“അഭിഷേക് ശർമയ്ക്കെതിരെ പന്തെറിയാൻ ഞാൻ ഭയക്കുന്നു”- പാറ്റ് കമ്മിൻസ് തുറന്ന് പറയുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിലുടനീളം ഹൈദരാബാദിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് യുവതാരം അഭിഷേക് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഹൈദരാബാദിന്റെ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പവർപ്ലേ ഓവറുകളിൽ തന്നെ വെടിക്കെട്ട് തീർത്ത് ടീമിനെ മികച്ച നിലയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഹൈദരാബാദിന്റെ പഞ്ചാബിനെതിരായ മത്സരത്തിലും കാണാൻ സാധിച്ചത് അഭിഷേക് ശർമയുടെ വെടിക്കെട്ട് തന്നെയായിരുന്നു. മത്സരത്തിൽ 28 പന്തുകൾ നേരിട്ട അഭിഷേക് ശർമ 66 റൺസാണ് നേടിയത്. ഈ സാഹചര്യത്തിൽ അഭിഷേക് ശർമയുടെ ഈ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്.

പഞ്ചാബിനെതിരായ മത്സരത്തിലെ വിജയത്തോടു കൂടിയാണ് ഹൈദരാബാദ് ഐപിഎല്ലിന്റെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഇതിൽ പ്രധാന പങ്ക് വഹിച്ചത് അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു. സീസണിലെ ടീമിന്റെ പ്രകടനത്തെപ്പറ്റി നായകൻ കമ്മിൻസ് സംസാരിക്കുകയുണ്ടായി.

“വളരെ അവിശ്വസനീയമായ പ്രകടനമാണ് ഇതുവരെ ടീം കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ 7 മത്സരങ്ങളിൽ ആറെണ്ണത്തിലും വിജയം സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. അത് വളരെ നല്ല അനുഭവമാണ്. ഈ സീസണിൽ കളിച്ച പല താരങ്ങളെയും എനിക്ക് മുൻപ് പരിചയമുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും തന്നെ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയുണ്ടായി.”- കമ്മിൻസ് പറഞ്ഞു.

“മാത്രമല്ല അഭിഷേക് ശർമയും അവിശ്വസനീയ പ്രകടനങ്ങളാണ് ഈ സീസണിൽ കാഴ്ച വെച്ചിട്ടുള്ളത്. ഒരിക്കലും ഞാൻ അവനെതിരെ പന്തറിയാൻ ആഗ്രഹിക്കുന്നില്ല. കാരണം അത്രമാത്രം ഭയപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനമാണ് അവന്റേത്. നിതീഷ് റെഡിയും ഒരു ക്ലാസ് കളിക്കാരനാണ്. അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വത അവനുണ്ട്. ഒരു മുൻനിര ബാറ്ററാകാൻ സാധിക്കുന്ന താരം തന്നെയാണ് നിതീഷ്. ഇതൊക്കെയും വളരെ സംതൃപ്തി നൽകുന്നതാണ്. ഞാൻ ഇതുവരെയും ഐപിഎല്ലിന്റെ ഫൈനൽ മത്സരങ്ങളിൽ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വളരെ ആവേശത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.”- കമ്മിൻസ് കൂട്ടിച്ചേർത്തു

ഇതുവരെ ഈ ഐപിഎല്ലിൽ 13 മത്സരങ്ങളിലാണ് അഭിഷേക് ശർമ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 467 റൺസ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിട്ടുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി ഇതിനോടകം തന്നെ അഭിഷേക് മാറിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ വരും മത്സരങ്ങളിൽ ഇന്ത്യ അഭിഷേകിനെ തങ്ങളുടെ ട്വന്റി20 ടീമിന്റെ ഓപ്പണറായി മാറ്റണമെന്ന ആവശ്യം മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം ഉന്നയിച്ചു കഴിഞ്ഞു. എന്നിരുന്നാലും ഈ മികച്ച ഫോം തുടർന്നു പോകേണ്ടത് അഭിഷേകിന് വളരെ അത്യാവശ്യമാണ്.

Previous articleസിക്സ് ഹിറ്റിങ്ങിൽ കോഹ്ലിയെ മലർത്തിയടിച്ച് അഭിഷേക് ശർമ. 2024 സീസണിൽ നേടിയത് 41 സിക്സറുകൾ.
Next article“കളിക്കാരുടെ സ്വകാര്യതയെ കുറച്ചുകൂടി മാനിക്കണം”- സ്റ്റാർ സ്‌പോർട്സിനെതിരെ രോഹിത് രംഗത്ത്.