പാകിസ്ഥാനെതിരായ മത്സരത്തിൽ 6 റൺസിന്റെ ആവേശ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ പരാജയത്തിന്റെ വക്കിൽ നിന്നാണ് ബുമ്ര നയിക്കുന്ന ബോളിങ് നിര ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 119 റൺസിന് പുറത്താവുകയുണ്ടായി. മറുപടി ബാറ്റിംഗിൽ മികച്ച നിലയിലാണ് പാകിസ്ഥാൻ മുന്നേറിയത്.
എന്നാൽ കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തി ബൂമ്രയും ഹർദിക് പാണ്ട്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയുണ്ടായി. അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ തീപാറിച്ചപ്പോൾ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ തങ്ങൾക്ക് നന്നായി ബാറ്റ് ചെയ്യാൻ സാധിച്ചില്ലയെന്നും ബോളിങ്ങിൽ ബൂമ്ര അടക്കമുള്ളവർ മികവുകാട്ടിയെന്നും രോഹിത് ചൂണ്ടിക്കാട്ടുന്നു. “ഞങ്ങൾക്ക് മത്സരത്തിൽ വേണ്ട രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചില്ല. ഞങ്ങളുടെ ബാറ്റിംഗ് ഇന്നിങ്സിന്റെ പാതി വഴി വരെ ഞങ്ങൾ മികച്ച പൊസിഷനിലായിരുന്നു. എന്നാൽ പിന്നീട് കൃത്യമായ രീതിയിൽ നല്ല കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. ഇങ്ങനെ ഞങ്ങൾ ബാറ്റിംഗിൽ പരാജയപ്പെടുകയാണ് ചെയ്തത്.”
“ഈ പിച്ചിൽ നേടുന്ന ഓരോ റൺസും വിലപ്പെട്ടതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. മാത്രമല്ല പിച്ചിൽ ബാറ്റർമാർക്കും ബോളർമാർക്കും ആവശ്യമായത് ഉണ്ടായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞ മത്സരത്തിലേതിനെ അപേക്ഷിച്ച് വളരെ നല്ല വിക്കറ്റാണ് ഇത്തവണ ഉണ്ടായിരുന്നത്.”- രോഹിത് പറയുന്നു.
“മികച്ച ഒരു ബോളിംഗ് ലൈനപ്പ് ആണ് ഞങ്ങൾക്കുള്ളത്. അത് ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. പാക്കിസ്ഥാൻ ബാറ്റിംഗിന്റെ പാതിവഴി എത്തിയപ്പോൾ ഞങ്ങൾ എല്ലാവരും ഒത്തുകൂടുകയുണ്ടായി. നമുക്ക് ബാറ്റിംഗിൽ അത്തരമൊരു ദുരന്തം സംഭവിച്ചാൽ അവർക്കും അത് സംഭവിക്കാം എന്ന് ഞങ്ങൾ പറഞ്ഞു. എല്ലാവരിൽ നിന്നും ചെറിയ സംഭാവനകൾ എത്തുമ്പോൾ മത്സരഫലം തന്നെ മാറിമറിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. മാത്രമല്ല ബൂമ്ര അത്യുഗ്രൻ ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്. അവൻ കൂടുതൽ ശക്തനായി മാറിക്കൊണ്ടിരിക്കുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.
“എന്താണ് ബുമ്രയ്ക്ക് ചെയ്യാൻ സാധിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ തന്നെ അവനെപ്പറ്റി കൂടുതൽ ഞാൻ സംസാരിക്കുന്നില്ല. ഈ ലോകകപ്പിലുടടനീളം അവൻ ഈ മനോഭാവത്തോടെ കളിക്കും എന്നാണ് ഞാൻ കരുതുന്നത്. ഒരു ജീനിയസ് ബോളറാണ് ബുമ്ര. നമുക്കെല്ലാവർക്കും അക്കാര്യം അറിയാം. ഇവിടെ ഞങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.”
“ഞങ്ങൾ കളിക്കുന്നിടത്തൊക്കെയും അവർ ഞങ്ങളെ നിരാശരാക്കാറില്ല. ഈ മത്സരത്തിന് ശേഷം വലിയ ചിരിയോടെ തന്നെയാവും അവരെല്ലാവരും വീട്ടിലേക്ക് മടങ്ങുക എന്ന് എനിക്കറിയാം. ഇതൊരു ചെറിയ തുടക്കം മാത്രമാണ്. ഇനിയും ഞങ്ങൾക്ക് ദൂരം താണ്ടാനുണ്ട്.”- രോഹിത് പറഞ്ഞുവെക്കുന്നു.