പലപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗ് യുവതാരങ്ങൾക്കുള്ള വലിയ അവസരമായി മാറാറുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗും ഇത്തരത്തിൽ യുവതാരങ്ങൾക്ക് വളരെ നിർണായകമാണ്. ജയസ്വാൾ മുതൽ ജൂറൽ വരെയുള്ള താരങ്ങൾക്ക് വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് സ്ഥാനം കണ്ടെത്താനുള്ള അവസരമാണ് നാളെ ആരംഭിക്കുന്ന ഐപിഎല്ലിലൂടെ വന്നെത്തുന്നത്.
എന്നാൽ യുവതാരങ്ങൾ തങ്ങളുടെ അവസരം നന്നായി ഉപയോഗിക്കുമ്പോഴും ലൈം ലൈറ്റിൽ നിന്ന് പലപ്പോഴും മാഞ്ഞുപോകുന്ന പൃഥ്വി ഷായെ പറ്റിയാണ് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ് പറയുന്നത്. നിലവിൽ പൃഥ്വി ഷാ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാത്ത താരമാണ് എന്ന ബ്രാഡ് ഹോഗ് പറയുന്നു. അതിനാൽ വരുന്ന ഐപിഎൽ സീസണിൽ ഷാ ചെറിയ മാറ്റങ്ങൾക്ക് തയ്യാറാവണം എന്നാണ് ഹൊഗിന്റെ അഭിപ്രായം.
പരിക്കു മൂലം പൃഥ്വി ഷായ്ക്ക് ഒരുപാട് നാൾ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. ശേഷം പൃഥ്വി ഷാ രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തുകയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തു. ശേഷം 2024 ഇന്ത്യൻ പ്രീമിയർ ലീഗൽ നിലവിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെ താരമാണ് ഷാ.
“പൃഥ്വി ഷായുടെ ഫോമിനെ സംബന്ധിച്ച് പോണ്ടിംഗ് കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഈ നിമിഷത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ താരത്തിന് സാധിച്ചിട്ടില്ല. താൻ കളിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ പൃഥ്വി ഷാ തയ്യാറാവണം. നന്നായി ആത്മവിശ്വാസം വീണ്ടെടുക്കാനും പൃഥ്വി ഷായ്ക്ക് സാധിക്കണം.”- ഹോഗ് പറയുന്നു.
ഇത്തരത്തിൽ ഷായിൽ മാറ്റങ്ങൾ ഉണ്ടായാൽ അത് ഡൽഹിക്ക് വലിയ ഗുണം ചെയ്യും എന്നാണ് ഹോഗ് കരുതുന്നത്. “ഷായുടെ ഫോമിനെ സംബന്ധിച്ച് കൃത്യമായ നിരീക്ഷണങ്ങൾ പോണ്ടിങ്ങിന് ഉണ്ടാവും. ആദ്യ ഓവറുകളിൽ ഷാ ഏത് തന്ത്രം തിരഞ്ഞെടുക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. കൃത്യമായി കാര്യങ്ങൾ ഗ്രഹിക്കുകയും വാർണർക്ക് മികച്ച പിന്തുണ നൽകുകയും ചെയ്യാൻ ഷാ തയ്യാറാവണം. അങ്ങനെയെങ്കിൽ ടീമിന്റെ മധ്യനിര ബാറ്റർമാർക്ക് എതിർ ടീമിനെ ആക്രമിക്കാൻ സാധിക്കും.”- ഹോഗ് കൂട്ടിച്ചേർക്കുന്നു.
ഡൽഹി ക്യാപിറ്റൽസ് ടീമിനെ സംബന്ധിച്ചു വളരെ നിർണായകമായ ഒരു സീസൺ തന്നെയാണ് മുൻപിലുള്ളത്. വളരെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന റിഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഡൽഹിയെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത.
“പന്ത് ഞങ്ങളുടെ നായകനായി ടീമിലേക്ക് തിരികെ എത്തുന്നത് വലിയ സന്തോഷം നൽകുന്നു. യാതൊരു ഭയപ്പാടുമില്ലാതെ കളിക്കാൻ സാധിക്കുന്ന താരമാണ് പന്ത്. മാത്രമല്ല വളരെ പോസിറ്റീവ് മനോഭാവത്തിലൂടെ പന്ത് തിരിച്ചു വരികയാണ് ചെയ്തത്. അവൻ ടീമിനൊപ്പം മൈതാനത്ത് ഇറങ്ങുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്.”- ഡൽഹി ടീമിന്റെ ചെയർമാൻ പാർത് ജിണ്ടൽ പറയുകയുണ്ടായി.