2024 ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ മറ്റൊരു വിപ്ലവവുമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതാരം ട്രിസ്റ്റൺ സ്റ്റബ്സ്. ഇത്തവണ ഡൽഹിക്കായി വമ്പൻ പോരാട്ടങ്ങൾ തന്നെയാണ് സ്റ്റബ്സ് നടത്തിയിട്ടുള്ളത്. പലപ്പോഴും ഡൽഹിക്കായി അവസാന ഓവറുകളിൽ വെടിക്കെട്ട് ആക്രമണം അഴിച്ചുവിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഡൽഹിയുടെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും സ്റ്റബ്സിന്റെ വെടിക്കെട്ട് പ്രകടനം കാണാൻ സാധിച്ചു. ശേഷം സ്റ്റബ്സിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പട്ടി റായിഡു. എ ബി ഡിവില്ലിയേഴ്‌സിനെ പോലെ ഒരു ക്രിക്കറ്ററായി മാറാൻ സാധിക്കുന്ന താരമാണ് സ്റ്റബ്സ് എന്ന് അമ്പാട്ടി റായിഡു പറയുകയുണ്ടായി.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഡൽഹിക്കായി അവസാന ഓവറുകളിൽ വമ്പൻ വെടിക്കെട്ടാണ് സ്റ്റബ്സ് തീർത്തത്. മത്സരത്തിൽ 25 പന്തുകൾ നേരിട്ട് സ്റ്റബ്സ് 57 റൺസ് സ്വന്തമാക്കുകയുണ്ടായി. 3 ബൗണ്ടറികളും 4 സിക്സറുകളുമാണ് സ്റ്റബ്സ് മത്സരത്തിൽ നേടിയത്. 228.1 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് സ്റ്റബ്സിന്റെ ഈ പോരാട്ടം. മാത്രമല്ല മത്സരത്തിൽ ആയുഷ് ബഡോണിയുടെ നിർണായകമായ വിക്കറ്റ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു.
ഇതുവരെ ഈ ഐപിഎല്ലിൽ 54 റൺസ് ശരാശരിയിൽ 378 റൺസാണ് താരം നേടിയിട്ടുള്ളത്. 190 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് സ്റ്റബ്സിന്റെ പോരാട്ടം. 13 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 3 അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ശേഷമാണ് താരത്തെ പ്രശംസിച്ചുകൊണ്ട് റായിഡു രംഗത്ത് എത്തിയത്.
“ട്രിസ്റ്റൻ സ്റ്റബ്സ് എല്ലാ തരത്തിലും ഒരു ഓൾറൗണ്ട് പാക്കേജാണ്. മത്സരത്തിൽ ഒരു മനോഹരമായ ഓവർ താരം ബോൾ ചെയ്തിരുന്നു. ഈ സീസണിൽ ആക്രമണോത്സുകമായ വെടിക്കെട്ട് തീർക്കാനും സ്റ്റബ്സിന് സാധിച്ചിട്ടുണ്ട്. എല്ലാ ലെങ്ത്തിൽ വരുന്ന പന്തുകളെയും അവൻ അടിച്ചകറ്റുന്നു. ഷോട്ട് ബോൾ മുതൽ ഫുള്ളർ ബോൾ വരെ അനായാസം അടിച്ചകറ്റാൻ അവന് സാധിക്കുന്നുണ്ട്.”
”സ്ലോ ബോളുകൾക്കെതിരെയും മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്. അവനൊരു അപാര പ്രതിഭയുള്ള ക്രിക്കറ്ററാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഡിവില്ലിയേഴ്സിന്റെ മാതൃകയിലുള്ള ഒരു ദക്ഷിണാഫ്രിക്കൻ താരം തന്നെയാണ് സ്റ്റബ്സ്. ഇനിയും സ്റ്റബ്സിന് ഒരുപാട് ദൂരം താണ്ടാനുണ്ടെന്ന് ഞാൻ കരുതുന്നു. ഭാവിയിൽ ഒരു എബി ഡിവില്ലിയേഴ്സായി മാറാൻ അവന് സാധിക്കും.”- റായിഡു പറഞ്ഞു.
ഈ സീസണിൽ ഡൽഹിക്കായി, പല മത്സരങ്ങളിലും അവസാന 3 ഓവറുകളിൽ സ്റ്റബ്സിന്റെ വെടിക്കെട്ട് കാണാൻ സാധിച്ചു. 18 മുതൽ 20 വരെയുള്ള ഓവറുകളിൽ ഇതുവരെ 54 പന്തുകൾ നേരിട്ട് 173 റൺസാണ് സ്റ്റബ്സ് നേടിയിട്ടുള്ളത്. 323 എന്ന ഉയർന്ന സ്ട്രൈക് റേറ്റും താരത്തിനുണ്ട്. ഡൽഹിക്കായി അവസാന 3 ഓവറുകളിൽ 13 ബൗണ്ടറികളും 15 സിക്സറുകളും താരം നേടിക്കഴിഞ്ഞു. ഡൽഹിയെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യം സ്റ്റബ്സിന്റെ പ്രകടനമാണ്. ഇത്തരത്തിൽ വരുന്ന സീസണുകളിലും സ്റ്റബ്സ് ഡൽഹിയിൽ തുടരും എന്നാണ് ടീമിന്റെ പ്രതീക്ഷ.