അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

20241010 152438

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ യുവതാരങ്ങളായ റിങ്കു സിങും നിതീഷ് റെഡ്ഡിയും കാഴ്ചവച്ചത്. ഇരുവർക്കും മത്സരത്തിൽ വെടിക്കെട്ട് അർധ സെഞ്ച്വറികൾ സ്വന്തമാക്കാൻ സാധിച്ചു. ഒരു സമയത്ത് എല്ലാത്തരത്തിലും തകർന്നുവീണ ഇന്ത്യയെ കൈപിടിച്ചു കയറ്റിയത് ഈ രണ്ടു താരങ്ങളായിരുന്നു.

മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ പരിശീലകനായ ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും തങ്ങൾക്ക് നൽകിയ ഉപദേശത്തെ പറ്റി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു സിംഗ്. തങ്ങളുടേതായ ശൈലിയിൽ ആക്രമണം അഴിച്ചുവിടാനാണ് ഗംഭീറും സൂര്യയും പറഞ്ഞത് എന്ന് റിങ്കു വെളിപ്പെടുത്തുന്നു.

“എന്റെ സ്വതസിദ്ധമായ രീതിയിൽ ബാറ്റിംഗ് ചെയ്യാനാണ് പരിശീലകനും നായകനും ആവശ്യപ്പെട്ടത്. സാഹചര്യം വലിയ കാര്യമാക്കേണ്ടതില്ല എന്ന് അവർ പറയുകയുണ്ടായി. വമ്പൻ ഷോട്ടുകൾ കളിച്ച് സ്കോറിങ് ഉയർത്തുക എന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്റേതായ ശൈലിയിൽ ബാറ്റ് വീശാനുള്ള പൂർണമായ സ്വാതന്ത്ര്യം ഗംഭീർ നൽകുകയുണ്ടായി.”

”സാധാരണയായി ടീമിന്റെ അവസ്ഥ നോക്കിയാണ് ഞാൻ ബാറ്റ് ചെയ്യാറുള്ളത്. നേരത്തെ ബാറ്റിംഗിന് ക്രീസിലെത്തിയാലും മോശം പന്തുകളെ കണ്ടുപിടിച്ച് ആക്രമിക്കുക എന്നതാണ് ഞാൻ ചെയ്യാറുള്ളത്. അഥവാ മത്സരത്തിന്റെ അവസാന സമയത്താണ് ക്രീസിൽ എത്തുന്നതെങ്കിൽ കൂടുതൽ സിക്സറുകളും ഫോറുകളും സ്വന്തമാക്കാൻ ഞാൻ ശ്രമിക്കും.”- റിങ്കു പറയുന്നു.

Read Also -  സഞ്ജു ജയസ്വാളിനൊപ്പം ട്വന്റി20കളിൽ സ്ഥിര ഓപ്പണറാവണം. 3 കാരണങ്ങൾ ഇവ.

“മത്സരത്തിൽ സഞ്ജുവും സൂര്യയും പുറത്തായ ശേഷമാണ് ഞാൻ എത്തിയത്. അപ്പോൾ പന്ത് കൃത്യമായി ബാറ്റിലേക്ക് വരുന്നില്ല എന്ന് നിതീഷ് എന്നോട് പറയുകയുണ്ടായി. നിതീഷിന്റെ ഈ നിർദ്ദേശപ്രകാരമാണ് ഞാൻ എന്റെ ബാറ്റിംഗ് ക്രമീകരിച്ചിരുന്നത്. വളരെ ക്ഷമയോടെ ക്രീസിൽ തുടർന്ന്, മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുക എന്നതായിരുന്നു എന്റെ തുടക്കത്തിലെ പ്ലാൻ. അതുകൊണ്ടാണ് ഞാൻ സിംഗിളുകൾ നേടി ആരംഭിച്ചത്. പിന്നാലെ നിതീഷ് റെഡ്ഡി തുടർച്ചയായി സിക്സറുകൾ നേടി മികവ് പുലർത്തുകയുണ്ടായി.”- റിങ്കു സിംഗ് കൂട്ടിച്ചേർക്കുന്നു.

ട്വന്റി20 ക്രിക്കറ്റിൽ മാത്രമല്ല മറ്റു ഫോർമാറ്റുകളിലും കളിക്കാൻ തനിക്ക് വലിയ താല്പര്യമുണ്ട് എന്ന് റിങ്കു ബോധിപ്പിക്കുകയുണ്ടായി. അവസരം കിട്ടിയാൽ 3 ഫോർമാറ്റിലും ഇന്ത്യൻ ടീമിനായി മികവ് പുലർത്താൻ തനിക്ക് സാധിക്കുമെന്ന് റിങ്കു സിംഗ് ഉറച്ചു പറയുന്നു. മത്സരത്തിൽ ഇന്ത്യക്ക് 41 സ്വന്തമാക്കുന്നതിനിടെ 3 വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടിരുന്നു.

ശേഷമാണ് നാലാം വിക്കറ്റിൽ റിങ്കുവും നിതീഷും ചേർന്ന് മികവ് പുലർത്തിയത്. നാലാം വിക്കറ്റിൽ 49 പന്തുകളിൽ 108 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഇങ്ങനെയാണ് മത്സരം ബംഗ്ലാദേശിന്റെ കൈവിട്ടു പോയത്.

Scroll to Top