ഇംഗ്ലണ്ട് വനിതകൾക്കെതീരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ വനിതകൾ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ ദിവസം ശക്തമായ ഒരു സ്കോർ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ 410 റൺസിന് 7 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
ഇന്ത്യൻ നിരയിലെ മുഴുവൻ ബാറ്റർമാരും മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയുണ്ടായി. ആർക്കും തന്നെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറികൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും തങ്ങളുടേതായ രീതിയിൽ സംഭാവനകൾ നൽകി. ഇതോടെ ഇന്ത്യ ശക്തമായ ഒരു നിലയിൽ എത്തുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ തെല്ലും മടിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് തങ്ങളുടെ ഓപ്പണർമാരായ സ്മൃതി മന്ദനയുടെയും(17) ഷഫാലീ വർമ്മയുടെയും(19) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ ശുഭാ സതീഷ് ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഒപ്പം ജമീമ റോഡ്രിഗസും കളം നിറഞ്ഞതോടെ ഇന്ത്യയുടെ സ്കോർ ഉയരാൻ തുടങ്ങി. ശുഭ മത്സരത്തിൽ 76 പന്തുകളിൽ 13 ബൗണ്ടറികളടക്കം 69 റൺസാണ് നേടിയത്. ജമീമ റോഡ്രിഗസ് 99 പന്തുകളിൽ 68 റൺസ് നേടുകയുണ്ടായി.
ഇരുവർക്കും ശേഷം ക്രീസിലെത്തിയ നായിക ഹർമൻപ്രീറ്റ് കോറും ക്രീസിലുറച്ചു. ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് മത്സരത്തിൽ പുറത്തെടുക്കാൻ ഹർമൻ പ്രീറ്റിന് സാധിച്ചു. മത്സരത്തിൽ 81 പന്തുകളിൽ 49 റൺസാണ് ഹർമൻ പ്രീത് നേടിയത്. വിക്കറ്റ് കീപ്പർ യഷ്ടിക 88 പന്തുകളിൽ 66 റൺസ് നേടി അവസാന സെഷനുകളിൽ തീയായി മാറി. ഇതോടെ ഇന്ത്യ ഒരു ശക്തമായ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. എന്നിരുന്നാലും ആദ്യദിവസം ഇന്ത്യയ്ക്ക് 400 റൺസ് കടക്കാൻ സാധിക്കുമോ എന്ന സംശയം നിലനിന്നിരുന്നു. പക്ഷേ ഏഴാം വിക്കറ്റിൽ ദീപ്തി ശർമയും സ്നേഹ് റാണയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ ഇന്ത്യ 400 റൺസ് പിന്നിട്ടു.
ദീപ്തി ശർമ 95 പന്തുകളിൽ 60 റൺസ് നേടി പുറത്താവാതെ തുടരുന്നു. സ്നേഹ് റാണ 73 പന്തുകളിൽ 30 റൺസുമായി ദീപ്തിക്ക് പിന്തുണ നൽകുകയുണ്ടായി. മറുവശത്ത് ഇംഗ്ലണ്ടിനായി ലോറൻ ബെൽ 2 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്തി. എന്നിരുന്നാലും മത്സരത്തിൽ ഇന്ത്യയ്ക്ക് തന്നെയാണ് ആധിപത്യം. രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനിൽ തന്നെ ശക്തമായ ഒരു സ്കോർ കെട്ടിപ്പടുത്ത് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്സിൽ എറിഞ്ഞിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ വനിതകൾ. മറുവശത്ത് ട്വന്റി20യിലെ ഉജ്വല പ്രകടനം ടെസ്റ്റ് മത്സരത്തിലും ആവർത്തിക്കാനുള്ള തത്രപ്പാടിലാണ് ഇംഗ്ലണ്ട്.