മുംബൈ ബാറ്റർ ടിം ഡേവിഡിനും ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡിനും പിഴ ചുമത്തി ബിസിസിഐ. മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഐപിഎല്ലിന്റെ നിയമം ലംഘിച്ചതിനാണ് ഇരു താരങ്ങൾക്കും ബിസിസിഐ പിഴ ചുമത്തിയത്.
“മുംബൈ ഇന്ത്യൻസിന്റെ ബാറ്റർ ടീം ഡേവിഡിനും കോച്ച് പൊള്ളാർഡിനും ഐപിഎൽ ചട്ട ലംഘനത്തിന്റെ പേരിൽ പിഴ നൽകുകയാണ്. പഞ്ചാബ് ടീമിനെതീരായ മത്സരത്തിലെ നിയമ ലംഘനത്തിനാണ് ഇരു താരങ്ങൾക്കും പിഴ നൽകിയിരിക്കുന്നത്.”- ബിസിസിഐ തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു. മാച്ച് ഫിയുടെ 20%മാണ് ഇരു താരങ്ങൾക്കും പിഴയായി നൽകിയിരിക്കുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസ്താവനയിൽ ബിസിസിഐ അറിയിച്ചിട്ടില്ല.
എന്നാൽ എന്തുകൊണ്ടാണ് ഇരു താരങ്ങൾക്കും പിഴ നൽകാൻ ബിസിസിഐ തയ്യാറായത് എന്നത് വ്യക്തമാണ്. പഞ്ചാബ് ടീമിനെതിരായ മത്സരത്തിൽ ഇരു താരങ്ങളും നടത്തിയ ഒരു വലിയ അതിബുദ്ധിക്കാണ് പിഴ. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ പതിനഞ്ചാം ഓവറിലാണ് സംഭവം നടന്നത്.
അർഷദീപ് സിംഗ് ആയിരുന്നു ഓവർ എറിഞ്ഞത്. ഓവറിൽ അർഷദീപ് ഒരു വൈഡ് യോക്കർ എറിയുകയും, സൂര്യകുമാർ അത് കോൺടാക്ട് ചെയ്യാനാവാതെ വിടുകയും ചെയ്തു. ശേഷം അമ്പയർ അത് വൈഡല്ല എന്ന് വിധിച്ചിരുന്നു. ശേഷമാണ് ക്യാമറ മുംബൈയുടെ ഡഗൗട്ടിലേക്ക് തിരിച്ചത്.
ഈ സമയത്ത് മുംബൈയുടെ ഹെഡ് കോച്ചായ മാർക്ക് ബൗച്ചർ അത് വൈഡാണ് എന്ന് സൂര്യകുമാർ യാദവിനെ ആംഗ്യം കാണിക്കുന്നത് കാണാൻ സാധിച്ചു. ഒപ്പം താരങ്ങളായ ടിം ഡേവിഡും പൊള്ളാർഡും ഇതേ ആംഗ്യം ക്യാമറയിലൂടെ സൂര്യകുമാർ യാദവിനെ കാണിക്കാൻ ശ്രമിച്ചിരുന്നു.
ഇത് കൃത്യമായി ശ്രദ്ധിച്ച സൂര്യകുമാർ ഇവരുടെ നിർദ്ദേശപ്രകാരം റിവ്യൂ എടുക്കുകയും അമ്പയർ പിന്നീട് അത് വൈഡ് ആയി നിശ്ചയിക്കുകയും ചെയ്തു. ഈ സമയം തന്നെ പഞ്ചാബിന്റെ നായകനായ സാം കരൻ ഇക്കാര്യം കൃത്യമായി അമ്പയറെ ബോധിപ്പിക്കുകയുണ്ടായി.
പിന്നീടാണ് ഇക്കാര്യത്തെ സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടക്കുകയും മുംബൈ താരങ്ങളുടെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തുകയും ചെയ്തത്. ഐപിഎൽ നിയമ സംഹിതയിലെ ആർട്ടിക്കിൾ 2.15 പ്രകാരം മൈതാനത്തിന് പുറത്തുള്ള ഒരു താരത്തിന് പോലും റിവ്യൂ നൽകുന്നതിനായി മൈതാനത്തുള്ള താരങ്ങൾക്ക് നിർദ്ദേശം നൽകാൻ സാധിക്കില്ല. ഈ നിയമമാണ് മുംബൈയുടെ പ്രധാന താരങ്ങൾ തെറ്റിച്ചിരിക്കുന്നത്. മത്സരത്തിലെ ഫീസിന്റെ 20% ആണ് ഇരു താരങ്ങളും പിഴയായി നൽകേണ്ടത്.