സഞ്ജു പവറിൽ ഒഡിഷയെ പരാജയപ്പെടുത്തി കേരളം. ബോളിങ്ങിൽ സക്സേനയും ശ്രേയസും..

shreyas gopal and sanju samson

സയ്യിദ് മുഷ്തഖ്‌ അലി ട്രോഫിയിലെ തങ്ങളുടെ ആറാം മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി കേരള ടീം. ആറാം മത്സരത്തിൽ ഒഡീഷ ടീമിനെയാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ നായകൻ സഞ്ജു സാംസനും ഓപ്പണർ വരുൺ നായനാരുമാണ് തിളങ്ങിയത്. ബോളിങ്ങിൽ കേരളത്തിനായി ശ്രേയസ് ഗോപാലും ജലജ് സക്സെനെയും മികവു പുലർത്തുകയായിരുന്നു. ടൂർണമെന്റിലൂടനീളം മികച്ച പ്രകടനങ്ങൾ മാത്രം പുറത്തെടുത്തിട്ടുള്ള കേരളത്തിന്റെ മറ്റൊരു അഭിമാനം വിജയം കൂടിയാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ ഒഡീഷ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി പതിഞ്ഞ താളത്തിലാണ് കേരള ടീം ആരംഭിച്ചത്. ഓപ്പണർ റോഹൻ കുന്നുമ്മലിനെ(16) കേരളത്തിന് തുടക്കത്തിലെ നഷ്ടമായി. എന്നാൽ വരുൺ നായനാർ പതിയെ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. വിഷ്ണു വിനോദിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ വരുൺ നായനാർക്ക് സാധിച്ചു. മത്സരത്തിൽ നായനാർ 38 പന്തുകളിൽ 48 റൺസാണ് നേടിയത്. വിഷ്ണു വിനോദ് 33 പന്തുകളിൽ 35 റൺസ് നേടി. എന്നാൽ അവസാന ഓവറുകളിൽ കേരളത്തിന് ശക്തമായി സ്കോറിങ് റേറ്റ് ഉയർത്തേണ്ട ആവശ്യമുണ്ടായിരുന്നു. ഈ സമയത്താണ് നായകൻ സഞ്ജു സാംസൺ അവസരത്തിനൊത്ത് ഉയർന്നത്.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

അവസാന ഓവറുകളിൽ ഒഡീഷൻ ബോളർമാരെ കൃത്യമായ രീതിയിൽ അടിച്ചകറ്റാൻ സഞ്ജുവിന് സാധിച്ചു. ടൂർണമെന്റിലെ തന്റെ രണ്ടാം അർത്ഥ സെഞ്ച്വറിയും സഞ്ജു മത്സരത്തിൽ നേടുകയുണ്ടായി. 31 പന്തുകളിൽ നിന്ന് 55 റൺസാണ് സഞ്ജു മത്സരത്തിൽ നേടിയത്. 4 ബൗണ്ടറികളും 4 സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതോടുകൂടി കേരളം 183ന് 4 എന്ന ശക്തമായ നിലയിൽ എത്തുകയായിരുന്നു. ഒഡീഷൻ ബോളിങ്‌ നിരയിൽ തരണീ സ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷയുടെ ഓപ്പണർ പ്രയാഷ് കുമാറിനെ ബേസിൽ തമ്പി തുടക്കത്തിൽ തന്നെ കൂടാരം കയറ്റി. എന്നാൽ സേനാപതി ക്രീസിലുറച്ചത് കേരളത്തിന് തലവേദനയുണ്ടാക്കി. 23 പന്തുകളിൽ 37 റൺസാണ് സേനാപതി നേടിയത്.

പക്ഷേ കൃത്യമായ സമയത്ത് ബോളിങ്ങിൽ മികവ് പുലർത്താൻ കേരളത്തിന്റെ സ്പിന്നറായ ശ്രേയസ് ഗോപാലിന് സാധിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ശ്രേയസ് കേരളത്തിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. സ്കോറിങ് റേറ്റ് ഉയർത്താൻ ശ്രമിച്ചപ്പോഴൊക്കെയും ഒഡീഷയ്ക്ക് തങ്ങളുടെ വിക്കറ്റ് നഷ്ടമായി. ഇത്തരത്തിൽ കേരളം വിജയം സ്വന്തമാക്കുകയുണ്ടായി. കേരളത്തിനായി ബോളിങ്ങിൽ ജലജ് സക്സെന 5 വിക്കറ്റുകളുമായി തിളങ്ങി. ശ്രേയസ് ഗോപാൽ 4 വിക്കറ്റുകളുമായി സക്സേനയ്ക്ക് മികച്ച പിന്തുണ നൽകി.. എന്തായാലും ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് കേരളം മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്.

Scroll to Top