സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് ഇനിയെങ്കിലും രാജസ്ഥാൻ മാറ്റണം. രൂക്ഷ വിമർശനവുമായി ശ്രീശാന്ത്.

sree and sanju

സഞ്ജു സാംസണെതിരെ രൂക്ഷമായ വിമർശനവുമായി മറ്റൊരു മലയാളി താരമായ ശ്രീശാന്ത് രംഗത്ത്. രാജസ്ഥാൻ റോയൽസ് വരുന്ന ഐപിഎല്ലിൽ സഞ്ജു സാംസന് പകരം മറ്റൊരു നായകനെ കണ്ടെത്തണം എന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ സ്ഥിരതയോടെ ബാറ്റ് ചെയ്യാൻ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല എന്ന് ശ്രീശാന്ത് പറയുന്നു.

ഈ സാഹചര്യത്തിൽ ജോസ് ബട്ലറെ പോലെ ഒരു നായകനെ കണ്ടെത്താൻ രാജസ്ഥാൻ ശ്രമിക്കണം എന്നാണ് ശ്രീശാന്തിന്റെ ഉപദേശം. സഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് ടീം 2022ൽ ഐപിഎല്ലിന്റെ റണ്ണറപ്പായത്. ഫൈനലിൽ ഗുജറാത്തിനോടാണ് സഞ്ജുവിന്റെ ടീം പരാജയമറിഞ്ഞത്. 2023 സീസണിൽ അഞ്ചാം സ്ഥാനത്ത് രാജസ്ഥാൻ ഫിനിഷ് ചെയ്തിരുന്നു. ശേഷമാണ് ശ്രീശാന്തിന്റെ ഈ അഭിപ്രായ പ്രകടനം.

രാജസ്ഥാന് പണ്ട് ഉണ്ടായിരുന്ന സിസ്റ്റം ഇപ്പോളില്ല എന്നാണ് ശ്രീശാന്ത് പറയുന്നത്. “എന്നെ സംബന്ധിച്ച് രാജസ്ഥാൻ റോയൽസ് തങ്ങളുടെ സിസ്റ്റം പൂർണമായും മാറ്റേണ്ട സമയം എത്തിയിരിക്കുന്നു. ഞാൻ രാജസ്ഥാൻ റോയൽസ് ടീമിനായി കളിക്കുന്ന സമയത്ത് അവർക്ക് പൂർണമായ ഒരു മാനേജ്മെന്റ് ഉണ്ടായിരുന്നു. അന്ന് രാഹുൽ ഭായ് ആയിരുന്നു ഞങ്ങളുടെ നായകൻ. അദ്ദേഹത്തിന് കൃത്യമായ തന്ത്രങ്ങളും വീക്ഷണവും ഉണ്ടായിരുന്നു. ഞാൻ ഒരുപാട് ക്യാപ്റ്റൻമാരുടെ കീഴിൽ കളിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച നായകന്മാരിൽ ഒരാൾ തന്നെയാണ് ദ്രാവിഡ്.”- ശ്രീശാന്ത് പറഞ്ഞു.

Read Also -  റിസ്‌വാനെ ധോണിയുമായി താരതമ്യം ചെയ്ത് പാക് ജേർണലിസ്റ്റ്. ഹർഭജന്റെ ചുട്ട മറുപടി.

“ക്യാപ്റ്റൻ എന്ന നിലയ്ക്ക് സഞ്ജു സാംസൺ കാര്യങ്ങൾ കുറച്ചുകൂടി സീരിയസ് ആയി എടുക്കാൻ ശ്രമിക്കണം. അല്ലാത്ത പക്ഷം ബട്ലറിനെ നായകനാക്കി മാറ്റണം. ബട്ലർ ഒരു ലോകകപ്പ് എങ്കിലും നേടിയിട്ടുള്ള താരമാണ്. അദ്ദേഹത്തിന് തീർച്ചയായും രാജസ്ഥാനായി നല്ലത് ചെയ്യാൻ സാധിക്കും. അതോടൊപ്പം തന്നെ സ്ഥിരത പുലർത്തുന്ന ഒരു താരത്തെയും രാജസ്ഥാന് ആവശ്യമാണ്. ഐപിഎൽ ടീമുകൾക്ക് ആവശ്യം രോഹിത് ശർമയെ പോലെ ഒരു നായകനെയാണ്. കൃത്യത പുലർത്തുകയും ചെയ്യണം, അതേസമയം മത്സരങ്ങളിൽ ടീമിനെ സ്ഥിരമായി വിജയിപ്പിക്കുകയും ചെയ്യണം.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

“ഒരു നായകൻ തന്റെ ടീമിനെ മത്സരങ്ങളിൽ വിജയിപ്പിക്കാൻ സാധിക്കുന്ന താരമായിരിക്കണം. എല്ലാ മത്സരങ്ങളും ഇല്ലെങ്കിലും, 3-4 മത്സരങ്ങളിലെങ്കിലും ടീമിനെ മുന്നിൽ നിന്നു നയിക്കണം. ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. ഒരുപാട് മത്സരങ്ങൾ ഐപിഎല്ലിലുണ്ട്. അതിനാൽ തന്നെ എന്നെങ്കിലുമൊരിക്കൽ മികവ് പുലർത്തുന്ന താരങ്ങളെയും, എന്നെങ്കിലും റൺസ് കണ്ടെത്തുന്ന താരങ്ങളെയും നായകനാക്കി മാറ്റിയിട്ട് കാര്യമില്ല.”- ശ്രീശാന്ത് പറഞ്ഞു വയ്ക്കുന്നു. നിലവിൽ ഇന്ത്യയോട് ദക്ഷിണാഫ്രിക്ക എതിരായ ഏകദിന പരമ്പരയിലെ അംഗമാണ് സഞ്ജു സാംസൺ..

Scroll to Top