അഭിഷേക് ശർമ ലാറയെയും യുവരാജിനെയും ഓർമിപ്പിക്കുന്നു. ഇന്ത്യ ടീമിൽ അവസരം നൽകണം – മൈക്കിൾ വോൺ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ഹൈദരാബാദ് ക്രിക്കറ്റർ അഭിഷേക് ശർമ. 2024 ഐപിഎൽ സീസണിൽ ഹൈദരാബാദിന്റെ ഓപ്പണറായി വെടിക്കെട്ട് തീർക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ശേഷം അഭിഷേക് ശർമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ.

അഭിഷേകിന്റെ ബാറ്റിംഗിലെ പക്വത ചൂണ്ടിക്കാട്ടിയാണ് വോൺ രംഗത്ത് വന്നിരിക്കുന്നത്. യുവരാജ് സിംഗിനെയും ബ്രയാൻ ലാറയെയും ഓർമ്മിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയാണ് അഭിഷേക് ശർമയുടേത് എന്ന് വോൺ പറയുകയുണ്ടായി. അതിനാൽ തന്നെ ഇന്ത്യ അഭിഷേക് ശർമയെ തങ്ങളുടെ എല്ലാ ഫോർമാറ്റിലെയും താരമാക്കി മാറ്റണമെന്നും വോൺ പറഞ്ഞു.

ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് വോൺ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. “ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തിയ താരമായിരുന്നു ജയസ്വാൾ. ശേഷം ഇന്ത്യയെ എല്ലാ ഫോർമാറ്റിലും പ്രതിനിധീകരിക്കാനുള്ള അവസരം അവന് ലഭിക്കുകയുണ്ടായി. അതിന് ശേഷം ടെസ്റ്റ് ഫോർമാറ്റിൽ വളരെ മികച്ച പ്രകടനമാണ് ജയസ്വാൾ പുറത്തെടുത്തിട്ടുള്ളത്.”

“ഇതേപോലെ സാധിക്കുന്ന മറ്റൊരു താരമാണ് അഭിഷേക് ശർമ എന്ന് ഞാൻ കരുതുന്നു. മികച്ച ബാറ്റിംഗ് ടെക്നിക്കാണ് അഭിഷേക് ശർമയുടെ ശക്തി. അതുകൊണ്ടുതന്നെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ അവന് സാധിക്കും. അവന്റെ ബാറ്റിംഗ് ശൈലി പലപ്പോഴും ബ്രയാൻ ലാറയെയും യുവരാജ് സിംഗിനെയും ഓർമിപ്പിക്കുന്നു.”- വോൺ പറഞ്ഞു.

“ജയസ്വാളിന്റെ ക്രിക്കറ്റ് കരിയർ മുത്തശ്ശിക്കഥ പോലെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതു മുതൽ കൃത്യമായി ഇന്ത്യൻ ടീമിൽ ആധിപത്യം സ്ഥാപിച്ച് മുൻപിലേക്ക് പോകാൻ അവന് സാധിച്ചിട്ടുണ്ട്. 15 വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയാണ് ജയസ്വാൾ എന്ന് തോന്നുന്നു. പക്ഷേ അഭിഷേക് ശർമ അങ്ങനെയല്ല. ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമായിരുന്നു ജയസ്വാളിന് ഇന്ത്യ ടീമിൽ കളിക്കാൻ അവസരം നൽകിയത്. ഇന്ത്യയ്ക്കായി അതേപോലെ മികച്ച പ്രകടനം നടത്താൻ അഭിഷേകിനും സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- വോൺ കൂട്ടിച്ചേർത്തു.

പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയായിരുന്നു ഹൈദരാബാദ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ക്വാളിഫയറിലേക്ക് സ്ഥാനം കണ്ടെത്തിയത്. പഞ്ചാബിനെതിരായ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് അഭിഷേക് ശർമയാണ്. 28 പന്തുകളിൽ 66 റൺസായിരുന്നു അഭിഷേക് മത്സരത്തിൽ നേടിയത്.

ഇതോടെ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡ് അഭിഷേക് ശർമ തന്റെ പേരിൽ ചേർക്കുകയുണ്ടായി. 2016ൽ വിരാട് കോഹ്ലി നേടിയ 38 സിക്സറായിരുന്നു ഇതുവരെ റെക്കോർഡ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. എന്നാൽ ഈ സീസണിൽ 41 സിക്സറുകൾ നേടിയാണ് അഭിഷേക് കോഹ്ലിയെ മറികടന്നത്.

Previous article2024ലെ മോശം പ്രകടനം, ചെന്നൈ ടീമിൽ നിന്ന് പുറത്താവുന്ന 5 താരങ്ങൾ ഇവർ.
Next articleഗംഭീർ കോച്ചാവണ്ട, കർക്കശസ്വഭാവം ഇന്ത്യയുടെ സീനിയർ താരങ്ങൾ അംഗീകരിക്കില്ല. തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര.