ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കമല്ല ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ വിജയം സ്വന്തമാക്കിയെങ്കിലും പിന്നീട് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും ചെന്നൈയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് ശേഷം ചെന്നൈ തങ്ങളുടെ ടീമിൽ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ക്രിസ് ശ്രീകാന്ത്.
ചെന്നൈ തങ്ങളുടെ ബോളിംഗ് ലൈനപ്പിൽ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നാണ് ശ്രീകാന്ത് പറയുന്നത്. യുവതാരമായ അൻഷുൽ കാംബോജിനെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീകാന്ത് പറയുന്നു. ഒപ്പം രവിചന്ദ്രൻ അശ്വിനെ ഇനി പവർപ്ലേ ഓവറുകളിൽ എറിയിക്കാൻ പാടില്ലയെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. 7 മുതൽ 18 വരെയുള്ള ഓവറുകളിലാണ് അശ്വിൻ കൂടുതൽ അപകടകാരി എന്നാണ് ശ്രീകാന്തിന്റെ വിലയിരുത്തൽ.
“ജാമി ഓവർടൺ കളിക്കുന്ന സ്ഥാനത്തേക്ക് കോൺവെയെ കൊണ്ടുവരാൻ ചെന്നൈ ശ്രമിക്കണം. മാത്രമല്ല തങ്ങളുടെ പ്ലെയിങ് ഇലവനിലേക്ക് യുവ പേസറായ അൻഷുൽ കാംബോജിനെയും ചെന്നൈ ഉൾപ്പെടുത്തണം. അശ്വിനെപ്പറ്റി പറയുകയാണെങ്കിൽ അവനെ ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. പക്ഷേ പവർപ്ലെ ഓവറുകളിൽ അവന് പന്ത് നൽകരുത്. കാരണം 7 മുതൽ 18 വരെയുള്ള ഓവറുകളിലാണ് അശ്വിൻ കൂടുതൽ അപകടകാരി. ജഡേജ, നൂർ അഹമദ് എന്നീ മികച്ച സ്പിന്നർമാർ ടീമിലുള്ളതിനാൽ തന്നെ 10 ഓവറുകൾ അവർക്ക് അനായാസം പന്തറിയാൻ സാധിക്കും. ചെന്നൈ ഇപ്പോൾ ഒഴിവാക്കേണ്ടത് ത്രിപാതിയെയാണ്. ശേഷം കാംബോജിനെയും കോൺവേയെയും ടീമിൽ ഉൾപ്പെടുത്തണം.”- ശ്രീകാന്ത് പറയുന്നു.
ഇതുവരെ ഈ ഐപിഎല്ലിൽ 3 മത്സരങ്ങളിൽ കളിച്ച അശ്വിൻ 3 വിക്കറ്റുകൾ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. 33 എന്ന ശരാശരിയിലാണ് അശ്വിന്റെ വിക്കറ്റ് നേട്ടം. മാത്രമല്ല 9.9 എന്ന ഉയർന്ന എക്കണോമി റേറ്റും അശ്വിനെതിരെ ബാറ്റർമാർ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ചെന്നൈ ടീമിന്റെ ഇമ്പാക്ട് താരമായി കളിച്ച ശിവം ദുബെയെ ഇനിയും അത്തരത്തിൽ കളിപ്പിക്കാൻ പാടില്ല എന്നും ശ്രീകാന്ത് പറഞ്ഞു. ശിവം ദുബയെ പ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തി ആൻഡ്ര സിദ്ധാർത്ഥിനെ ഇമ്പാക്ട് സബ്സ്റ്റിട്യൂട്ടാക്കി ചെന്നൈ കളിക്കണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
“ഞാനായിരുന്നുവെങ്കിൽ ശിവം ദുബെയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേനെ. മാത്രമല്ല ആൻഡ്ര സിദ്ധാർത്ഥിനെ ഇമ്പാക്ട് താരമായി ഞാൻ ഉൾപ്പെടുത്തിയേനെ. മുകേഷ് ചൗദരിയെ ടീമിൽ കളിപ്പിച്ചാലും അത് മികച്ച ഒരു ഓപ്ഷനാണ്. കാരണം ചെന്നൈയ്ക്കായി മുൻപ് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ചരിത്രം മുകേഷിനുണ്ട്.”- ശ്രീകാന്ത് പറഞ്ഞു വെക്കുന്നു. ഏപ്രിൽ അഞ്ചിന് ഡൽഹി ക്യാപിറ്റൽസ് ടീമിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ അടുത്ത മത്സരം നടക്കുന്നത്.