2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീം മുംബൈ ഇന്ത്യൻസാണ്. വലിയ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യൻസ് ഇത്തവണ കളത്തിൽ എത്തുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഗുജറാത്ത് ടീമിന്റെ നായകനായി കളിച്ച ഹർദിക് പാണ്ഡ്യയെ തങ്ങളുടെ ടീമിലേക്ക് തിരികെയെത്തിക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്.
മാത്രമല്ല വളരെക്കാലം മുംബൈയുടെ നായകനായിരുന്ന രോഹിത് ശർമയ്ക്ക് പകരക്കാരനായി പാണ്ഡ്യയെ നിയോഗിക്കാനും മുംബൈ ഫ്രാഞ്ചൈസിക്ക് സാധിച്ചു. ഇതിനെതിരെ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ മുംബൈ രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റേണ്ടിയിരുന്നില്ല എന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് പറയുന്നത്.
മുംബൈ എടുത്ത തീരുമാനം വളരെ പ്രധാനപ്പെട്ടതാണ് എന്ന് യുവരാജ് സമ്മതിക്കുന്നു. എന്നാൽ ഹർദിക് പാണ്ഡ്യക്ക് പകരം രോഹിത്തിനെ ഒരു സീസണിൽ കൂടി മുംബൈ നായകനാക്കേണ്ടതായിരുന്നു എന്നാണ് യുവരാജിന്റെ അഭിപ്രായം. എന്നിരുന്നാലും ടീം എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഈ തീരുമാനം യുക്തിയുള്ളതാണ് എന്ന് യുവരാജ് പറയുന്നു.
“രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ്. അങ്ങനെയൊരു നായകനെ ആ സ്ഥാനത്തുനിന്ന് മാറ്റുക എന്നത് വലിയൊരു തീരുമാനം തന്നെയാണ്. ഹർദിക്ക് മോശം നായകനാണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷേ രോഹിത് ശർമയ്ക്ക് ഈ സീസണിൽ അവസരം നൽകാമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം.”- യുവരാജ് പറയുന്നു.
“അങ്ങനെയെങ്കിൽ മുംബൈ ഹർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി നിലനിർത്തേണ്ടിയിരുന്നു. ശേഷം ഏത് തരത്തിൽ ടീം മുൻപോട്ട് പോകും എന്നത് ശ്രദ്ധിക്കണമായിരുന്നു. പക്ഷേ അത്തരമൊരു നീക്കം ടീമിൽ നിന്ന് ഉണ്ടായില്ല. ഫ്രാഞ്ചൈസി എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഈ തീരുമാനം യുക്തിപരമായി തന്നെയാണ് തോന്നുന്നത്. ഫ്രാഞ്ചൈസികൾ എല്ലായിപ്പോഴും തങ്ങളുടെ ടീമിന്റെ ഭാവിയെ പറ്റിയാണ് ചിന്തിക്കാറുള്ളത്.”
“പക്ഷേ രോഹിത് ശർമ ഇപ്പോഴും ഇന്ത്യയുടെ നായകനാണ് എന്ന കാര്യം മറക്കാൻ സാധിക്കില്ല. മാത്രമല്ല എല്ലാത്തരം ക്രിക്കറ്റിലും നന്നായി കളിക്കാനും അവന് സാധിക്കുന്നുണ്ട്. എന്നിരുന്നാലും എല്ലാവർക്കും അവരുടെതായ അഭിപ്രായങ്ങളും മറ്റുമുണ്ട്. തീർച്ചയായും തങ്ങളുടെ ഭാവി മുന്നിൽ കണ്ടാവും മുംബൈ ഇത്തരമൊരു തീരുമാനമെടുത്തത്.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.
“പ്രതിഭയും കഴിവും വെച്ച് അളക്കുമ്പോൾ ഹർദിക് പാണ്ഡ്യയെ വളരെ മികച്ച താരം തന്നെയാണ്. പക്ഷേ മറ്റൊരു കാര്യമുണ്ട് ഗുജറാത്തിന്റെ നായകനാവുക എന്നതും മുംബൈയുടെ നായകനാവുക എന്നതും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് മുംബൈ. അതിനാൽ തന്നെ പ്രതീക്ഷയുടെ ഭാരം ഉറപ്പായും ഹർദിക്കിന്റെ മുകളിലേക്ക് എത്തും.”
“ആ സമ്മർദ്ദത്തെ ഹർദിക്ക് വളരെ നന്നായി നേരിടേണ്ടി വരും. ടീമിനുള്ളിൽ എന്തായാലും ഹർദ്ദിക്കിനെ വലിയ പിന്തുണ ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ മുംബൈയ്ക്ക് മികച്ച പ്രകടനം തന്നെ നടത്താൻ സാധിക്കട്ടെ.”- യുവരാജ് പറഞ്ഞു വയ്ക്കുന്നു.