നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്. ട്വന്റി20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവ് നിൽക്കുന്നത്. മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു ഇന്ത്യൻ ടീമിലേക്ക് സൂര്യകുമാർ കാലെടുത്തുവച്ചത്.
പെട്ടെന്ന് തന്നെ ലോകക്രിക്കറ്റിലെ വലിയ ശക്തിയായി മാറാനും താരത്തിന് സാധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ടീമിലെത്തുന്നതിന് മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു സൂര്യ. നിലവിലെ കൊൽക്കത്തയുടെ മുഖ്യ ഉപദേശകനായ ഗൗതം ഗംഭീറിന്റെ കീഴിലായിരുന്നു കൊൽക്കത്തയിൽ സൂര്യകുമാർ കളിച്ചിരുന്നത്. 7 വർഷം കൊൽക്കത്ത ടീമിനെ നയിച്ച ഗംഭീറിനെ വിഷമിപ്പിക്കുന്ന ഒരേയൊരു കാര്യമാണ് സൂര്യകുമാർ യാദവ്, എന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
2012ൽ മുംബൈ ടീമിനായി സൂര്യകുമാർ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ കേവലം ഒരു മത്സരത്തിൽ മാത്രമായിരുന്നു സൂര്യയെ മുംബൈ ആ സീസണിൽ കളിപ്പിച്ചത്. ശേഷം 2014ലാണ് സൂര്യ കൊൽക്കത്തയ്ക്കൊപ്പം ചേർന്നത്. 2017 വരെ കൊൽക്കത്തയ്ക്കായി കളിക്കാനും സൂര്യകുമാർ യാദവിന് സാധിച്ചു. ശേഷം കൊൽക്കത്ത സൂര്യകുമാർ യാദവിനെ കൈവിടുകയായിരുന്നു.
പിന്നീട് 2018ലെ ലേലത്തിൽ മുംബൈ സൂര്യയെ തിരിച്ചുപിടിച്ചു. പിന്നീടാണ് സൂര്യകുമാറിന്റെ തലവര പൂർണമായും മാറിയത്. എന്നാൽ കൊൽക്കത്തയിൽ ഉണ്ടായിരുന്ന സമയത്ത് സൂര്യകുമാർ യാദവിന്റെ യഥാർത്ഥ പ്രതിഭ മനസ്സിലാക്കാനും അനുയോജ്യമായ ബാറ്റിംഗ് പൊസിഷൻ നൽകാനും തനിക്ക് സാധിക്കാതെ പോയത് വലിയ വേദന ഉണ്ടാക്കുന്നുണ്ട് എന്നാണ് ഗൗതം ഗംഭീർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
“ഒരു ക്രിക്കറ്ററുടെ ഏറ്റവും വലിയ പ്രതിഭ തിരിച്ചറിയുക എന്നതാണ് ഒരു നായകന്റെ റോൾ. അത് ലോകത്തിന് കാണിച്ചു കൊടുക്കേണ്ടതും നായകന്റെ ദൗത്യമാണ്. 7 വർഷത്തെ ഐപിഎൽ ക്യാപ്റ്റൻസിയിൽ എന്നെ ദുഃഖിപ്പിക്കുന്ന ഒരേയൊരു കാര്യം സൂര്യകുമാർ യാദവിന്റെ കഴിവ് നന്നായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല എന്നുള്ളതാണ്. ഇതിന് പ്രധാന കാരണമായി നിന്നത് കൊൽക്കത്ത ടീമിന്റെ കോമ്പിനേഷനുകൾക്ക് തന്നെയായിരുന്നു.”
“നമുക്ക് ടീമിന്റെ മൂന്നാം നമ്പറിൽ കേവലം ഒരു ബാറ്ററേ മാത്രമേ കളിപ്പിക്കാൻ സാധിക്കൂ. മാത്രമല്ല ടീമിലുള്ള മറ്റു 10 താരങ്ങളെ കുറിച്ചും കൃത്യമായി ബോധ്യം ഒരു നായകന് ഉണ്ടാവണം. അന്ന് സൂര്യയെ മൂന്നാം നമ്പറിൽ കളിപ്പിച്ചിരുന്നുവെങ്കിൽ അവൻ കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയേനെ. പക്ഷേ അന്ന് ഞങ്ങൾ അവനെ ഏഴാം നമ്പറിലാണ് ഇറക്കിയിരുന്നത്. അന്നും മോശം പ്രകടനം സൂര്യ കാഴ്ച വെച്ചിട്ടില്ല.”- ഗംഭീർ പറയുന്നു.
“സൂര്യകുമാർ യാദവ് മികച്ച ഒരു ടീം കളിക്കാരൻ കൂടിയാണ്. അതുകൊണ്ടാണ് 2015ൽ കൊൽക്കത്തയുടെ ഉപനായക സ്ഥാനം സൂര്യകുമാറിന് നൽകിയത്. മികച്ച താരമായി മാറാൻ ആർക്കും സാധിക്കും, പക്ഷേ ഒരു ടീം മാനായി മാറുക എന്നത് അല്പം ബുദ്ധിമുട്ടാണ്. സൂര്യയെ ആറാം നമ്പറിലോ ഏഴാം നമ്പറിലോ കളിപ്പിച്ചാലും, അവനെ പുറത്തിരുത്തിയാലും, അവൻ എല്ലാത്തിനെയും ചിരിയോടു കൂടിയേ സ്വീകരിക്കൂ. എല്ലായിപ്പോഴും തന്റെ ടീമിനുവേണ്ടി പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സൂര്യകുമാർ തയ്യാറായിരുന്നു. അതുകൊണ്ടാണ് അവനെ അന്ന് ഉപനായകനാക്കിയത്.”- ഗംഭീർ പറഞ്ഞു വയ്ക്കുന്നു.