്തിന്റെ ഒരു ഭാഗം കൃത്യമായി കൈകാര്യം ചെയ്യാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. ആ രീതിയിൽ അവസാനം വരെ ബാറ്റ് ചെയ്യുന്ന ഒരു ഇന്നിംഗ്സ് ആയിരുന്നു ഞങ്ങൾക്ക് ആവശ്യം.”- രോഹിത് കൂട്ടിച്ചേർത്തു.

“ഒരു പുതിയ താരത്തിന് ക്രീസിലെത്തി വെടിക്കെട്ട് തീർക്കാൻ സാധിക്കുന്ന ഒരു വിക്കറ്റ് ആയിരുന്നില്ല മത്സരത്തിലേത്. അവിടെയാണ് വിരാട് കോഹ്ലി എന്ന താരത്തിന്റെ പരിചയസമ്പന്നത പ്രാവർത്തികമായത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വിരാട് കോഹ്ലിയെ ഞാൻ കാണുന്നുണ്ട്. എന്നാൽ എങ്ങനെയാണ് ഇത്ര മികച്ച രീതിയിൽ അദ്ദേഹം കളിക്കുന്നത് എന്നെനിക്കറിയില്ല.”

” ശരിക്കും ഒരു മാസ്റ്റർ ക്ലാസ്സ് തന്നെയാണ് അവനുള്ളത്. കൃത്യമായി അവന്റെ കഴിവുകൾ മനസ്സിലാക്കാനും വളരെ ആത്മവിശ്വാസത്തോടെ കളിക്കാനും കോഹ്ലിക്ക് സാധിക്കുന്നു. ഹാർദിക് പാണ്ട്യയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അവസാന ഓവറിൽ നന്നായി പന്തറിയാൻ ഹർദിക്കിന് സാധിച്ചു. ഞങ്ങളെ ഇവിടെയെത്തി സഹായിച്ച എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു. മാത്രമല്ല ഇന്ത്യയിലുള്ള ആരാധകരും ഇപ്പോൾ രാത്രിയാണെങ്കിലും മത്സരം വീക്ഷിക്കുകയായിരിക്കും.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.

Previous articleടീമിനെ വിജയത്തിലെത്തിക്കുന്നതിലും വലുതായി ഒന്നും മനസിലില്ല. സന്തോഷം പ്രകടിപ്പിച്ച് ബുമ്ര.
Next articleസൂര്യയുടെ വണ്ടർ ക്യാച്ച്. സൗത്താഫ്രിക്കയുടെ മത്സരം തട്ടിയെടുത്ത “സൂര്യ സ്പെഷ്യൽ”.