നായകൻ അബ്ദുൽ ബാസിത്തിന്റെ കട്ട ഹീറോയിസത്തിൽ കാലിക്കറ്റ് ടീമിനെ തകർത്ത് ട്രിവാൻഡ്രം റോയൽസ്. ബാസിത്തിന്റെ ബാറ്റിംഗ് വെടിക്കെട്ട് കണ്ട മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് ട്രിവാൻഡ്രം വിജയം സ്വന്തമാക്കിയത്.
22 പന്തുകളിൽ നിന്നായിരുന്നു ബാസിത് മത്സരത്തിൽ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതോടെ അനായാസം ട്രിവാൻഡ്രം ലക്ഷ്യത്തിൽ എത്തുകയായിരുന്നു. ടൂർണമെന്റിലെ ട്രിവാൻഡ്രത്തിന്റെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് കാലിക്കറ്റ് ടീമിന്റെ രണ്ടാം പരാജയവും മത്സരത്തിലുണ്ടായി.
മത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ കാലിക്കറ്റിന്റെ നായകൻ രോഹൻ കുന്നുമ്മലിനെ (0) പുറത്താക്കാൻ ട്രിവാൻഡ്രം ടീമിന് സാധിച്ചു. പിന്നാലെ മുൻനിരയിലെ മറ്റു ബാറ്റർമാരും കൂടാരം കയറിയപ്പോൾ കാലിക്കറ്റ് തകർന്നു വീഴുകയായിരുന്നു.
എന്നാൽ നാലാമനായി ക്രീസിലെത്തിയ സൽമാൻ നിസാർ വെടിക്കെട്ട് തീർത്തത് കാലിക്കറ്റിന് രക്ഷയായി. മധ്യനിരയിൽ 21 റൺസ് നേടിയ അജിനാസിനെ കൂട്ടുപിടിച്ച് സൽമാൻ കാലിക്കറ്റിനെ രക്ഷിക്കുകയായിരുന്നു. മത്സരത്തിൽ 48 പന്തുകൾ നേരിട്ട സൽമാൻ 72 റൺസാണ് നേടിയത്.
ഇന്നിംഗ്സിൽ 2 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഈ മികച്ച പ്രകടനത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 144 റൺസാണ് കാലിക്കറ്റ് ടീം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ട്രിവാൻഡ്രത്തിന് വിഷ്ണു രാജിന്റെ(0) വിക്കറ്റ് തുടക്കത്തിൽ നഷ്ടമായി.
എന്നാൽ പിന്നീട് റിയ ബഷീറും ഗോവിന്ദ് പൈയും ക്രീസിലുറച്ചത് ട്രിവാൻഡ്രത്തിന് പ്രതീക്ഷകൾ നൽകി. റിയ ബഷീർ 26 പന്തുകളിൽ 38 റൺസാണ് നേടിയത്. എന്നാൽ ഇടവേള സമയത്ത് കൃത്യമായി വിക്കറ്റുകൾ നഷ്ടമായത് ടീമിനെ ബാധിച്ചു. ഒരു സമയത്ത് ട്രിവാൻഡ്രം പരാജയപ്പെടുമെന്ന് പോലും ഭീതി ഉണ്ടായി.
അവിടെ നിന്നാണ് അബ്ദുൽ ബാസിത്തിന്റെ കട്ട ഹീറോയിസം ആരംഭിച്ചത്. മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് അബ്ദുൽ ബാസിത് ട്രിവാൻഡ്രത്തിനായി കാഴ്ചവച്ചത്. കേവലം 22 പന്തുകളിൽ നിന്നാണ് അബ്ദുൽ ബാസിത് മത്സരത്തിൽ 50 റൺസ് സ്വന്തമാക്കിയത്. 2 ബൗണ്ടറികളും 5 പടുകൂറ്റൻ സിക്സറുകളുമാണ് താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇതോടെ അനായാസം ട്രിവാൻഡ്രം മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. 5 വിക്കറ്റുകൾക്കാണ് ട്രിവാൻഡ്രത്തിന്റെ മത്സരത്തിലെ വിജയം ഉണ്ടായത്.