ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ദിവസവും ഇന്ത്യ ശക്തമായ നിലയിൽ. മത്സരത്തിൽ വിജയത്തിന് അടുത്തെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസം മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 478 റൺസിന്റെ വമ്പൻ ലീഡ് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 428 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടിയത്. ശേഷം ഇംഗ്ലണ്ടിനെ കേവലം 136 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. പിന്നീട് രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ 186ന് 6 എന്ന നിലയിലാണ്. ദീപ്തി ശർമയുടെ തകർപ്പൻ ബോളിംഗ് മികവാണ് ഇന്ത്യയെ മത്സരത്തിൽ ഇത്തരം മികച്ച നിലയിൽ എത്തിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ബാറ്റർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. ശുഭാ സതീഷ് 69 റൺസും, റോഡ്രിഗസ് 68 റൺസും, നായിക ഹർമൻപ്രീത്ത് കോർ 49റൺസും, യാഷ്ടിക ഭാട്ടിയ 66 റൺസും, ദീപ്തി ശർമ 67 റൺസും ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ നേടുകയുണ്ടായി. ഇവരുടെ മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 428 എന്ന സ്കോറിൽ എത്തിയത്.
രണ്ടാം ദിവസം മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കം ആയിരുന്നില്ല ലഭിച്ചത്. തങ്ങളുടെ ഓപ്പണർമാരെ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ നാറ്റ് സിവർ ബ്രന്റ് മാത്രമാണ് ഇംഗ്ലണ്ടിനായി രണ്ടാം ദിവസം അൽപമെങ്കിലും പിടിച്ചുനിന്നത്. സിവർ മത്സരത്തിൽ 70 പന്തുകളിൽ 59 റൺസ് നേടി. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ട് കേവലം 136 റൺസിന് പുറത്താവുകയായിരുന്നു.
ഇന്ത്യക്കായി ദീപ്തി ശർമയാണ് അവിസ്മരണീയമായ ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. ഇന്നിംഗ്സിൽ 5.3 ഓവറുകളിൽ 7 റൺസ് മാത്രം വിട്ടു നൽകിയാണ് ദീപ്തി 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. 4 മെയ്ഡനുകൾ ദീപ്തിയുടെ ബോളിങ്ങിലൂടെ ഇന്ത്യക്ക് ലഭിച്ചു. എന്നാൽ മികച്ച ലീഡ് കണ്ടെത്തിയിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ ഫോളോ ഓൺ ചെയാൻ അനുവദിച്ചില്ല. പകരം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ എത്രയും വേഗം റൺസ് കണ്ടെത്താനാണ് ഇന്ത്യ ശ്രമിച്ചത്. ഓപ്പണർ ഷഫാലി വർമയും(33) സ്മൃതി മന്ദനയും(26) അടക്കമുള്ളവർ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
രണ്ടാം ദിവസം മത്സരം അവസാനിപ്പിക്കുമ്പോൾ 186ന് 6എന്ന നിലയിലാണ് ഇന്ത്യ. ഇതുവരെ 478 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ മൂന്നാം ദിവസം 500 റൺസിലധികം ലീഡ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം. മത്സരത്തിൽ ഇതുവരെ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടുകൂടി ഇന്ത്യ മത്സരത്തിൽ വിജയം നേടും എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ടിനോട് പരാജയമേറ്റ ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് ടെസ്റ്റ് മത്സരത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.