അശ്വിനൊപ്പം അബദ്ധത്തിൽ രഹാനെയ്ക്കും പൂജാരയ്ക്കും യാത്രയയപ്പ് നൽകി രോഹിത്

ഗാബ ടെസ്റ്റ് മത്സരത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. രോഹിത്തിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടാണ് അശ്വിൻ ഈ തീരുമാനം അറിയിച്ചത്. ഇതിന് ശേഷം രോഹിത് ശർമ അശ്വിന് യാത്രയയപ്പ് നൽകി സംസാരിക്കുകയുണ്ടായി.

ഇതിനിടെ ഇന്ത്യയുടെ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി. അശ്വിൻ ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകളെ പറ്റി വാചാലനായ രോഹിത് പൂജാരയെയും രഹാനയെയും കുറിച്ച് അല്പം സംസാരിക്കുകയായിരുന്നു.

“ഞാനും രഹാനെയും ഒരേ സ്ഥലത്തുനിന്ന് വരുന്നവരാണ്. ഞങ്ങൾ മുംബൈയിൽ വെച്ച് കണ്ടിരുന്നു. പൂജാര ഇപ്പോൾ രാജ്ക്കോട്ടിൽ എവിടെയോ ആണുള്ളത്. ഉടനെ തന്നെ അവനെയും കാണാൻ സാധിക്കും. അശ്വിനും നമുക്കൊപ്പമുണ്ട്. അതുകൊണ്ട് അശ്വിനെയും ഇടയ്ക്ക് കാണാൻ സാധിക്കും എന്ന് ഞാൻ കരുതുന്നു. അശ്വിൻ ഇനി ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാവില്ല. പക്ഷേ ഭാവിയിൽ പലയിടത്തും നമുക്ക് അശ്വിനെ കാണാനും സംസാരിക്കാനും സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.”- രോഹിത് ശർമ പറയുന്നു. എന്നാൽ അശ്വിനെ പറ്റി സംസാരിക്കുന്നതിനിടെ രഹാനെയുടെയും പൂജാരയുടെയും കാര്യം സംസാരിച്ചത് ഒരു പിഴവായി രോഹിത്തിന് തോന്നി. ഇതിന് മറുപടിയും രോഹിത് നൽകുകയുണ്ടായി.

“ആരും തെറ്റിദ്ധരിക്കരുത്. ഇതുവരെ രഹാനെയും പൂജാരയും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. തെറ്റിദ്ധാരണയുടെ പേരിൽ ഭാവിയിൽ എനിക്കും പ്രശ്നങ്ങൾ ഉണ്ടാവാൻ പാടില്ല. ഇതു താരങ്ങളും ഇപ്പോൾ ഇന്ത്യൻ ടീമിനൊപ്പമില്ല എന്നത് മാത്രമാണ് ഞാൻ ഇവിടെ ഉദ്ദേശിച്ചത്. പക്ഷേ അവർക്കായുള്ള വാതിലുകൾ എല്ലായിപ്പോഴും തുറന്നു തന്നെ കിടക്കും.”- രോഹിത് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളായിരുന്നു രഹാനെയും പൂജാരയും. എന്നാൽ ഇന്ത്യൻ ടീമിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്നതോടെ ടീമിൽ നിന്ന് ഇരുവരും പുറത്താവുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ മികച്ച പ്രകടനങ്ങളാണ് അജിങ്ക്യ രഹാനെ കാഴ്ചവയ്ക്കുന്നത്. സൈദ് മുഷ്‌തഖ്‌ അലി ട്രോഫി ടൂർണമെന്റിൽ മുംബൈ ടീമിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച രഹാനെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ചിരുന്നു. അതേസമയം പൂജാരയ്ക്ക് നിലവിൽ മികച്ച ഫോമിലേക്ക് തിരികെയെത്താൻ സാധിച്ചിട്ടില്ല. ഇരുവരും ആഭ്യന്തര ക്രിക്കറ്റിൽ ഇനിയും മികവ് പുലർത്തിയാൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Previous articleപരിശീലന ക്യാമ്പിൽ എത്തിയില്ല. സഞ്ജുവിനെ ഒഴിവാക്കി കേരള ടീം. വിജയ് ഹസാരെയിൽ കളിക്കില്ല.