സഞ്ജു അടക്കമുള്ളവർക്ക് ലോകകപ്പിൽ കളിക്കാൻ അവസരം.. ഐപിഎല്ലിൽ തിളങ്ങണമെന്ന് ബിസിസിഐ ഉപാധി..

sanju samson india

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ യുവതാരങ്ങളെ അണിനിരത്തി ഒരു മികച്ച ട്വന്റി20 ടീം നിർമ്മിക്കാനുള്ള തത്രപ്പാടിലാണ് ലോക ക്രിക്കറ്റ് രാജ്യങ്ങൾ. ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയൊരു ടൂർണമെന്റാണ് വരാനിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പരാജയമറിഞ്ഞതോടെ ഇന്ത്യക്ക് സമ്മർദ്ദം വർദ്ധിച്ചിട്ടുണ്ട്. മികച്ച ഒരു നിരയെ അണിനിരത്തി ലോകകപ്പ് സ്വന്തമാക്കുക എന്നത് മാത്രമാണ് ഇന്ത്യക്ക് മുൻപിലുള്ള ലക്ഷ്യം.

എന്നാൽ ഇതിനായി മികച്ച ഒരു സ്ക്വാഡ് കെട്ടിപ്പടുക്കുക എന്നത് സെലക്ടർമാരെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉണ്ടാക്കുന്നു. പ്രതിഭകളുടെ ധാരാളിത്തം സമീപകാലത്ത് ഇന്ത്യയെ ബാധിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മാസത്തിലെ താരങ്ങളുടെ പ്രകടനം കൂടി കണക്കിലെടുത്താവും ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീം നിർമ്മിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഐപിഎല്ലിന്റെ ആദ്യ മാസത്തിലെ താരങ്ങളുടെ ഫോമും ഫിറ്റ്നസും കണക്കിലെടുത്താവും ലോകകപ്പിനുള്ള സ്‌ക്വാഡ് ബിസിസിഐ പ്രഖ്യാപിക്കുക. ഇതിനായി 30 ഇന്ത്യൻ താരങ്ങളെ നിരീക്ഷിക്കാനാണ് ബിസിസിഐ തയ്യാറായിരിക്കുന്നത്. നിലവിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയവരെ ട്വന്റി20 ലോകകപ്പിൽ പങ്കെടുപ്പിക്കാൻ ബിസിസിഐ തയ്യാറായിട്ടുണ്ട്

എന്നാൽ ഇവർ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ കളിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിനിടെ ചീഫ് സെലക്ടർ അജിത്ത് അഗാർക്കാർ കോച്ച് രാഹുൽ ദ്രാവിഡ്, രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളോട് ഇക്കാര്യങ്ങൾ ചർച്ചചെയ്യും.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

2024 ലോകകപ്പിലെ ഇന്ത്യയുടെ തന്ത്രങ്ങളും ടീം സെലക്ഷനിലെ പ്രധാന കാര്യങ്ങളുമാവും അജിത് അഗാർക്കർ സീനിയർ താരങ്ങൾക്കൊപ്പം തീരുമാനിക്കുക. എന്നിരുന്നാലും രോഹിത് ശർമയും വിരാട് കോഹ്ലിയും കഴിഞ്ഞ വർഷങ്ങളിൽ ട്വന്റി20 മത്സരങ്ങളിൽ കളിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. 2022ലെ ലോകകപ്പിന്റെ സെമിഫൈനലിലാണ് അവസാനമായി ഇരുവരും ട്വന്റി20 മത്സരം കളിച്ചത്. അതുകൊണ്ടു തന്നെ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നതും സെലക്ടർമാർക്ക് വെല്ലുവിളിയാണ്.

“സൂര്യകുമാർ യാദവും ഹർദിക് പാണ്ട്യയും നിലവിൽ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. അതിനാൽ തന്നെ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ പരമ്പരയിൽ നിന്ന് ഒന്നുംതന്നെ പറയാൻ സാധിക്കില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മാസത്തെ സാഹചര്യങ്ങൾ കണക്കിലെടുത്താവും ഇനിയുള്ള കാര്യങ്ങൾ നിശ്ചയിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളോട്, തങ്ങളുടെ സ്റ്റാർ കളിക്കാരുടെ ജോലിഭാരം കുറയ്ക്കണം എന്ന് ബിസിസിഐ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഏതെങ്കിലും കളിക്കാർക്ക് പരിക്ക് സംഭവിച്ചാൽ മാത്രമേ ഇത്തരം നിർദ്ദേശങ്ങൾ ബിസിസിഐ ഫ്രാഞ്ചൈസികൾക്കു മുൻപിലേക്ക് വയ്ക്കൂ.”- ഒരു ബിസിസിഐ വൃത്തം പറയുന്നു.

Scroll to Top