ഹർദിക് സൂക്ഷിച്ചോ, മുംബൈ ടീമിൽ ഒരുപാട് വെല്ലുവിളികളുണ്ട്. മുന്നറിയിപ്പ് നൽകി എബിഡി.

hardik and abd

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസൺ മാർച്ച് 22ന് കൊടിയേറുകയാണ്. ഇത്തവണയും ടീമുകളെല്ലാം ശക്തമായ താരങ്ങളെ അണിനിരത്തിയാണ് മൈതാനത്ത് എത്തുന്നത്. ഇതിൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ടീം മുംബൈ ഇന്ത്യൻസാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുംബൈയുടെ നായകനായിരുന്ന രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ട്യയെയാണ് ഇത്തവണ അവർ അവതരിപ്പിക്കുന്നത്.

അതിനാൽ തന്നെ ഹർദിക്കിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു സീസൺ കൂടിയാണ് എത്തിച്ചേരുന്നത്. ഒരുപാട് വെല്ലുവിളികൾ ഹർദിക്കിന് മുൻപിൽ നിലവിലുണ്ട്. എന്നാൽ ഹർദിക് ഈ സീസണിൽ നേരിടാൻ പോകുന്ന വലിയൊരു വെല്ലുവിളി ചൂണ്ടിക്കാട്ടിയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് രംഗത്തെത്തിയിരിക്കുന്നത്.

ഈ സീസണിൽ ഹർദിക് ഒരു ഓൾറൗണ്ടറായി തന്നെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് എന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. ഒരു ബോളർ എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹർദിക്കിന് സാധിക്കണം എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

“മുംബൈയെ സംബന്ധിച്ച് ഹർദിക്കിനെ പോലെ ഒരു താരത്തിന്റെ അഭാവം പ്രതിഫലിച്ചിരുന്നു. ഹർദിക്കിന്റെ അഭാവത്തിൽ സന്തുലിതാവസ്ഥ കയ്യടക്കാനും മുംബൈയ്ക്ക് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ഇത്തവണ ഹർദിക്ക് ബോളിംഗിൽ തിളങ്ങുകയും ഓൾറൗണ്ട് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യേണ്ടത് മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തവണ അവന്റെ ബോളിംഗ് പ്രകടനം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുത്താണ് ഹർദിക്ക് ഇപ്പോൾ തിരികെ എത്തിയിരിക്കുന്നത്.”- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.

“ഇന്ത്യക്കായി ഇതിന് മുമ്പ് ഓൾറൗണ്ട് പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് പാണ്ഡ്യ. മാത്രമല്ല ബൂമ്രയെ പോലെ നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്ന ബോളർമാരും മുംബൈയുടെ നിരയിലുണ്ട്. ഇതോടൊപ്പം യുവതാരങ്ങളെ വലിയ രീതിയിൽ ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുന്ന ടീമാണ് മുംബൈ.”

”പല സമയത്തും മുംബൈ പുതിയ താരങ്ങളെ രംഗത്ത് എത്തിക്കാറുണ്ട്. യുവതാരങ്ങൾ മുംബൈ ടീമിൽ എത്തുമ്പോൾ അവർ 10 വർഷത്തിലധികം കളിച്ചിട്ടുള്ളവരെപ്പോലെ പ്രകടനം കാഴ്ചവയ്ക്കുന്നു.”- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു.

ഇത്തവണയും വമ്പൻ താരനിരയുമായാണ് മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ എത്തുന്നത്. പ്രധാനമായും അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരങ്ങളുടെ സാന്നിധ്യമാണ് മുംബൈയെ മറ്റു ടീമുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. രോഹിത് ശർമ, കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, വദേര, ഹർദിക് തുടങ്ങിയവർ അടങ്ങുന്ന ബാറ്റിംഗ് നിരയും ബുംറ, മദ്വാൾ, മധുശങ്ക തുടങ്ങിയവർ അണിനിരക്കുന്ന ബോളിംഗ് നിരയും ടീമിന് വലിയ കരുത്ത് പകരുന്നു.

Scroll to Top