“അവൻ രോഹിത് ശർമയെ പോലെയുള്ള താരം, പിന്തുണയ്ക്കണം “. ഇന്ത്യയുടെ യുവതാരത്തെ പറ്റി ഇർഫാൻ പത്താൻ.

GRRF8EuWkAAlyeY

2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയത്തിന് ശേഷം വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പ്രശംസകളുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ടൂർണമെന്റിൽ വിക്കറ്റ് കീപ്പർ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും മികവ് പുലർത്താൻ പന്തിന് സാധിച്ചു എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്.

ഇത്തവണത്തെ ലോകകപ്പിൽ 13 ക്യാച്ചുകൾ ആയിരുന്നു പന്ത് സ്വന്തമാക്കിയത്. ഒരു സ്റ്റമ്പിങ്ങും പന്ത് നടത്തുകയുണ്ടായി. മാത്രമല്ല ടൂർണമെന്റിൽ 171 റൺസാണ് പന്ത് സ്വന്തമാക്കിയത്. 24.42 എന്ന ശരാശരിയിൽ ആയിരുന്നു പന്തിന്റെ ഈ ബാറ്റിംഗ് പ്രകടനം.

“ആദ്യമേ, കീപ്പിങ്ങിന്റെ കാര്യത്തിൽ അവൻ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. 14 പുറത്താക്കലുകൾ നടത്താൻ അവന് സാധിച്ചു. ഒരു ലോകകപ്പ് ടൂർണമെന്റിന്റെ സിംഗിൾ എഡിഷനിൽ ഏറ്റവുമധികം പുറത്താക്കലുകൾ നടത്തുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും പന്ത് സ്വന്തമാക്കി. ടൂർണമെന്റിൽ അവനെടുത്ത പല ക്യാച്ചുകളും വളരെ അവിശ്വസനീയം തന്നെയായിരുന്നു. അത് അവന് ലഭിച്ച അംഗീകാരം കൂടുതൽ അർത്ഥവത്താക്കുന്നു.”- ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ഒരു മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ പന്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അത് പലപ്പോഴും അവനെ സന്തോഷവാനല്ലാത്ത രീതിയിൽ കാണാനും ഇടയുണ്ടാക്കി. പക്ഷേ ആ സംഭവം മാറ്റിനിർത്തിയാൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ റോളിൽ വിക്കറ്റിന് പിന്നിൽ പ്രവർത്തിക്കാൻ പന്തിന് സാധിച്ചു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇൻസൈഡ് എഡ്ജിൽ വന്ന ഒരു ക്യാച്ച് അവൻ അവിസ്മരണീയമായി സ്വന്തമാക്കുകയുണ്ടായി. ഒരുപക്ഷേ ആ ക്യാച്ച് അവൻ സ്വന്തമാക്കിയില്ലായിരുന്നു എങ്കിൽ 4 റൺസ് പാക്കിസ്ഥാന് ലഭിച്ചേനെ. മാത്രമല്ല അത് അർഷദീപ് സിംഗിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്തേനെ. മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാനും അതൊരു കാരണമായേനെ. പക്ഷേ ഇത്തരം മികവ് കൊണ്ട് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പന്തിന് സാധിച്ചു.”- പത്താൻ കൂട്ടിച്ചേർക്കുന്നു.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

“ടൂർണമെന്റിന്റെ പല സമയങ്ങളിലും ആദ്യ വിക്കറ്റ് നഷ്ടമായതിന് ശേഷം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഇല്ലാതാവുന്നത് നമ്മൾ കണ്ടു. മാത്രമല്ല കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും നമ്മളുടെ ബാറ്റിങ്ങിലെ പ്രതിരോധാത്മക സമീപനം നമ്മെ പിന്നിലേക്ക് അകറ്റിയിരുന്നു. എന്നാൽ ഇവിടെയാണ് പന്ത് മികവ് പുലർത്തിയത്. ഭയപ്പാടില്ലാതെ ടീമിനായി കളിക്കാൻ പന്തിന് സാധിച്ചു. പല സമയത്തും അവന്റെ റിസ്കി ഷോട്ടുകളെ നമ്മൾ വിമർശിക്കുകയുണ്ടായി.”

“പക്ഷേ ആക്രമണ ശൈലി അവന്റെ സ്വാഭാവിക മത്സരമാണ്. കഴിഞ്ഞ സമയങ്ങളിൽ നമ്മൾ മറ്റു ക്രിക്കറ്റർമാരെ പിന്തുണച്ചതുപോലെ ഇപ്പോൾ പന്തിനെയും പിന്തുണയ്ക്കേണ്ടതുണ്ട്. രോഹിത് ശർമയെപ്പോലെ പന്തും ഭയപ്പാടില്ലാത്ത ഒരു താരമാണ്. മാത്രമല്ല ഇന്ത്യയുടെ ടോപ് ഓർഡറിൽ ഒരു എക്സ് ഫാക്ടറായി മാറാനും പന്തിന് സാധിച്ചിട്ടുണ്ട്. ഇത്തരം താരങ്ങളെയാണ് നമുക്കിപ്പോൾ ആവശ്യം.”- പത്താൻ പറഞ്ഞു വെക്കുന്നു.

Scroll to Top