2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കാണാനായത് ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബയുടെ സിക്സർ വെടിക്കെട്ട് തന്നെയാണ്. സീസണിലെ ഓരോ മത്സരത്തിലും ടീമിനായി വമ്പൻ സിക്സറുകൾ നേടാൻ ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്. ചെന്നൈ നിരയിൽ ഇതുവരെ വലിയ സ്കോറുകൾ സ്വന്തമാക്കിയ താരവും ദുബെ തന്നെയാണ്. ഈ സാഹചര്യത്തിൽ ദുബെയുടെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സെലക്ടർമാർ ദുബെയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ സെലക്ടർമാരോട് ഒരു അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
ഇനിയെങ്കിലും ഇന്ത്യൻ സെലക്ടർമാർ ശിവം ദുബെയെ ട്വന്റി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കണം എന്നാണ് റെയ്ന പറയുന്നത്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് റെയ്ന ഈ ആവശ്യം ഉന്നയിച്ചത്. ശിവം ദുബെയുടെ ഇന്നിംഗ്സിനെ സംബന്ധിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തായിരുന്നു റെയ്ന ട്വിറ്ററിൽ കുറിച്ചത്.
“ശിവം ദുബെയുടെ മുൻപിലേക്ക് ഒരു ലോകകപ്പ് വരുകയാണ്. അജിത് അഗാർക്കർ ഭായ്, ദയവുചെയ്ത്അവനെ ടീമിലേക്ക് സെലക്ട് ചെയ്യൂ.”- റെയ്‌ന അപേക്ഷിക്കുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ദുബെയുടെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് റെയ്നയുടെ ഈ അഭ്യർത്ഥന.
ഈ സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്സിനായി വമ്പൻ പ്രകടനങ്ങളാണ് ദുബെ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് ചെന്നൈയ്ക്കായി 311 റൺസ് സ്വന്തമാക്കാൻ ദുബെയ്ക്ക് സാധിച്ചു. ഈ സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ദുബെ നിൽക്കുന്നത്.
നായകൻ ഋതുരാജ് മാത്രമാണ് ചെന്നൈ നിരയിൽ ദുബെയെക്കാൾ കൂടുതൽ റൺസ് സ്വന്തമാക്കിയ താരം. ട്വന്റി20 ലോകകപ്പിനുള്ള ടീം സെലക്ഷൻ ഉടൻതന്നെ നടക്കുമെന്നതിനാൽ തന്നെ റഡാറിലുള്ള ഒരു താരമായി തന്നെയാണ് എല്ലാവരും ദുബെയെ വിലയിരുത്തിയിട്ടുള്ളത്.
ഇന്ത്യയെ സംബന്ധിച്ച് ഒരു ഫിനിഷർ എന്ന നിലയിൽ സമീപിക്കാവുന്ന താരം തന്നെയാണ് ശിവം ദുബെ. മാത്രമല്ല സ്പിന്നർമാർക്കെതിരെ എല്ലാത്തരത്തിലും ആക്രമണം അഴിച്ചുവിടാനുള്ള പ്രധാന കഴിവുകളും ദുബെയ്ക്കുണ്ട്. തന്റെ ശരീര നീളം അങ്ങേയറ്റം മുതലാക്കാനും വമ്പൻ ഷോട്ടുകൾ കളിക്കാനും താരത്തിന് സാധിക്കും. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ലക്നൗവിനെതിരായ മത്സരത്തിൽ 27 പന്തുകളിൽ 66 റൺസായിരുന്നു ദുബെയുടെ സമ്പാദ്യം. ഈ ഇന്നിങ്സ് ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ചയായിട്ടുമുണ്ട്.