സഞ്ചു സാംസണ്‍ എന്റെ സഹോദരൻ, മൈതാനത്തിന് പുറത്തും ആത്മബന്ധം. അസാമാന്യ ക്രിക്കറ്ററെന്ന് രവിചന്ദ്ര അശ്വിൻ.

കഴിഞ്ഞ ഐപിഎൽ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരങ്ങളായി സഞ്ജു സാംസണും സ്പിന്നർ രവിചന്ദ്രൻ അശ്വിനും മാറിയിരുന്നു. കളിക്കളത്തിലും കളിക്കളത്തിന് പുറത്തും കൃത്യമായി ആത്മബന്ധം സ്ഥാപിക്കാൻ സാധിച്ചിട്ടുള്ള രണ്ടു താരങ്ങളാണ് അശ്വിനും സഞ്ജുവും. സഞ്ജുവുമായുള്ള തന്റെ സഹോദരതുല്യമായ ബന്ധത്തെപ്പറ്റി രവിചന്ദ്രൻ അശ്വിൻ വാചാലനാവുകയുണ്ടായി.

സഞ്ജു അധികം സംസാരിക്കാത്ത വ്യക്തിയാണ് എന്ന തെറ്റിദ്ധാരണ പരക്കെയുണ്ട് എന്ന് അശ്വിൻ പറയുന്നു. എന്നാൽ അടുത്തറിയാവുന്നവർക്ക് സഞ്ജുവിന്റെ നല്ല വശങ്ങൾ നന്നായി മനസ്സിലാവുമെന്നും അശ്വിൻ പറയുന്നു.

മൈതാനത്തിന് പുറത്ത് തനിക്ക് സഞ്ജു സാംസണുമായുള്ള ബന്ധത്തെ പറ്റിയാണ് അശ്വിൻ പറഞ്ഞത്. “മൈതാനത്തിനുള്ളിൽ എങ്ങനെയാണ് എന്നുള്ളതല്ല മൈതാനത്തിന് പുറത്ത് സഞ്ജു സാംസൺ ഒരുപാട് തമാശകൾ പറയുന്ന വ്യക്തിയാണ്. മലയാളവും തമിഴും ഹിന്ദിയും അവൻ നന്നായി സംസാരിക്കും. ഞാൻ ഒരു തമിഴ് സിനിമ പ്രേമിയാണ്. എന്നെപ്പോലെ തന്നെ സിനിമ പ്രേമിയാണ് സഞ്ജു സാംസനും. അതിനാൽ തന്നെ ഞങ്ങൾ പറയുന്ന പല തമാശകൾക്കിടയിലും തമിഴ് ഡയലോഗുകൾ ഉണ്ടാവാറുണ്ട്. അത് മറ്റു പല താരങ്ങൾക്കും മനസ്സിലാവാറുമില്ല.”- അശ്വിൻ പറയുന്നു.

“സഞ്ജു മിതമായി മാത്രം സംസാരിക്കുന്ന വ്യക്തിയാണ് എന്ന തെറ്റിദ്ധാരണ എല്ലാവർക്കുമുണ്ട്. മൈതാനത്ത് ഞാനും സഞ്ജുവും പ്രൊഫഷണൽ താരങ്ങളായി തന്നെയാണ് പെരുമാറാറുള്ളത്. നിലവിൽ എന്റെ പരിചയസമ്പത്ത് വെച്ച് മത്സര സാഹചര്യത്തിന് അനുസൃതമായ രീതിയിൽ ഞാൻ സഞ്ജു സാംസനെ പലപ്പോഴും ഉപദേശിക്കാറുണ്ട്.”

”ഒരു നായകനെന്ന നിലയിൽ അവന് എന്താണോ ആവശ്യം അക്കാര്യങ്ങൾ അവൻ കണക്കിലെടുക്കാറുണ്ട്. എന്താണ് എന്നിൽ നിന്ന് അവൻ പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമായി എന്നോട് പറയാറുണ്ട്. ഒരു യുവ നായകൻ എന്ന നിലയിൽ സഞ്ജു ഒരു അസാമാന്യ കളിക്കാരൻ തന്നെയാണ്.”- അശ്വിൻ കൂട്ടിച്ചേർത്തു.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 22നാണ് ആരംഭിക്കുന്നത്. മാർച്ച് 24നാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയന്റ്സ് ടീമാണ് രാജസ്ഥാന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ.

ഇതിന് ശേഷം മാർച്ച് 28ന് ഡൽഹി ക്യാപിറ്റൽസിനേയും, ഏപ്രിൽ ഒന്നിന് മുംബൈ ഇന്ത്യൻസിനെയും, ഏപ്രിൽ ആറിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാജസ്ഥാൻ റോയൽസ് നേരിടും. സഞ്ജുവിനെ സംബന്ധിച്ചും അശ്വിനെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു സീസൺ തന്നെയാണ് വരാനിരിക്കുന്നത്.