ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ടത് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. മത്സരത്തിന് ശേഷം ഇന്ത്യക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുകയുണ്ടായി. പ്രധാനമായും ബോളിങ്ങിൽ വന്ന പാളിച്ചകളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറിയത്. മാത്രമല്ല ബാറ്റർമാർ പ്രതീക്ഷിക്കൊത്ത് ഉയരാതെ വന്നതും ഇന്ത്യയെ മത്സരത്തിൽ ബാധിച്ചിരുന്നു.
അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോൾ ഒന്നാം ടെസ്റ്റിലുണ്ടായ പിഴവുകളൊക്കെയും മാറ്റിവെച്ച് മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിനായി ഇന്ത്യൻ ടീമിന് ചില നിർദ്ദേശങ്ങൾ നൽകുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യ തങ്ങളുടെ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചാണ് പത്താൻ സംസാരിച്ചത്.
ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് അശ്വിന്റെ പക്ഷം. അശ്വിൻ ആദ്യ മത്സരത്തിൽ ബോളിങ്ങിൽ തിളങ്ങിയെങ്കിലും, ഇന്ത്യയ്ക്ക് ആവശ്യം ഏഴാം നമ്പറിൽ നന്നായി ബാറ്റ് ചെയ്യുന്ന ഒരു താരത്തെയാണ് എന്ന് പത്താൻ പറയുകയുണ്ടായി.
“രവീന്ദ്ര ജഡേജ ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യണം. ആദ്യ ടെസ്റ്റിൽ, അത്തരമൊരു പിച്ചിൽ അശ്വിനിൽ നിന്ന് പ്രതീക്ഷിച്ചതുപോലെ മികച്ച രീതിയിലുള്ള ബോളിംഗ് പ്രകടനമുണ്ടായി. പക്ഷേ ഏഴാം നമ്പറിൽ മികച്ച നിയന്ത്രണത്തോടെ ബാറ്റ് ചെയ്യുന്ന ജഡേജയെ നമുക്ക് ആവശ്യമാണ്.”- പത്താൻ പറയുന്നു.
ആദ്യ മത്സരത്തിൽ ബോളിങ്ങിൽ പരാജയപ്പെട്ടെങ്കിലും പ്രസീദ് കൃഷ്ണയെ ഇന്ത്യ പരിഗണിക്കണം എന്നാണ് അശ്വിന്റെ പക്ഷം. പ്രസീദ് നെറ്റ്സിൽ ആത്മവിശ്വാസം പുലർത്തുന്നുണ്ടെങ്കിൽ രണ്ടാം മത്സരത്തിലും കളിപ്പിക്കാൻ തയ്യാറാവണമെന്ന് പത്താൻ പറഞ്ഞു.
“രോഹിത് ശർമയുടെ വീക്ഷണത്തിൽ നിന്ന് ചിന്തിച്ചാൽ ഈ ബോളിംഗ് ആക്രമണം കൊണ്ടുതന്നെ മുന്നോട്ട് പോകുന്നതാണ് അത്യുത്തമം. പക്ഷേ ഇന്ത്യ ഒരു മാറ്റത്തെപ്പറ്റി ചിന്തിക്കുന്നുണ്ടെങ്കിൽ പ്രസീദ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാർ ടീമിലേക്ക് എത്തണം. എന്നിരുന്നാലും പ്രസീദ് നെറ്റ്സിൽ ആത്മവിശ്വാസം പുലർത്തുന്നുണ്ടെങ്കിൽ രണ്ടാം ടെസ്റ്റിലും അയാൾക്ക് പിന്തുണ നൽകണമെന്നാണ് എന്റെ പക്ഷം.”- പത്താൻ കൂട്ടിച്ചേർത്തു.
ആദ്യ ടെസ്റ്റ് മത്സരത്തിൽ അശ്വിൻ എറിഞ്ഞത് 19 ഓവറുകളായിരുന്നു. ഇതിൽ നിന്ന് 41 റൺസ് വിട്ടു നൽകി ഒരു വിക്കറ്റ് സ്വന്തമാക്കാനും അശ്വിന് സാധിച്ചിരുന്നു. മറുവശത്ത് പ്രസീദ് കൃഷ്ണ 19 ഓവറകളിൽ നിന്ന് 93 റൺസ് വിട്ടു നൽകുകയുണ്ടായി. പ്രസീദു ഒരു വിക്കറ്റാണ് നേടിയത്. രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോൾ ബോളിങ്ങിൽ കൂടുതൽ മികവ് പുലർത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്. അല്ലാത്തപക്ഷം ദുർഘടമായ സാഹചര്യത്തിൽ മത്സരത്തിൽ വിജയിക്കുക എന്നത് അപ്രയോഗികമായി മാറിയേക്കും.