“അയർലൻഡിനെതിരെ സഞ്ജു മൂന്നാം നമ്പറിൽ കളിക്കണം”. പിന്തുണ അറിയിച്ച് സഞ്ജയ്‌ ബംഗാർ.

ബുധനാഴ്ച നടക്കുന്ന അയർലൻഡിനെതിരായ ലോകകപ്പ് മത്സരത്തോടുകൂടി ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാണ്. താരതമ്യേന കുഞ്ഞന്മാരാണെങ്കിലും സമീപകാലത്ത് വമ്പൻ താരങ്ങളെ മലർത്തിയടിച്ച പാരമ്പര്യമുള്ള ടീമാണ് അയർലൻഡ്. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വലിയ അട്ടിമറി നടത്താൻ അയർലൻഡിന് സാധിച്ചിരുന്നു.

അതിനാൽ തന്നെ അയർലൻഡിനെതിരായ മത്സരം വളരെ നിർണായകം തന്നെയാണ്. മാത്രമല്ല മത്സരത്തിൽ നിർണായകമായ വിജയം സ്വന്തമാക്കി ആത്മവിശ്വാസം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് ജൂൺ 9ന് നടക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കു. ഈ സാഹചര്യത്തിൽ സഞ്ജുവിനെ അയർലൻഡിനെതിരായ മത്സരത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ.

“ട്വന്റി20 ലോകകപ്പ് വലിയ ഒരു ടൂർണ്ണമെന്റ് തന്നെയാണ്. അതിനാൽ ഇത്തരമൊരു ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ഇന്ത്യ ശ്രമിക്കുന്നത് തങ്ങളുടെ തന്ത്രങ്ങൾ പരീക്ഷിക്കാനാവും. അതോടൊപ്പം ടീം കോമ്പിനേഷനുകൾ കണ്ടെത്തുക എന്ന ലക്ഷ്യവും ഇന്ത്യയ്ക്ക് ഉണ്ടാവും.”

“അങ്ങനെ നോക്കുമ്പോൾ ഇനിയും ഇന്ത്യയ്ക്ക് ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതായുണ്ട്. ഒരുപക്ഷേ പന്തിനെയാവും ഇന്ത്യ വിക്കറ്റ് കീപ്പറായി വരും മത്സരങ്ങളിൽ ഉൾപ്പെടുത്തുക. മികച്ച ഫോമിലാണ് പന്ത് കളിക്കുന്നത്. പരിശീലന മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ ഹർദിക് പാണ്ട്യയ്ക്കും സാധിച്ചിരുന്നു.”- സഞ്ജയ്‌ ബംഗാൾ പറയുന്നു.

“ഇപ്പോൾ നാല് ഓവറുകൾ പന്തെറിയാനുള്ള ഫിറ്റ്നസ് പാണ്ട്യക്കുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വിരാട് കോഹ്ലി അയർലൻഡിനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ മത്സരത്തിൽ സഞ്ജു സാംസണ് അവസരം നൽകേണ്ടതുണ്ട്. മത്സരത്തിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ആയിരിക്കണം ഇന്ത്യയുടെ ഓപ്പണർമാർ.”

“ശേഷം മൂന്നാം നമ്പറിൽ സഞ്ജു സാംസൺ മൈതാനത്തെത്തണം. നാലാം നമ്പറിൽ സൂര്യകുമാർ യാദവും, അഞ്ചാം നമ്പരിൽ റിഷഭ് പന്തും, ആറാം നമ്പരിൽ ഹർദിക് പാണ്ഡ്യയും കളിക്കണം. ഏഴാം നമ്പരിൽ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ ആയിരിക്കണം കളിക്കേണ്ടത്.”- ബംഗാർ കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും പരിശീലന മത്സരത്തിൽ വളരെ മോശം പ്രകടനം പുറത്തെടുത്തതിനാൽ സഞ്ജുവിനെ ഇനി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. പന്തിനെ ഇന്ത്യ ഇതിനോടകം തന്നെ കീപ്പർ സ്ഥാനത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഒരു പ്രോപ്പർ ബാറ്റർ എന്ന നിലയിൽ മാത്രമാവും സഞ്ജുവിനെ ടീമിലേക്ക് എത്താൻ സാധിക്കുക.

ജയസ്വാളിനെ അടക്കം ഒഴിവാക്കി ഇന്ത്യ വ്യത്യസ്തമായ ഒരു കോമ്പിനേഷന് മുതിർന്നാൽ മാത്രമേ സഞ്ജുവിന് ഇനിയും ടീമിൽ അവസരങ്ങൾ ലഭിക്കുകയുള്ളൂ. അയർലൻഡിനെതിരായ മത്സരത്തിൽ സഞ്ജുവിന് കളിക്കാൻ സാധിച്ചാലും അതൊരു വലിയ അവസരം ആയിരിക്കും.

Previous articleഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ എത്തില്ല. ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആദം ഗിൽക്രിസ്റ്റ്.
Next articleശ്രീലങ്കയെ 6 വിക്കറ്റിന് തൂഫാനാക്കി ആഫ്രിക്ക. ബോളിംഗ് പിച്ചിൽ തീതുപ്പിയത് നോർക്യ.