ഇന്ത്യക്കായി കഴിഞ്ഞ കാലങ്ങളിൽ വമ്പൻ ബോളിങ് പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ജസ്പ്രീറ്റ് ബുമ്ര. നിലവിൽ ഇന്ത്യൻ ബോളിങ് നിരയുടെ നട്ടെല്ലാണ് ബൂമ്ര എന്ന് നിസംശയം പറയാനാവും. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്രമല്ല ഐപിഎല്ലില്ലും വളരെ മികച്ച പ്രകടനങ്ങളാണ് ഇതുവരെ ബൂമ്ര പുറത്തെടുത്തിട്ടുള്ളത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനം മുംബൈ ഇന്ത്യൻസ് കാഴ്ചവെച്ചെങ്കിലും, ബൂമ്ര മികവ് പുലർത്തുകയുണ്ടായി.
ഇത്തവണത്തെ ഐപിഎല്ലിൽ 13 മത്സരങ്ങൾ കളിച്ച ബൂമ്ര 20 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 6.48 എന്ന കുറഞ്ഞ എക്കണോമി റേറ്റാണ് ബൂമ്രയുടെ മറ്റൊരു പ്രത്യേകത. താൻ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും അപകടകാരിയായ ബാറ്ററെ പറ്റിയാണ് ബൂമ്ര ഇപ്പോൾ സംസാരിക്കുന്നത്.
പല ബാറ്റർമാരുടെയും പേടി സ്വപ്നമാണ് ബൂമ്ര എന്ന കാര്യം ഉറപ്പാണ്. എന്നാൽ ഈ ബൂമ്രയെ പോലും ഞെട്ടിച്ച ബാറ്റർ ആരാണ് എന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഡിവില്ലിയേഴ്സോ വിരാട് കോഹ്ലിയോ സഞ്ജു സാംസണോ അല്ല തന്നെ മൈതാനത്ത് ഏറ്റവുമധികം ഞെട്ടിച്ചത് എന്ന് ബുമ്ര പറയുന്നു. ദക്ഷിണാഫ്രിക്കയുടെ മുൻതാരം ജെപി ഡുമിനിയാണ് തന്നെ ഞെട്ടിച്ച ബാറ്റർ എന്നാണ് താരം ചൂണ്ടിക്കാട്ടുന്നത്.
ബുമ്രയുടെ ഈ വെളിപ്പെടുത്തൽ പലർക്കും വലിയ സർപ്രൈസാണ്. എന്തുകൊണ്ടാണ് ഡുമിനിയെ താൻ ഇത്ര ഭയക്കുന്നത് എന്നും ബൂമ്ര പറയുന്നു. വളരെ വേഗത്തിലുള്ള ഫുട് വർക്കാണ് ഡുമിനിയുടെ പ്രത്യേകത എന്ന് ബൂമ്രാ കൂട്ടിച്ചേർക്കുകയുണ്ടായി. ഈ ഫുട് വർക്ക് ഉപയോഗിച്ച് വളരെ വേഗം തന്റെ ഷോട്ടുകൾ കളിക്കാൻ ഡുമിനിക്ക് സാധിക്കുമെന്നും ബൂമ്ര പറയുന്നു.
“ഐപിഎല്ലിൽ പല വമ്പൻ ബാറ്റർമാരെയും ഞാൻ നേരിട്ടിട്ടുണ്ട്. പക്ഷേ ഡുമിനിക്കെതിരെ പന്തറിയുക എന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യം. ഇതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഫുട് വർക്കാണ്. വളരെ വേഗത്തിൽ ഫുട് വർക്ക് ചെയ്യാൻ ഡുമിനിയ്ക്ക് സാധിക്കും. അതിനാൽ തന്നെ ഏതു ലൈനിൽ താരത്തിനെതിരെ പന്തെറിയണം എന്നത് പെട്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. എന്റെ കരിയറിന്റെ തുടക്ക സമയത്ത് ഞാൻ ഡുമിനിക്കെതിരെ വളരെയധികം പ്രയാസപ്പെട്ടിരുന്നു. ഇപ്പോഴും ഞാൻ പന്തെറിഞ്ഞതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റർ ഡുമിനി തന്നെയാണ്.”- ബുമ്ര പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായും ഇന്ത്യൻ പ്രീമിയർ ലീഗിലും വളരെ മികച്ച പ്രകടനങ്ങളാണ് ഡുമിനി തന്റെ കരിയറിൽ കാഴ്ച വെച്ചിട്ടുള്ളത്. 83 ഐപിഎൽ മത്സരങ്ങൾ താരം കളിക്കുകയുണ്ടായി. ഹൈദരാബാദ്, ഡൽഹി, ഡെക്കാൻ ചാർജേഴ്സ്, മുംബൈ ടീമുകൾക്കായാണ് ഡുമിനി കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത്. 2018ലായിരുന്നു ഡുമിനി അവസാനമായി ഐപിഎല്ലിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2029 റൺസാണ് നേടിയിട്ടുള്ളത്. അന്ന് പല ബോളർമാർക്കും വലിയ പേടിസ്വപ്നം തന്നെയായിരുന്നു ഡുമിനി.