ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ. ടെസ്റ്റിലെ മോശം പ്രകടനങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ സീനിയർ താരങ്ങളെ എല്ലാവരും വിമർശിക്കുന്നത്.
ടെസ്റ്റ് സീസണിനു മുന്നോടിയായി, ഇന്ത്യയ്ക്ക് തയ്യാറെടുപ്പുകൾക്കായി ആഭ്യന്തര ക്രിക്കറ്റ് ഉണ്ടായിരുന്നുവെന്നും, ഇതിൽ പങ്കെടുക്കാൻ സീനിയർ താരങ്ങൾ തയ്യാറായില്ലയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശിനും ന്യൂസിലാൻഡിനുമെതിരെ നടക്കുന്ന ഹോം പരമ്പരക്ക് തയ്യാറെടുക്കാനായി സെലക്ഷൻ കമ്മിറ്റി മുൻപേ സീനിയർ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സീനിയർ താരങ്ങളടക്കം ദുലീപ് ട്രോഫി ടൂർണമെന്റിൽ കളിക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം.
പക്ഷേ ഈ ആവശ്യത്തോട് സീനിയർ താരങ്ങൾ വിസമ്മതിക്കുകയാണ് ഉണ്ടായത്. ട്വന്റി20 ലോകകപ്പിന് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ പലതാരങ്ങളും സമ്മതിച്ചില്ല. ഒരു മാസത്തോളം ഈ താരങ്ങൾ ഇടവേളയും എടുത്തു. ഇന്ത്യയുടെ ടെസ്റ്റ് സീസണിന് മുന്നോടിയായി ബാംഗ്ലൂരിലും അനന്തപുരിയിലും നടക്കുന്ന ദുലീപ് ട്രോഫി മത്സരങ്ങളിൽ താരങ്ങളെ കളിപ്പിക്കണം എന്നായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ പദ്ധതി. സെപ്റ്റംബർ 5 മുതൽ 22 വരെ നടന്ന പരമ്പരയിലാണ് ഈ താരങ്ങളെ അണിനിരത്താൻ ഒരുങ്ങിയത്. രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ള താരങ്ങൾ ഈ ടൂർണമെന്റിനായി ആദ്യം സമ്മതം അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ കുറച്ചു സമയത്തിന് ശേഷം പലതാരങ്ങളും തങ്ങളുടെ പേരുകൾ ടൂർണമെന്റിൽ നിന്ന് പിൻവലിക്കുകയായിരുന്നു. രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ തുടങ്ങിയവരൊക്കെയും ആഭ്യന്തര ടൂർണമെന്റ് കളിക്കാൻ വിസമ്മതിച്ചു. രവീന്ദ്ര ജഡേജയെ ടൂർണമെന്റിനായി ബിസിസിഐ വിട്ടതുമില്ല. എന്നാൽ ഗിൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, ജയസ്വാൾ, രാഹുൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ പരമ്പരയിൽ കളിച്ചിരുന്നു. ഇത്തരത്തിൽ സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാറിനിന്നത് ഇന്ത്യൻ പരാജയത്തിന് പ്രധാന കാരണമായി മാറി എന്ന് ആരാധകർ പറയുന്നു.
ഇന്ത്യക്കായി കഴിഞ്ഞ 10 ഇന്നിങ്സുകളിൽ നിന്ന് സൂപർ താരം വിരാട് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത് കേവലം 192 റൺസ് മാത്രമാണ്. രോഹിത് ശർമ അവസാന 10 ഇന്നിങ്സുകളിൽ നിന്ന് നേടിയത് 133 റൺസ് മാത്രം. 2015ലായിരുന്നു അവസാനമായി രോഹിത് ശർമ ഒരു രഞ്ജി ട്രോഫി മത്സരം കളിച്ചത്. കോഹ്ലി 2012ലാണ് കളിച്ചത്.
ഇത് ഈ താരങ്ങളുടെ പിന്നോട്ടുപോക്കിനെ ബാധിച്ചിട്ടുണ്ട് എന്ന് എല്ലാവരും വിലയിരുത്തുന്നു. തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ ന്യൂസിലാൻഡിനെതിരെ കളിക്കാൻ ഈ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല പിച്ചിന് അനുസൃതമായ രീതിയിൽ തങ്ങളുടെ ബാറ്റിംഗ് ശൈലി മാറ്റുന്നതിലും ഇവർ പരാജയപ്പെട്ടു. എന്തായാലും വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെതിരെ ഉയരുന്നത്.