സ്വപ്ന പന്തിൽ ബവുമയുടെ കുറ്റിയെടുത്ത് ജഡേജ.. ഉത്തരമില്ലാതെ ആഫ്രിക്കൻ നായകൻ

ഒരു സ്വപ്ന പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ബവുമയെ പുറത്താക്കി രവീന്ദ്ര ജഡേജ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയതായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ അപകടകാരിയായ ഓപ്പണർ ഡികോക്കിനെ പുറത്താക്കാൻ സിറാജിന് സാധിച്ചു. തൊട്ടു പിന്നാലെയാണ് ഒരു കിടിലൻ പന്തിൽ ജഡേജ ബവുമയെ കൂടാരം കയറ്റിയത്. ജഡേജയുടെ പന്തിന്റെ ഗതി മനസിലാക്കാൻ സാധിക്കാതെ വന്ന ബവുമ അടിയറവ് പറയുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ മേൽകൈ തന്നെയാണ് നായകൻ ബവുമയുടെ വിക്കറ്റ് നൽകിയിരിക്കുന്നത്.

മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. ഒൻപതാം ഓവറിലെ മൂന്നാം പന്ത് മിഡിൽ സ്റ്റമ്പ്‌ ലൈനിലാണ് ജഡേജ എറിഞ്ഞത്. ആംഗിൾ ചെയ്തു വന്ന പന്തിന്റെ ദിശയിൽ തന്നെ ബവുമാ ബാറ്റ് വെച്ചു. പക്ഷേ ജഡേജയുടെ പന്ത് കൃത്യമായി പിച്ചു ചെയ്തതിനുശേഷം സ്ട്രൈറ്റ് ലൈൻ പാലിക്കുകയായിരുന്നു. ഇതോടെ ബവുമയുടെ പ്രതിരോധം മറികടന്ന് പന്ത് കൃത്യമായി സ്റ്റമ്പിൽ പതിക്കുകയുണ്ടായി. ഒരു ഞെട്ടലോടെയാണ് ബവുമ മൈതാനം വിട്ടത്. മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സിൽ ഗില്ലിനെ കേശവ് മഹാരാജ് പുറത്താക്കിയതും ഇത്തരമൊരു അത്ഭുത പന്തിൽ തന്നെയായിരുന്നു. മത്സരത്തിൽ വലിയൊരു ബ്രേക്ക് ആണ് ഈ വിക്കറ്റ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. 19 പന്തുകൾ നേരിട്ട ബവുമ മത്സരത്തിൽ 11 റൺസ് ആണ് നേടിയത്.

ബവുമയുടെ വിക്കറ്റ് നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക മൽസരത്തിൽ 22ന് 2 എന്ന നിലയിൽ തകരുകയുണ്ടായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 326 എന്ന സ്കോറാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി വിരാട് കോഹ്ലി ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. 121 പന്തുകളിൽ 101 റൺസായിരുന്നു കോഹ്ലി ഇന്ത്യക്കായി നേടിയത്. ഒപ്പം 87 പന്തുകളിൽ 77 റൺസ് നേടിയ ശ്രേയസ് അയ്യരും മികവ് പുലർത്തിയപ്പോഴാണ് ഇന്ത്യ ഇത്തരമൊരു വലിയ സ്കോറിൽ എത്തിയത്. മറുപടി ബാറ്റിങ്ങിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം തന്നെ തകർച്ചയാണ് നേരിട്ടത്

മത്സരത്തിൽ വിജയം നേടി ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ബോളിങ്ങിൽ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് പേസർമാർ നൽകിയത്. ശേഷമാണ് രവീന്ദ്ര ജഡേജ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തത്. ഇതോടെ ഇന്ത്യ മത്സരത്തിൽ കൃത്യമായ ആധിപത്യം നേടിയിട്ടുണ്ട്. ടൂർണ്ണമെന്റിൽ ഏറ്റവും ശക്തരായ നിര എന്ന നിലയിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ സാധിച്ചാൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം ലഭിക്കും.