അന്ന് എന്നെ ഇതേ ആളുകൾ കളിയാക്കി. ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ബുമ്രയുടെ വാക്കുകൾ

20240610 173425 scaled

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഉഗ്രൻ ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 119 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാനെ ബൂമ്ര എറിഞ്ഞിടുന്നതാണ് കണ്ടത്. 4 ഓവറുകളിൽ കേവലം 14 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു.

ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതും ബൂമ്ര തന്നെയായിരുന്നു. ഒരു വർഷം മുൻപ് തനിക്കെതിരെ വന്ന വലിയ ട്രോളുകളെ പറ്റി സംസാരിച്ചാണ് ബൂമ്ര പിന്നീട് രംഗത്ത് എത്തിയത്. ഇനിയും തനിക്ക് ഇന്ത്യയ്ക്കായി കളിക്കാൻ സാധിക്കില്ലെന്നും തന്റെ കരിയർ അവസാനിച്ചുവെന്നും പലരും വിമർശിച്ചിരുന്നുവെന്ന് ബൂമ്ര പറയുന്നു. ഇതിനൊക്കെയും ശേഷം ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട് എന്നും ഇന്ത്യൻ പേസർ ചൂണ്ടിക്കാട്ടി.

“ഒരു വർഷം മുമ്പ് ഇതേ ആളുകൾ തന്നെ എനിക്കെതിരെ സംസാരിച്ചിരുന്നു. ഞാൻ ഇന്ത്യക്കായി ഇനി കളിക്കില്ലെന്നും എന്റെ കരിയർ അവസാനിച്ചുവെന്നും അവർ പറഞ്ഞിരുന്നു  പക്ഷേ ഇപ്പോൾ ചോദ്യങ്ങൾ അവസാനിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഞാൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. എന്നെ സംബന്ധിച്ച് എന്റെ കഴിവ് ഉപയോഗിച്ച് ഏറ്റവും മികച്ച പ്രകടനം ബോളിങ്ങിൽ കാഴ്ചവയ്ക്കുക എന്നതാണ് പ്രധാന കാര്യം.”

”എന്റെ മുൻപിലുള്ള പ്രശ്നങ്ങളെ പരിഹരിച്ച് മുൻപോട്ടു പോവുകയാണ് ഞാൻ ചെയ്യുന്നത്. എന്തൊക്കെയാണോ എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നത്, അതൊക്കെയും നിയന്ത്രിക്കുക തന്നെ ചെയ്യാനാണ് തയ്യാറാവുന്നത്  എല്ലാവരും വന്നു പറയുന്ന ക്ലീഷേ ഉത്തരമാണ് ഇതെന്ന് എനിക്കറിയാം. എന്നിരുന്നാലും ഞാൻ എന്റെ പ്രക്രിയയിൽ വിശ്വസിക്കാനും, നിയന്ത്രിക്കാൻ സാധിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാനുമാണ് ശ്രമിക്കുന്നത്.”- ബൂമ്ര പറഞ്ഞു.

Read Also -  "ബാറ്റിങ്ങിൽ മതിയായ പ്രകടനം നടത്തിയില്ല. പക്ഷേ ബോളിങ്ങിൽ ഞങ്ങൾ മികവ് കാട്ടി "- ബുമ്ര പറയുന്നു..

“ഇത്തരം വിക്കറ്റുകളിൽ ഏറ്റവും മികച്ച ഓപ്ഷൻ എന്താണ് എന്നതിലേക്കാണ് ഞാൻ ശ്രദ്ധ ചെലുത്തിയത്. ബാറ്റർക്ക് ഷോട്ട് കളിക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നത് എപ്പോഴാണ് എന്ന് ഞാൻ ചിന്തിച്ചു. എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷൻ എന്താണെന്ന് ഞാൻ ആലോചിച്ചു. കൂടുതലായി ആ സമയത്തിൽ ഉറച്ചുനിൽക്കാനാണ് ഞാൻ ശ്രമിച്ചത്. എന്താണോ എനിക്ക് ചെയ്യാൻ സാധിക്കുന്നത് അതിൽ ഞാൻ പൂർണമായും വിശ്വസിച്ചു.”

”ആ സമയത്ത് നമ്മൾ പുറത്തു നിന്നുള്ള ശബ്ദങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് കൂടുതൽ സമ്മർദ്ദവും വികാരങ്ങളുമൊക്കെ ഉണ്ടാവും. അതിന് മുകളിലാണ് പ്രകടനം. ഇത്തരത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമുക്ക് നമ്മുടെ ജോലി പ്രാവർത്തികമാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഞാൻ എന്റേതായ ഒരു സ്പേസ് കണ്ടെത്താനും അതിൽ ശ്രദ്ധിക്കാനുമാണ് ശ്രമിച്ചത്.”- ബൂമ്ര കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ പരാജയം പാക്കിസ്ഥാനെ വളരെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് പാകിസ്ഥാൻ. അമേരിക്കക്കെതിരായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാൻ എത്തിയത്. ശേഷം ഇപ്പോൾ ഇന്ത്യക്കെതിരെയും പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സൂപ്പർ 8 പ്രതീക്ഷകൾ മങ്ങലിലായിട്ടുണ്ട്. അവശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയും അമേരിക്കയും വിജയം സ്വന്തമാക്കുകയോ മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കപ്പെടുകയോ ചെയ്താൽ പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താവും.

Scroll to Top