അന്ന് ധോണിയെ നിങ്ങൾ വിമർശിച്ചു, ഇപ്പോൾ അതുപോലെ എന്നെയും.. തനിക്ക് ആരുടെയും അംഗീകാരം ആവശ്യമില്ലെന്ന് കോഹ്ലി..

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് വിരാട് കോഹ്ലി കളിക്കുന്നത്. നിലവിൽ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് കോഹ്ലി ഇപ്പോഴും തുടരുന്നത്. കോഹ്ലിയുടെ ഈ മികച്ച ഫോം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ രീതിയിൽ പ്രതീക്ഷകൾ നൽകുന്നുണ്ട്.

എന്നിരുന്നാലും ഇത്തരം മികച്ച പ്രകടനം പുറത്തെടുത്തിട്ടും കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് ഉയർത്തിക്കാട്ടി വമ്പൻ വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻ താരങ്ങളടക്കം വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് കുറവിനെ ചൂണ്ടിക്കാട്ടി രംഗത്ത് എത്തുകയും ചെയ്തു. പക്ഷേ ഈ വിമർശനങ്ങൾ തന്നെ യാതൊരു തരത്തിലും ബാധിക്കില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. മറ്റാരുടെയും അംഗീകാരത്തിനായി കാത്തുനിൽക്കുന്ന താരമല്ല താൻ എന്ന് കോഹ്ലി പറഞ്ഞു.

വിമർശനം മാത്രമല്ല ആളുകളുടെ അംഗീകാരമോ പ്രശംസയോ ഒന്നുംതന്നെ തനിക്ക് ആവശ്യമില്ല എന്നാണ് കോഹ്ലി പറഞ്ഞിരിക്കുന്നത്. ഈ രീതിയിലാണ് താൻ തുടക്കം മുതൽ എന്ന് കോഹ്ലി അവകാശപ്പെടുന്നു.

“എന്നെക്കുറിച്ച് ആരോടെങ്കിലും പോയി സംസാരിക്കരുത് എന്ന് പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് എനിക്കറിയാം. ആരുടെയും അംഗീകാരം എനിക്ക് ആവശ്യമില്ല. എന്റെ അച്ഛനിൽ നിന്ന് ഞാൻ പഠിച്ച കാര്യമാണത്. അന്യായമായ രീതിയിൽ എനിക്ക് എന്റെ സംസ്ഥാനത്തിനുവേണ്ടി കളിക്കാൻ ചെറുപ്പത്തിൽ അവസരം ലഭിച്ചിരുന്നു.”

“പക്ഷേ കഠിനാധ്വാനം ചെയ്തു കിട്ടുകയാണെങ്കിൽ മാത്രമേ അത് ചെയ്യാവൂ എന്ന് എന്നോട് അച്ഛൻ പറഞ്ഞു. മികച്ച പ്രകടനം നടത്തുക എന്നതിലാണ് എന്റെ പൂർണ്ണമായ ശ്രദ്ധ. അതുകൊണ്ടാണ് ഈ 16 വർഷവും എനിക്ക് കളിക്കാൻ സാധിച്ചത്.”- കോഹ്ലി പറയുന്നു.

“ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. ഗ്രൗണ്ടിൽ എനിക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് പൂർണമായ ബോധ്യമുണ്ട്. ആരുടെയും മുമ്പിൽ ഒന്നും തെളിയിക്കാനും ഇല്ല. എങ്ങനെ മത്സരങ്ങൾ വിജയിക്കാം എന്ന് ഞാൻ ആരോടും പോയി ചോദിക്കാറില്ല.”

“സാഹചര്യങ്ങളിൽ നിന്നും, ഒരുപാട് വീഴ്ചകളിൽ നിന്നുമാണ് ഞാൻ ഇതൊക്കെയും പഠിച്ചത്. ഒരുപക്ഷേ ഒന്നോ രണ്ടോ മത്സരങ്ങൾ ഭാഗ്യത്തിന് വിജയിച്ചേക്കാം. പക്ഷേ സ്ഥിരമായി ഇത്തരത്തിൽ മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുമ്പോൾ അത് കേവലം ഭാഗ്യം മാത്രമല്ല.”- വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

“പുറത്തുനിന്ന് കാണുന്നതും മൈതാനത്ത് നടക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പല സമയത്തിലും മത്സരം അവസാന ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് മഹി ഭായിയെ പലരും ചോദ്യം ചെയ്ത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ എത്ര മത്സരങ്ങളാണ് അദ്ദേഹം ഫിനിഷ് ചെയ്തിരിക്കുന്നത് എന്ന് നോക്കൂ.”

“എന്താണ് അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാം അതുകൊണ്ടാണ് അദ്ദേഹം കരിയറിൽ വിജയിച്ചതും. അതെനിക്ക് വലിയൊരു അനുഭവമാണ്. അവസാന ഓവറിലേക്ക് മത്സരം എത്തിക്കാനായാൽ മത്സരം വിജയിക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു”- കോഹ്ലി പറഞ്ഞു വയ്ക്കുന്നു.

Previous articleമഴ പണി കൊടുത്തു. രാജസ്ഥാന്‍ റോയല്‍സ് നേരിടേണ്ടത് ബാംഗ്ലൂരിനെ
Next articleഇനിയും ധോണിയെ ചെന്നൈ നിലനിർത്തരുത്, അത് അപകടമാണ് : ഇർഫാൻ പത്താൻ.