കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രശ്നങ്ങൾ നേരിടുന്ന താരമാണ് ഹർദിക് പാണ്ഡ്യ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടീമിൽ നിന്നും മുംബൈ ടീമിലേക്ക് ചേക്കേറിയ പിന്നാലെ ഹർദിക് ഒരുപാട് രൂക്ഷ വിമർശനങ്ങൾ കേൾക്കുകയുണ്ടായി. മാത്രമല്ല ബാറ്റിങ്ങിലും ബോളിങ്ങിലും ഈ ഐപിഎല്ലിൽ മോശം പ്രകടനമാണ് ഹർദിക്ക് കാഴ്ച വെച്ചിട്ടുള്ളത്.
പക്ഷേ ഇതിന് ശേഷവും ഇന്ത്യ ഹർദിക് പാണ്ഡ്യയെ തങ്ങളുടെ ഉപനായകനായി ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. ഇതിനെതിരെയും വിമർശനങ്ങളുമായി മുൻ താരങ്ങൾ രംഗത്തുവന്നിരുന്നു. എന്നാൽ ഹർദിക് പാണ്ഡ്യയെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എംഎസ്കെ പ്രസാദ്.
ഹർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയ തീരുമാനം ശരിവച്ചാണ് പ്രസാദ് സംസാരിച്ചത്. ഹർദിക് പാണ്ഡ്യയെപ്പോലെ മറ്റൊരു ഓൾറൗണ്ടർ ഇന്ത്യയ്ക്കില്ല എന്നാണ് പ്രസാദ് പറയുന്നത്. “ഹർദിക് പാണ്ഡ്യയ്ക്ക് പകരം മറ്റൊരു താരം എന്ന ചിന്ത ഇന്ത്യൻ സെലക്ടർമാർക്ക് ഉണ്ടായിട്ടില്ല എന്ന കാര്യം എനിക്ക് ഉറപ്പാണ്. ഉപനായകനായി തന്നെ ഹർദിക് ഇന്ത്യൻ ടീമിലെത്തണം.
രോഹിത് ടീമിലില്ലാത്ത സമയത്ത് നായകത്വം എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള താരമാണ് പാണ്ഡ്യ. അത് വ്യക്തമാക്കുന്നത് നായക സ്ഥാനത്തേക്കുള്ള അടുത്ത താരം പാണ്ഡ്യയാണ് എന്നത് തന്നെയാണ്. അവനെ ടീമിൽ ഉൾപ്പെടുത്തിയതിലൂടെ കൃത്യമായ ഒരു തീരുമാനമാണ് സെലക്ടർമാർ കൈക്കൊണ്ടിരിക്കുന്നത്. ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഒരു ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടറെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമോ?” – പ്രസാദ് ചോദിക്കുന്നു.
“കഴിഞ്ഞ സമയങ്ങളിൽ ഫോം കണ്ടെത്താൻ ഹർദിക്ക് വിഷമിച്ചു എന്ന കാര്യം സത്യമാണ്. പക്ഷേ അതിനിടെ ഒരുപാട് കാര്യങ്ങൾ സംഭവിക്കുകയും ചെയ്തു. മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനം ലഭിച്ചത് ഹർദിക്കിന്റെ ഫോമിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരിക്കൽ അവൻ ഇന്ത്യൻ ജേഴ്സി അണിയുമ്പോൾ ഐപിഎല്ലിലെ ഫോം അവനെ വിട്ടു പോകും എന്നാണ് ഞാൻ കരുതുന്നത്. ഏതൊക്കെ എക്സ്പേർട്ടുകൾ എന്തൊക്കെ പറഞ്ഞാലും, നിലവിൽ ഹർദിക് പാണ്ഡ്യയെക്കാൾ മികച്ച ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർ ഇന്ത്യ രാജ്യത്തില്ല എന്ന കാര്യം ഞാൻ വീണ്ടും ആവർത്തിക്കുകയാണ്.”- പ്രസാദ് കൂട്ടിച്ചേർത്തു.
‘ഹർദിക് ഈ മോശം ഫോമിൽ നിന്ന് തിരികെയെത്തും എന്നാണ് ഞാൻ കരുതുന്നത്. മികച്ച പ്രകടനം ലോകകപ്പിൽ കാഴ്ചവയ്ക്കാൻ അവന് സാധിക്കും. ഇന്ത്യൻ ടീമിൽ എത്തുന്നതോടുകൂടി ഹർദ്ദിക്കിന്റെ റോളിൽ വലിയൊരു മാറ്റം ഉണ്ടാകും. മുംബൈ ഇന്ത്യൻസിൽ ഹർദിക്ക് പതറാൻ കാരണം റോളിൽ വ്യക്തതയില്ലാത്തതാണ്. ഗുജറാത്ത് ടൈറ്റൻസിൽ വളരെ മികച്ച പ്രകടനം ഹർദിക്ക് കാഴ്ച വെച്ചിരുന്നു. പക്ഷേ സൂപ്പർ താരങ്ങളാൽ സമ്പന്നമായ മുംബൈ ഇന്ത്യൻസ് ടീമിലെത്തിയതോടെ കൃത്യമായി ബാറ്റിംഗ് ഓർഡർ കണ്ടെത്താൻ പോലും ഹർദിക്കിന് സാധിച്ചില്ല. അവന്റെ റോളിനെ പറ്റി അവന് വ്യക്തതയില്ല എന്നാണ് എനിക്കിപ്പോൾ തോന്നുന്നത് എന്നിരുന്നാലും ഇന്ത്യൻ ടീമിൽ അവൻ മികവ് പുലർത്തിയേക്കും. “- പ്രസാദ് പറഞ്ഞു വയ്ക്കുന്നു..