അവൻ മികവ് പുലർത്തിയാലേ ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിക്കൂ. ഇന്ത്യൻ ഓൾറൗണ്ടറെ പറ്റി നയൻ മോംഗിയ..

2024 ട്വന്റി20 ലോകകപ്പിന് തൊട്ടു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 60 റൺസിനായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. പൂർണമായും ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് റിഷഭ് പന്തും ഹർദിക് പാണ്ഡ്യയും ആയിരുന്നു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഇന്നിങ്സ് കേവലം 122 റൺസിൽ അവസാനിക്കുകയും ചെയ്തു. മത്സരത്തിലെ ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മത്സരത്തിൽ 23 പന്തുകളിൽ 40 റൺസാണ് ഹർദിക് നേടിയത്.

2024 ഐപിഎൽ സീസണിൽ മോശം പ്രകടനമായിരുന്നു ഹർദിക് കാഴ്ചവച്ചത്. ഇതിനിടെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ ഹർദിക്കിനെ ഉൾപ്പെടുത്തുകയും ചെയ്തു. ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിക്കെതിരെ ഉയർന്നത്. മോശം ഫോമിൽ കളിക്കുന്ന താരത്തെ ടീമിൽ എടുത്തതിനെ പലരും വിമർശിക്കുകയുണ്ടായി.

പക്ഷേ പരിശീലന മത്സരത്തിൽ ഹർദിക്ക് തന്റെ ഫോമിലേക്ക് ഉയർന്നതാണ് കാണുന്നത്. ഈ സമയത്ത് ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നയൻ മോംഗിയ. വലിയ മത്സരങ്ങളിൽ ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് ഹർദിക് പാണ്ഡ്യ എന്ന മോംഗിയ പറയുകയുണ്ടായി.

“എന്റെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. ഹാർദിക് മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കൂ. കഴിഞ്ഞ ഐപിഎല്ലിൽ മികച്ച ഫോമിലായിരുന്നില്ല ഹർദിക് പാണ്ഡ്യ കളിച്ചത്. പക്ഷേ നിർണായക മത്സരത്തിൽ അവൻ ഒരു മികച്ച താരമാണ്.”

“ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലൂടെ അവൻ തന്റെ പഴയ ഫോം വീണ്ടെടുത്തു കഴിഞ്ഞു. 2024 ഐപിഎല്ലിൽ മുംബൈ ടീമിനായി നടത്തിയ പ്രകടനങ്ങളെ പറ്റി ഹർദിക് പാണ്ഡ്യ ഇപ്പോൾ ചിന്തിക്കുന്നില്ല. ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് അവന്റെ ലക്ഷ്യം.”- നയൻ മോംഗിയ പറഞ്ഞു.

2024 ഐപിഎല്ലിൽ നായകൻ എന്ന നിലയിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നില്ല. 11 മത്സരങ്ങളിൽ ബാറ്റ് ചെയ്ത പാണ്ഡ്യ 216 റൺസാണ് സീസണിൽ നേടിയത്. 11 വിക്കറ്റുകൾ സ്വന്തമാക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് മോംഗിയയെ ഇന്ത്യ ലോകകപ്പ് സ്ക്വാഡിൽ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയത്.

ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനവും ഉയർന്നു. എന്നിരുന്നാലും വരും മത്സരങ്ങളിലും പാണ്ഡ്യ ഈ ഫോം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്.

Previous articleപാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കും. പക്ഷേ ഈ ലോകകപ്പിൽ അക്കാര്യം ശ്രദ്ധിക്കണം. ഗാംഗുലിയുടെ ഉപദേശം.
Next articleസഞ്ജുവല്ല, പന്ത് തന്നെയാണ് ഇന്ത്യൻ ടീമിൽ കളിക്കേണ്ടത്. സഞ്ജുവിനെ കൈവിട്ട് ഗവാസ്കറും ഗാംഗുലിയും.