അവസാന പന്തിൽ പവൽ നോട്ട്ഔട്ട്‌ ആയിരുന്നെങ്കിലും രാജസ്ഥാൻ തോറ്റേനെ. നിയമത്തിലെ വലിയ പിഴവ്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം ആയിരുന്നു ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാൻ ബാറ്റിംഗിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ അവസാന 4 ഓവറുകളിൽ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനത്തോടെ ഹൈദരാബാദ് തിരിച്ചുവരികയുണ്ടായി.

മത്സരത്തിന്റെ അവസാന പന്തിൽ 2 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന പന്ത് കൃത്യമായി പവലിന്റെ പാഡിൽ തട്ടുകയും, അമ്പയർ അത് ഔട്ട് വിധിക്കുകയുമാണ് ചെയ്തത്. ശേഷം പവൽ ഇത് റിവ്യൂവിന് വിട്ടെങ്കിലും കൃത്യമായി ഔട്ടാണ് എന്ന് ബോധ്യമായി. ഇതോടെ മത്സരത്തിൽ ഹൈദരാബാദ് ഒരു റണ്ണിന്റെ വിജയം നേടുകയായിരുന്നു.

ഈ മത്സരത്തോടുകൂടി ഐസിസി നിയമത്തിലെ ഒരു വലിയ വിള്ളലാണ് ഇപ്പോൾ ബോധ്യമായിരിക്കുന്നത്. ഒരു പന്തിൽ 2 റൺസ് വേണ്ടപ്പോൾ അമ്പയർ ഔട്ട് വിധിച്ചതിനെ സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ നിലവിൽ ആരാധകർക്ക് നിലനിൽക്കുന്നുണ്ട്.

പ്രസ്തുത ബോൾ റിവ്യൂ കൊടുത്ത സാഹചര്യത്തിൽ അമ്പയർ അത് പരിശോധിച്ച്, നോട്ടൗട്ട് ആവുകയായിരുന്നുവെങ്കിൽ രാജസ്ഥാൻ മത്സരത്തിൽ സമനില നേടുമായിരുന്നോ എന്ന ചോദ്യമാണ് നിലനിൽക്കുന്നത്. അത്തരത്തിൽ രാജസ്ഥാന് മത്സരത്തിൽ സമനില നേടാൻ സാധിക്കില്ല എന്നതാണ് വസ്തുത. പവൽ നൽകിയ റിവ്യൂ വിജയിക്കുകയും, അത് നോട്ടൗട്ടായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും മത്സരത്തിൽ ഹൈദരാബാദ് വിജയം സ്വന്തമാക്കിയേനെ.

കാരണം ഈ സാഹചര്യത്തിൽ ഓൺഫീൽഡ് അമ്പയറാണ് ഔട്ട് വിധിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഓൺഫീഡ് അംപയർ ഔട്ട് വിധിക്കുകയാണെങ്കിൽ ആ പന്ത് ഡെഡ് ബോളാണ്. പിന്നീട് ആ പന്തിൽ ലഭിക്കുന്ന ഒരു റൺ പോലും ടീമിന്റെ സ്‌കോറിനൊപ്പം കൂട്ടിച്ചേർക്കാൻ സാധിക്കില്ല. അമ്പയറുടെ തീരുമാനത്തിൽ മാറ്റം വന്നാലും പന്തിൽ യാതൊരു റണ്ണും ബാറ്റിംഗ് ടീമിന് ലഭിക്കില്ല. അതായത് ആ പന്ത് പവലിന്റെ എഡ്ജിൽ കൊള്ളുകയും, ഓൺഫീഡ് അമ്പയർക്ക് അത് മനസ്സിലാവാതെ വരികയും, പിന്നീട് അത് കണ്ടുപിടിക്കുകയും ചെയ്താൽ പോലും രാജസ്ഥാൻ മത്സരത്തിൽ പരാജയപ്പെട്ടേനെ.

“മത്സരങ്ങളിൽ ഒരു താരത്തിന്റെ റിവ്യൂ നിർദ്ദേശം പരിഗണിച്ച്, തേർഡ് അമ്പയർ പരിശോധിക്കുമ്പോൾ, ഒറിജിനൽ ഡിസിഷൻ ഔട്ടിൽ നിന്ന് നോട്ടൗട്ടിലേക്ക് മാറാൻ സാധ്യതയുണ്ട്. എന്നിരുന്നാലും മൈതാനത്ത് അമ്പയർ ഔട്ട് വിധിച്ചാൽ ബോൾ ഡെഡ് ആവും. ഇത്തരത്തിൽ റിപ്ലേകളിലൂടെ അത് നോട്ടൗട്ട് ആണ് എന്ന് വ്യക്തമായാൽ തന്നെ, വിക്കറ്റ് നഷ്ടമാവില്ല എന്ന മുൻതൂക്കം മാത്രമാവും ബാറ്റിംഗ് ടീമിന് ലഭിക്കുക. യാതൊരു തരത്തിലും അത്തരം സാഹചര്യത്തിൽ റൺസ് ലഭിക്കുകയില്ല. ഐസിസിയുടെ നിയമത്തിൽ പറയുന്നു.”- ഐസിസി നിയമത്തിലെ വലിയൊരു പിഴവ് തന്നെയാണ് ഇവിടെ എടുത്തു കാട്ടിയിരിക്കുന്നത്.

Previous article“എനിക്ക് ഇതൊന്നും പ്രശ്നമല്ല.. ഞാൻ മുമ്പും നായകനല്ലാതെ കളിച്ചിട്ടുണ്ട്”- മുംബൈ ടീമിനെപ്പറ്റി പ്രതികരിച്ച് രോഹിത്.
Next articleആര് എന്തൊക്കെ പറഞ്ഞാലും ഹാർദിക്കിനേക്കാൾ മികച്ച താരമില്ല. മുൻ സെലക്ടർ പറയുന്നു.