ആരെ ഉപേക്ഷിച്ചാലും ആ 2 യുവതാരങ്ങളെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം. മുൻ പേസറുടെ ആവശ്യം ഇങ്ങനെ.

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച് വളരെ നിർണായകമായ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് നടക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ താരങ്ങൾക്ക് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കൂ. ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കുന്നത്.

ടൂർണമെന്റിന്റെ സ്ക്വാഡിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ യുവതാരങ്ങൾ എല്ലാവരും. നിലവിൽ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്തേണ്ട പ്രധാന താരങ്ങളെ ചൂണ്ടിക്കാട്ടിൽ രംഗത്തെത്തിയിരിക്കുകയാണ് മുൻ പേസ് ബോളർ വെങ്കിടേഷ് പ്രസാദ്. ഇന്ത്യ തീർച്ചയായും ചെന്നൈ സൂപ്പർ കിംഗ്സ് താരം ശിവം ദുബെയെയും കൊൽക്കത്തയുടെ താരം റിങ്കൂ സിങ്ങിനേയും ട്വന്റി20 ലോകകപ്പിൽ ഉൾപ്പെടുത്തണം എന്നാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്.

ഇത്തവണത്തെ ഐപിഎല്ലിൽ ഈ താരങ്ങൾ നടത്തിയിരിക്കുന്ന വമ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വെങ്കിടേഷിന്റെ ഈ നിർദ്ദേശം. ചെന്നൈക്കായി ഈ ഐപിഎല്ലിൽ 160 നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ ശിവം ദുബെയ്ക്ക് സാധിക്കുന്നുണ്ട്. വെസ്റ്റിൻഡീസിലെ സ്പിന്നിന് അനുകൂലമായ സാഹചര്യത്തിൽ ദുബെയുടെ വെടിക്കെട്ട് ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യൻ ടീമിൽ ഫിനിഷറായി റിങ്കു സിങ് എത്തണമെന്നും വെങ്കിടേഷ് പ്രസാദ് നിർദ്ദേശിക്കുന്നു. റിങ്കുവിന്റെ കൊൽക്കത്ത ടീമിലെ മികവാർന്ന പ്രകടനങ്ങളാണ് ഇത്തരം ഒരു നിർദ്ദേശത്തിന് കാരണം.

“ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് സംബന്ധിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സ്പിന്നർമാർക്കെതിരെ വമ്പൻ വെടിക്കെട്ട് തീർക്കാൻ സാധിക്കുന്ന ശിവം ദുബെ ടീമിൽ ഉണ്ടാവണം. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ സൂര്യകുമാർ യാദവും ടീമിൽ ആവശ്യമാണ്. ഒപ്പം മികച്ച ഫിനിഷിംഗ് കഴിവുള്ള റിങ്കൂ സിങ്ങിനേയും ഞാൻ ടീമിലേക്ക് നിർദേശിക്കുകയാണ്.”

“ട്വന്റി20 ലോകകപ്പിനുള്ള പ്ലെയിങ് ഇലവനിൽ ഈ 3 താരങ്ങളെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയാൽ അത് മികച്ച ഒരു തീരുമാനമായിരിക്കും. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇവർക്കൊപ്പം ചേരുമ്പോൾ കേവലം ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ സ്ലോട്ട് മാത്രമാവും ബാക്കി ഉണ്ടാവുക. ഈ കാര്യങ്ങളൊക്കെയും എങ്ങനെ മുൻപോട്ടു പോകുമെന്ന് കണ്ടു തന്നെ അറിയേണ്ടതാണ്.”- വെങ്കിടേഷ് പ്രസാദ് പറയുന്നു.

2023 ആഗസ്റ്റിൽ അയർലൻഡിനെതിരെ ആയിരുന്നു റിങ്കു തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്. ശേഷം ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് റിങ്കു കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ 9 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യക്കായി റിങ്കു കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 69.5 എന്ന ഉയർന്ന ശരാശരി 278 റൺസ് സ്വന്തമാക്കാൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോളിൽ വിശ്വസ്തനായി തന്നെ റിങ്കു ലോകകപ്പിലേക്ക് എത്തും.

Previous article“ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും “- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.
Next article“ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്”. വിജയത്തിന് ശേഷം ഋതുരാജ്.