സർഫറാസ് ആവേശം കൊള്ളണ്ട. വെല്ലുവിളികൾ വരുന്നതേയുള്ളൂ. സൂചന നൽകി ദാദ.

sarfaraz khan

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനമാണ് സർഫറാസ് ഖാൻ കാഴ്ചവെച്ചത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വെടിക്കെട്ട് തീർത്ത സർഫറാസിന് ആരാധക ഹൃദയം കീഴടക്കാൻ സാധിച്ചിട്ടുണ്ട്. കരിയറിൽ വളരെ മികച്ച തുടക്കം ലഭിച്ച സർഫറാസിനെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത് എത്തുകയുണ്ടായി.

മികച്ച തുടക്കമാണ് സർഫറാസിന്റെ കരിയറിന് ലഭിച്ചതെങ്കിലും അത് അവൻ മുതലെടുക്കണം എന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്. മാത്രമല്ല ഇനി സർഫറാസ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയെപറ്റിയും ഗാംഗുലി വാചാലനാവുകയുണ്ടായി.

വിദേശ പിച്ചുകളിൽ റൺസ് കണ്ടെത്തുക എന്നതാണ് സർഫറാസിന് മുൻപിലുള്ള വലിയ വെല്ലുവിളി എന്ന് ഗാംഗുലി പറയുന്നു. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിൽ കൃത്യതയോടെ പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യൻ ടീമിൽ ഒരു ദിവസം അവസരം ലഭിക്കും എന്നുള്ളതിന്റെ വലിയൊരു ഉദാഹരണമാണ് സർഫറാസെന്നും ഗാംഗുലി കൂട്ടിച്ചേർക്കുകയുണ്ടായി.

“സർഫറാസിന് തന്റെ കരിയറിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത് ഇനി അവൻ വിദേശ രാജ്യങ്ങളിൽ കൃത്യമായി റൺസ് കണ്ടെത്തേണ്ടതുണ്ട്. വളർന്നു വരുന്ന ക്രിക്കറ്റർമാർക്ക് വലിയൊരു ഉദാഹരണം കൂടിയാണ് സർഫറാസ്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും എന്നതിനുള്ള ഉദാഹരണം കൂടിയാണ് അവൻ.”- ഗാംഗുലി പറഞ്ഞു.

Read Also -  രോഹിതും കോഹ്ലിയുമല്ല, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ബാബർ ആസം.

മാത്രമല്ല മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ ജയസ്വാളിനെയും ഗാംഗുലി പ്രശംസിക്കുകയുണ്ടായി. എല്ലാ ഫോർമാറ്റിലും വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് ജയസ്വാൾ എന്ന് ഗാംഗുലി പറഞ്ഞു. “ജയസ്വാൾ ഒരു മികച്ച താരം മാത്രമല്ല. എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ സാധിക്കുന്ന ഒരു വമ്പൻ താരം തന്നെയാണ് ജയസ്വാൾ”- ഗാംഗുലി പറയുകയുണ്ടായി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 172 റൺസായിരുന്നു ജയസ്വാളും സർഫറാസ് ഖാനും ചേർന്ന് ഇന്ത്യക്കായി കെട്ടിപ്പടുത്തത്. ഇത് ഇന്ത്യയ്ക്ക് വലിയ സഹായകരമായി മാറി.

പരമ്പരയിൽ ഇംഗ്ലണ്ട് പുലർത്തുന്ന ബാസ്ബോൾ സമീപനത്തെ പറ്റിയും ഗാംഗുലി സംസാരിച്ചിരുന്നു. “ബാസ്ബോൾ വളരെ നല്ലതാണ്. പക്ഷേ ഇന്ത്യൻ സാഹചര്യത്തിൽ ഇംഗ്ലണ്ടിന് ഈ രീതിയിൽ വിജയം കാണുക എന്നത് അല്പം പ്രയാസകരമാണ്. ഇന്ത്യയ്ക്ക് ഈ പരമ്പര നഷ്ടമായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായും നിരാശനായേനെ. മാത്രമല്ല വിരാട് കോഹ്ലി, രാഹുൽ എന്നിവരാരും ഇല്ലാതെയാണ് ഇന്ത്യ ഈ പരമ്പരയിൽ കളിക്കുന്നത് എന്നതോർക്കണം.”

“ഒരുപാട് പുതിയ താരങ്ങളുള്ള യുവനിരയാണ് ഇന്ത്യൻ ടീമിൽ അണിനിരക്കുന്നത് എന്ന് ഓർക്കണം. എന്നിട്ടും ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ പരാജയപ്പെട്ടു.”- ഗാംഗുലി പറഞ്ഞു വെക്കുന്നു.

Scroll to Top