ഈ വർഷം ആദ്യം ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതിന് ശേഷം മഹേന്ദ്ര സിങ്ങ് ധോണി തനിക്ക് മെസേജ് അയച്ചു എന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചത്. കരിയറിലെ ഏറ്റവും ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയ കോഹ്ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിന് ശേഷം ധോണി തനിക്ക് വ്യക്തിപരമായി സന്ദേശമയച്ചതിനെക്കുറിച്ചുള്ള തന്റെ വെളിപ്പെടുത്തലിലേക്ക് വന്ന വിരാട് കോഹ്‌ലി അവർ തമ്മിലുള്ള ഒരു പ്രത്യേക ബന്ധത്തെ എടുത്തുകാണിച്ചു.
പലർക്കും തന്റെ കോൺടാക്റ്റ് നമ്പർ ഉണ്ടെന്നും എന്നാൽ താൻ മുമ്പ് കളിച്ചിട്ടുള്ള കളിക്കാരിൽ ധോണി മാത്രമാണ് തന്നെ ബന്ധപ്പെടുകയും അന്വേഷിക്കുകയും ചെയ്തതെന്നും അദ്ദേഹം കുറിച്ചു. “ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസി ഉപേക്ഷിച്ചപ്പോൾ, എനിക്ക് ആദ്യം ലഭിച്ച സന്ദേശം ധോണിയില്‍ നിന്നാണ്. ഞാൻ മുമ്പ് കളിച്ചിട്ടുള്ള കളിക്കാരിൽ പലര്‍ക്കും എന്‍റെ നമ്പർ ഉണ്ട്, പക്ഷേ എംഎസ് എനിക്ക് സന്ദേശമയച്ചു. രണ്ട് കളിക്കാർക്കിടയിൽ ബഹുമാനമുണ്ടെങ്കിൽ, ഒരു ബന്ധമുണ്ട്. എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ വ്യക്തിപരമായി എംഎസ്‌ഡിയിലേക്ക് എത്തും, ” ഏഷ്യാ കപ്പ് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവെ കോലി പറഞ്ഞു.
” ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, എനിക്ക് ആരുടെയെങ്കിലും കളിയെ കുറിച്ച് നിർദ്ദേശം നൽകുവാനുണ്ടെങ്കിൽ ഞാൻ അവരെ വ്യക്തിപരമായി സമീപിച്ചുകൊണ്ടാണ് പറയുക. ലോകത്തിന് മുൻപിൽ ഇരുന്നുകൊണ്ട് എനിക്ക് നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ അതെനിക്ക് വളരെയധികം വിലമതിക്കില്ല ” ടെലിവിഷനിലൂടെയും മറ്റ് പ്ലാറ്റ്ഫോമിലൂടെയുു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരെ ഉന്നം വച്ച് കോഹ്ലി പറഞു
” ഇതൊന്നും എന്നെ ബാധിക്കുകയില്ലെന്ന് ഞാൻ പറയുന്നില്ല. ഞാൻ ഇതുവരെ ക്രിക്കറ്റ് കളിച്ചത് സത്യസന്ധമായാണ്, സത്യസന്ധതയോടെ മാത്രമേ അവസാനം വരെ ഞാൻ കളിക്കൂ. ” കോഹ്ലി കൂട്ടിച്ചേർത്തു.