ഡൽഹിയ്ക്കെതിരായ മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് റിയാൻ പരഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു. കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാൻ പരാഗിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
പക്ഷേ എല്ലാ വിമർശനങ്ങൾക്കുള്ള മറുപടി ബാറ്റിങ്ങിലൂടെ നൽകിയിരിക്കുകയാണ് റിയാൻ പരാഗ് ഇപ്പോൾ. മത്സരത്തിൽ 45 പന്തുകൾ നേരിട്ട് 84 റൺസാണ് പരാഗ് സ്വന്തമാക്കിയത്. ഇത് രാജസ്ഥാന് മത്സരത്തിൽ മികച്ച ഒരു സ്കോർ സമ്മാനിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിനു മുൻപ് താൻ അസുഖ ബാധിതനായിരുന്നു എന്നും പെയിൻ കില്ലറുകൾ എടുത്ത ശേഷമാണ് മൈതാനത്തേക്ക് എത്തിയത് എന്നുമാണ് പരാഗ് ഇന്നിങ്സിന് ശേഷം പറഞ്ഞത്.
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് റിയാൻ പരാഗ് തന്നെയായിരുന്നു. ഈ സമയത്താണ് തനിക്ക് രണ്ടു ദിവസം മുൻപ് അസുഖം ബാധിച്ചതിനെ പറ്റി പരാഗ് സംസാരിച്ചത്. “കഴിഞ്ഞ 3 ദിവസങ്ങളിൽ എനിക്ക് ഒരുപാട് കഠിനപ്രയത്നങ്ങൾ ചെയ്യേണ്ടിവന്നു. ഞാൻ കിടക്കയിൽ ആയിരുന്നു. ഞാൻ അസുഖ ബാധിതനായിരുന്നു. ഇന്ന് വേദനസംഹാരികളുടെ സഹായത്തോടെയാണ് ഞാൻ എഴുന്നേറ്റത്. എന്നിട്ടും ഇന്ന് നല്ല പ്രകടനം കാഴ്ചവെക്കാൻ എനിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ വലിയ സന്തോഷം എനിക്കുണ്ട്.”- പരാഗ് പറഞ്ഞു.
തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് ശൈലിയിൽ യാതൊരു മാറ്റവും വരുത്താൻ താൻ ഉദ്ദേശിക്കുന്നില്ലയെന്നും പരാഗ് പറയുകയുണ്ടായി. “എന്നെക്കുറിച്ച് എന്റെ തീരുമാനങ്ങളിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കിയുള്ളവർ എന്തു പറയുന്നുവെന്നോ എന്തു മാറ്റങ്ങൾ നിർദ്ദേശിക്കുന്നുവെന്നോ എന്റെ കാര്യമല്ല. ഇത്തരം മാറ്റങ്ങൾ ഞാൻ വരുത്താറില്ല. മികച്ച പ്രകടനങ്ങൾ നടത്തിയാലും ഇല്ലെങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ചെയ്യുന്നത്.”
“ഇന്നത്തെ മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നുവെങ്കിലും ഞാൻ എന്റെ തീരുമാനങ്ങളിൽ മാറ്റം ഉണ്ടാക്കില്ലായിരുന്നു. ഇത്തരം ടൂർണമെന്റുകളിൽ അങ്ങനെ ഉറച്ചു നിൽക്കുകയാണ് വേണ്ടത് എന്ന് ഞാൻ കരുതുന്നു. ആഭ്യന്തര സീസണിൽ സീസണിൽ ഒരുപാട് റൺസ് സ്വന്തമാക്കാൻ സാധിച്ചാൽ നമുക്കൊക്കെയും ഒരുപാട് ആത്മവിശ്വാസം ലഭിക്കുമെന്നും എനിക്ക് തോന്നിയിട്ടുണ്ട്.”- പരാഗ് കൂട്ടിച്ചേർത്തു.
മികച്ച തുടക്കം തന്നെയാണ് പരാഗിന് ലഭിച്ചിട്ടുള്ളത്. സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിലും പരഗിന് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നു. ശേഷമാണ് ഡൽഹിക്കെതിരെ പരാഗ് വെടിക്കെട്ട് ഇന്നിങ്സ് നേടിയത്. ഏപ്രിൽ ഒന്നിന് മുംബൈക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം നടക്കുന്നത്.
നിലവിൽ തുടർച്ചയായി രണ്ടു വിജയങ്ങൾ നേടിയതിനാൽ തന്നെ ഈ വിജയ പരമ്പര പിന്തുടരാണ് രാജസ്ഥാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും മുൻനിരയിലെ ബാറ്റിംഗ് തകർച്ചകൾ രാജസ്ഥാനെ ബാധിക്കുന്നുണ്ട്.