ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലും ഇന്ത്യൻ പ്രീമിയർ ലീഗിലും ഒരേപോലെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇന്ത്യയുടെ പല നേട്ടങ്ങളിലും ഭാഗമാകാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിനൊപ്പം ഒരു ഐപിഎൽ കിരീടം ഉയർത്താനുള്ള അവസരം ഇതുവരെ കോഹ്ലിക്ക് കൈ വന്നിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പതിനേഴാം എഡിഷനിലേക്ക് കടക്കുമ്പോഴും കോഹ്ലിയുടെ കിരീടം എന്ന ആഗ്രഹം ബാക്കിയായി നിൽക്കുന്നു. ഇപ്പോൾ കോഹ്ലിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗ് ട്രോഫി അർഹിക്കുന്ന ഒരു താരമാണ് എന്ന് സുരേഷ് റെയ്ന പറയുന്നു. അത്ര മികച്ച പ്രകടനങ്ങളാണ് കോഹ്ലി ഐപിഎല്ലിൽ കാഴ്ച വെച്ചിട്ടുള്ളത് എന്നാണ് റെയ്ന അവകാശപ്പെടുന്നത്.
മാർച്ച് 22നാണ് 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സാണ് ബാംഗ്ലൂരിന്റെ എതിരാളികൾ. ഈ മത്സരത്തിൽ വിരാട് കോഹ്ലി കളിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് റെയ്നയുടെ പ്രസ്താവന. “വിരാട് കോഹ്ലി ഒരു ഐപിഎൽ ട്രോഫി അർഹിക്കുന്നുണ്ട്. ഇന്ത്യൻ ടീമിനായും ബാംഗ്ലൂർ ടീമിനായും ഒരുപാട് വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വിരാട് കോഹ്ലി. ബാംഗ്ലൂരിൽ വളരെ വിജയകരമായ ഇന്നിംഗ്സുകൾ കോഹ്ലി കാഴ്ച വച്ചിട്ടുണ്ട് മാത്രമല്ല കോഹ്ലി ഒരു കിരീടമുയർത്തി കാണുക എന്നത് അവന്റെ ആരാധകരുടെയും ഒരുപാട് നാളത്തെ ആഗ്രഹമാണ്.”- റെയ്ന പറയുന്നു.
അതേസമയം മറുവശത്ത് മഹേന്ദ്ര സിംഗ് ധോണി തന്റെ അവസാന ക്രിക്കറ്റ് നാളുകളിലേക്ക് കടക്കുന്നത്. ഇതേ സംബന്ധിച്ച് റെയ്ന സംസാരിക്കുകയുണ്ടായി. “ധോണിയെ സംബന്ധിച്ച് യാതൊരു ആശയവും എനിക്കിപ്പോളില്ല. ഇപ്പോൾ ധോണി വളരെ കഠിനപ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പൂർണ്ണമായ ഫിറ്റ്നസോടെയാണ് ധോണിയെ ഇപ്പോൾ കാണപ്പെടുന്നത്. എപ്പോൾ വിരമിക്കണമെന്ന് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. ഈ വർഷം ധോണി മഞ്ഞ ജേഴ്സിയിൽ കളിക്കുന്നുണ്ട്.”
“തന്റെ ആരാധകരെ കൂടുതൽ ആവേശത്തിലാക്കാൻ ധോണിക്ക് സാധിക്കും. ആരാധകർ ധോണിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഈ സീസണിലും വളരെ മികച്ച രീതിയിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ക്രിക്കറ്റിനായി ഒരുപാട് കാര്യങ്ങൾ ധോണി ഇതിനോടകം തന്നെ നൽകി കഴിഞ്ഞു.”- റെയ്ന കൂട്ടിച്ചേർക്കുന്നു.
എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലി കളിക്കുമോ എന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിന്ന് വിരാട് കോഹ്ലി വ്യക്തിപരമായ കാരണങ്ങൾ മൂലം മാറി നിന്നിരുന്നു. പക്ഷേ കോഹ്ലി തിരികെ വന്ന് ബാംഗ്ലൂർ ടീമിന്റെ നട്ടെല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മാത്രമല്ല 2024ൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ കോഹ്ലിയുടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ സാന്നിധ്യം ഇന്ത്യൻ ടീമിനും വളരെ ആവശ്യമാണ്.