“അഫ്രീദിയോ ബുമ്രയോ അല്ല!! ഞാൻ നേരിട്ട ഏറ്റവും വേഗമേറിയ ബോളർ അവനാണ്”- ഫിൽ സോൾട്ട് പറയുന്നു.

ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് ഫിൽ സോൾട്ട്. തന്റെ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും വേഗതയേറിയ ബോളറെ പറ്റിയാണ് ഫിൽ സോൾട്ട് സംസാരിക്കുന്നത്. ഇംഗ്ലണ്ട് താരം ആർച്ചറാണ് താൻ കരിയറിൽ നേരിട്ടുള്ളതിൽ ഏറ്റവും വേഗമേറിയ ബോളർ എന്ന് സോൾട്ട് പറയുന്നു.

ആർച്ചറുടെ അപകടകാരികളായ ബൗൺസറിനെതിരെ തനിക്ക് ബാറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് സോൾട്ട് കൂട്ടിച്ചേർത്തു. പലപ്പോഴും ആർച്ചറുടെ സ്പീഡ് തന്നെ ഞെട്ടിച്ചിട്ടുണ്ട് എന്നും സോൾട്ട് പറയുകയുണ്ടായി. നിലവിൽ ഇംഗ്ലണ്ടിന്റെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിൽ അംഗങ്ങളാണ് സോൾട്ടും ആർച്ചറും. ജൂൺ 4ന് സ്കോട്ട്‌ലൻഡിന് എതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്.

ജോഫ്ര ആർച്ചറെ നെറ്റ്സിൽ നേരിടുക എന്നത് പലപ്പോഴും തന്നെ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് സോൾട്ട് പറയുകയുണ്ടായി. പലപ്പോഴും താൻ ആർച്ചറുടെ കഠിനമായ സ്പീഡിനു മുൻപിൽ പരാജയം ഏറ്റുവാങ്ങിയതായും സോൾട്ട് പറയുന്നു. എന്നാൽ തന്റെ പ്രതിഫലനങ്ങളിൽ വലിയ പുരോഗതി ഉണ്ടാക്കാൻ ആർച്ചറുടെ ഈ സ്പീഡ് ബോളുകൾക്ക് സാധിച്ചിട്ടുണ്ട് എന്നും സോൾട്ട് സമ്മതിച്ചു.

“ജോഫ്ര ആർച്ചറാണ് ഞാൻ നേരിട്ടുള്ള ഏറ്റവും വേഗമേറിയ ബോളർ. മാത്രമല്ല 18 വാര അകലെ നിന്ന് മാത്രമാണ് ഞാൻ ആർച്ചറുടെ പന്തുകളെ നേരിട്ടിട്ടുള്ളത്. എനിക്കെതിരെ ഓരോവരിൽ 3 ബൗൺസറുകൾ ആർച്ചർ എറിയുകയുണ്ടായി. എന്നിരുന്നാലും ആർച്ചുടെ പന്തുകൾ എന്റെ പ്രതിഫലനത്തിൽ പുരോഗതിയുണ്ടാക്കാൻ വളരെ സഹായകരമായി മാറി. ഒരു മത്സരത്തിന് മുൻപ് ഒരിക്കൽ ആർച്ചർ എന്നെ എറിഞ്ഞു വീഴ്ത്തുകയുണ്ടായി.”- സോൾട്ട് പറയുന്നു.

മുൻപ് കാൽമുട്ടിന് പരിക്കേറ്റ ആർച്ചർ ഒരുപാട് നാളത്തെ പരിശീലനത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്. 2023 മാർച്ചിൽ ആയിരുന്നു ഇംഗ്ലണ്ടിനായി അവസാനമായി ആർച്ചർ കളിച്ചത്. ശേഷം ഇപ്പോൾ ആർച്ചറെയും സോൾട്ടിനെയും തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ അനുഭവവും ഫിൽ സോൾട്ട് പങ്കുവയ്ക്കുകയുണ്ടായി. ഇംഗ്ലണ്ട് ടീമിലേക്ക് തെരഞ്ഞെടുത്തതിന് തൊട്ടു പിന്നാലെ ഒരുപാട് മെസ്സേജുകൾ തനിക്ക് ഫോണിലൂടെയും മറ്റും എത്തിയിരുന്നു എന്ന് സോൾട്ട് പറയുന്നു.

“ഞാൻ ഫോൺ അധികമായി ഉപയോഗിക്കുന്ന ആളല്ല. പക്ഷേ എനിക്ക് അന്ന് ഒരുപാട് ടെക്സ്റ്റ് മെസ്സേജുകൾ ലഭിച്ചിരുന്നു. സാധാരണയായി ഞാൻ ഫോൺ ഉപയോഗിക്കാറില്ലെങ്കിലും അത് എന്നെ സംബന്ധിച്ച് വളരെ അവിശ്വസനീയമായ ഒരു അനുഭവം തന്നെയാണ് ഉണ്ടാക്കിയത്. എന്റെ ഫോണിലേക്ക് പ്രശംസകളുടെ ഒരു കൂമ്പാരം തന്നെ വന്നു. അതെനിക്ക് വളരെ മനോഹരമായി തോന്നി.”- സോൾട്ട് കൂട്ടിച്ചേർത്തു. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഒരു പ്രധാന ഭാഗമായി മാറാൻ സോൾട്ടിന് ഈ സീസണിൽ സാധിച്ചിട്ടുണ്ട്. ഇതുവരെ 12 മത്സരങ്ങൾ ഈ സീസണിൽ കളിച്ച സോൾട്ട് 435 റൺസാണ് നേടിയിട്ടുള്ളത്.

Previous article“ലോകകപ്പിൽ അവന്റെ ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാവും”- രാജസ്ഥാൻ താരത്തെപറ്റി ഇർഫാൻ പത്താൻ..
Next articleഅവൻ അന്ന് ഒരുപാട് ബുദ്ധിമുട്ടിച്ചു, തന്നെ കഷ്ടപ്പെടുത്തിയ ബാറ്ററെ വെളിപ്പെടുത്തി ബുമ്ര..