ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം നതാൻ ലയൺ. എല്ലാത്തരം ബാറ്റർമാരെയും തന്റേതായ ദിവസം അനായാസം പുറത്താക്കാൻ സാധിക്കുന്ന ബോളർ കൂടിയാണ് ലയൺ. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ സ്വന്തമാക്കുന്ന എട്ടാമത്തെ ബോളറായി ലയൺ മാറുകയുണ്ടായി. ഓസ്ട്രേലിയക്ക് എല്ലാ സാഹചര്യത്തിലും ഉപയോഗിക്കാവുന്ന ആയുധം തന്നെയാണ് ലയൺ.
ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റർമാരെ പറ്റിയാണ് ലയൺ ഇപ്പോൾ സംസാരിക്കുന്നത്. പ്രധാനമായും 3 ബാറ്റർമാരാണ് താൻ നേരിട്ടതിൽ ഏറ്റവും മികച്ചത് എന്ന് ലയൺ പറയുന്നു.
ഈ ബാറ്റർമാർക്കെതിരെ തന്ത്രങ്ങൾ മെനയുക എന്നത് പ്രയാസകരമാണ് എന്നും ലയൺ കൂട്ടിച്ചേർത്തു. താൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച കളിക്കാർ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് എന്നിവരാണ് എന്ന് ലയൺ പറയുന്നു.
“ഞാൻ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാർ എന്ന ചോദ്യം അല്പം കഠിനമാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ചവർക്കെതിരെ ഞാൻ പലപ്പോഴും കളിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാനിപ്പോൾ മൂന്നു പേരെ തെരഞ്ഞെടുക്കുകയാണ്. വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് ഞാൻ നേരിട്ടുള്ളതിൽ ഏറ്റവും മികച്ചവർ.”- ലയൺ പറയുന്നു.
ഈ മൂന്നു ബാറ്റർമാരെയും പുറത്താക്കുക എന്നത് അതികഠിനമായ ദൗത്യമാണന്നും ലയൻ കൂട്ടിച്ചേർക്കുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിൽ മൂവരുടേയും പ്രതിരോധം ഭേദിച്ച് വിക്കറ്റുകൾ സ്വന്തമാക്കുക എന്നത് എല്ലാ ബോളർമാർക്കും പ്രയാസകരമാണ് എന്നാണ് ലയണിന്റെ അഭിപ്രായം. “ഈ മൂന്നു പേരെയും പുറത്താക്കുക എന്നത് അല്പം പ്രയാസകരമായ കാര്യമാണ്. ഒരുപാട് സമയം അവരുടെ പ്രതിരോധത്തെ വെല്ലുവിളിക്കുക എന്നത് മാത്രമാണ് അവരെ പുറത്താക്കാനുള്ള മാർഗം.”- ലയൺ കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഈ ബാറ്റർമാർക്ക് എതിരെയും ഭേദപ്പെട്ട റെക്കോർഡ് തന്നെയാണ് ലയണിനുള്ളത്.
23 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കെതിരെ കളിച്ച ലയൺ 7 തവണ വിരാട് കോഹ്ലിയെ പുറത്താക്കിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ ടീമിലുള്ളപ്പോൾ 6 ടെസ്റ്റുകളാണ് ഇന്ത്യക്കെതിരെ ലയൺ കളിച്ചത്. 5 തവണ സച്ചിനെ പുറത്താക്കാനും ലയണിന് സാധിച്ചു. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായി ലയൺ മാറിയതും. വരും മത്സരങ്ങളിലും ഓസ്ട്രേലിയയുടെ വലിയ പ്രതീക്ഷ തന്നെയാണ് ഈ സ്പിന്നർ.